യുകെയിൽ നിലവിലുള്ള കലുഷിതവും അനിശ്ചിതത്വം നിറഞ്ഞതുമായ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നാൽ ലേബർ നേതാവ് ജെറമി കോർബിൻ പ്രധാനമന്ത്രിയാകുമെന്ന് ഏറ്റവും പുതിയ പോൾ ഫലം പ്രവചിക്കുന്നു. അതായത് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടി ടോറികൾ വലിയ പാർട്ടിയായി നിലകൊള്ളുമെങ്കിലും സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി (എസ്എൻപി)യുടെ പിന്തുണയോടെ കോർബിൻ പ്രധാനമന്ത്രിയാകുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇലക്ടോറൽ കാൽകുലസ് വെബ്സൈറ്റിന് വേണ്ടിയുള്ള ഏറ്റവും പുതിയ അഭിപ്രായ സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.

ഇത് പ്രകാരം ടോറികൾക്ക് 286 എംപിമാരെ ലഭിച്ച് പാർലിമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാൻ സാധിക്കും. എന്നാൽ 283 സീറ്റുകൾ നേടുന്ന ലേബർ പാർട്ടി എസ്എൻപിയുടെ 43 എംപിമാരുടെ പിന്തുണയോടെ ഗവൺമെന്റ് രൂപീകരിക്കുമെന്നാണ് സർവേയിലൂടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നിലവിലുള്ള രാഷ്ട്രീയ അവസ്ഥയുടെ ഒരു ഏകദേശ ചിത്രമാണ് ഈ പോളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. അതായത് ബ്രെക്സിറ്റ് അനിശ്ചിതത്വത്തെ തുടർന്ന് ടോറികൾ പൊതുതെരഞ്ഞെടുപ്പ് നടത്താൻ നിർബന്ധിക്കപ്പെട്ടാൽ അവരുടെ സ്ഥിതി ഇപ്പോഴത്തേതിനേക്കാൾ വഷളാകുമെന്ന് ചുരുക്കം.

ഡിസംബർ 11ന് തന്റെ ബ്രെക്സിറ്റ് ഡീൽ പ്രധാനമന്ത്രി തെരേസ മെയ്‌ കോമൺസിന്റെ അംഗീകാരത്തിനായി വോട്ടിനിടാൻ പോവുകയാണ്. ടോറികളിലെ നിരവധി വിമത എംപിമാരും ലേബറും ഡിയുപിയും ലിബറൽ ഡെമോക്രാറ്റുകളും ഈ ഡീലിനെ വോട്ട് ചെയ്ത് തോൽപ്പിക്കുമെന്ന ഭീഷണി ശക്തമാക്കിയിട്ടുള്ളതിനാൽ ഡീൽ പരാജയപ്പെടാൻ സാധ്യതയേറെയാണ്. അങ്ങനെ സംഭവിച്ചാൽ പൊതുതെരഞ്ഞെടുപ്പ് നടത്താൻ തെരേസക്ക് മേൽ സമ്മർദം ചെലുത്തുമെന്ന് ലേബർ കഴിഞ്ഞ ദിവസം മുന്നറിയിപ്പേകിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തെരേസ പൊതുതെരഞ്ഞെടുപ്പിനിറങ്ങിയാൽ നേരിടേണ്ടി വരുന്ന ദയനീയമായ അവസ്ഥയാണ് പുതിയ പോൾ ഫലത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

13,000 വോട്ടർമാരെ ഉൾപ്പെടുത്തിയായിരുന്നു ഇലക്ടോറൽ കാൽകുലസ് ഏറ്റവും പുതിയ സർവേ നടത്തിയിരുന്നത്. അടുത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തിയാൽ പല പ്രമുഖ ടോറി എംപിമാരുടെയും സീറ്റ് തെറിക്കുമെന്നാണ് പ്രവചനം. ഉദാഹരണമായി പെൻഷൻ സെക്രട്ടരി ആംബർ റുഡിന്റെ ഹാസ്റ്റിങ് ആൻഡ് റൈയെ മണ്ഡലം ടോറികളെ കൈവിടും. അതു പോലെ തന്നെ ബ്രെക്സിറ്ററായ സാക് ഗോൾഡ് സ്മിത്ത് റിച്ച് മണ്ട് പാർക്കിൽ നിന്നും പരാജയപ്പെടുമെന്നും പ്രവചനമുണ്ട്.

ബ്രെക്സിറ്റ് ഡീൽ കോമൺസിൽ പരാജയപ്പെട്ടാൽ തെരേസക്ക് മേൽ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്ന മുന്നറിയിപ്പുമായി ശനിയാഴ്ച ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി സർ കെയിർ സ്ടാർമർ രംഗത്തെത്തുകയും ചെയ്തിരുന്നു.ഈ അവിശ്വാസ പ്രമേയത്തിലൂടെ തെരേസ സർക്കാർ വീണാൽ പിന്നീട് പൊതുതെരഞ്ഞെടുപ്പിനെ നേരിടുക മാത്രമേ ടോറികൾക്ക് മുമ്പിൽ ഏക വഴിയുള്ളൂ.