ളരെ പ്രശസ്തിയുള്ള ഒരു വ്യക്തി നാം കയറിയ വിമാനത്തിൽ നമ്മുടെ തൊട്ടടുത്തിരുന്നാൽ ആരാണ് ഞെട്ടിപ്പോവാത്തത്. അത്തരമൊരു അനുഭവമുണ്ടായിരിക്കുകയാണ് അർജന്റീനക്കാരനായ അഗസ്റ്റിൻ അഗുറോ എന്ന 28കാരന്. കൊളോണിൽ നിന്നും ബ്യൂണെസ് അയേഴ്സിലേക്കുള്ള യാത്രക്കിടെ ജർമൻ ചാൻസലർ സാക്ഷാൽ ഏയ്ജെല മെർകലാണ് ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്തിരിക്കുന്നത്.

തന്റെ ഒഫീഷ്യൽ ജെറ്റ് തകരാറിലായതിനെ തുടർന്നാണ് ഇബെറിയ 6949 ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ഏയ്ജെല തയ്യാറായിരിക്കുന്നത്. ജർമനിയിലെ ശക്തയായ ഭരണാധികാരിയെ ഈ കമേഴ്സ്യൽ ഫ്ലൈറ്റിൽ കണ്ട യാത്രക്കാരെല്ലാം അവിശ്വസനീയതയോടെ അവരെ ഉറ്റു നോക്കുന്നതും കാണാമായിരുന്നു.

തന്റെ തൊട്ടടുത്ത സീറ്റിൽ ഏയ്ജെല വന്നിരുന്നത് കണ്ട് അഗുറോ ശരിക്കും ഞെട്ടിയിരുന്നു. എന്നാൽ വളരെ സ്വാഭാവികമായി അഗുറോയോട് പുഞ്ചിരിച്ച് ഏയ്ജെല തൊട്ടടുത്ത സീറ്റിൽ ഒന്നും സംഭവിക്കാത്തത് പോലെ ഇരിക്കുകയും ചെയ്തു. ടേയ്ക്ക് ഓഫിന് പത്ത് മിനുറ്റ് മുമ്പായിരുന്നു ഏയ്ജെല വിമാനത്തിലെത്തിയിരുന്നത്. ഇവർക്കൊപ്പം വൈസ് ചാൻസലർ ഓലാഫ് സ്‌കോൽസും മറ്റ് എയ്ഡുകളും ബോഡി ഗാർഡുകളും വിമാനത്തിൽ കയറിയിരുന്നു. 13 മണിക്കൂർ ഒരുമിച്ച് യാത്ര ചെയ്തിട്ടും അഗുറോയ്ക്ക് ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീയോട് സംസാരിക്കാൻ ധൈര്യമില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഏയ്ജെലയും സംഘവും എത്തിയതോടെ ബിസിനസ് ക്ലാസ് ഏതാണ്ട് യാത്രക്കാരെ കൊണ്ട് നിറഞ്ഞിരുന്നുവെന്നാണ് മറ്റ് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നത്. അർജന്റീനയിൽ വച്ച് നടക്കുന്ന ജി20 നേതാക്കന്മാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള യാത്രക്കാണ് ഏയ്ജെല ഈ വിമാനത്തിൽ കയറിയത്. തന്റെ ഔദ്യോഗിക വിമാനം സാങ്കേതിക തകരാറ് മൂലം വ്യാഴാഴ്ച കൊളോഗ്‌നെയിൽ ലാൻഡ് ചെയ്യേണ്ടി വന്നതിനെ തുടർന്നാണ് ഏയ്ജെല ഇബെറിയ 6949 ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ നിർബന്ധിതയായത്.

ഏയ്ജെല വളരെ റിലാക്സ് മൂഡിലാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്നതെന്ന് അഗുറോ വെളിപ്പെടുത്തുന്നു. മറ്റേതൊരു യാത്രക്കാരെയും പോലെയാണ് അവർ പെരുമാറിയതെന്നും അഗുറോ ഓർക്കുന്നു. വിമാനത്തിൽ വച്ച് ചാൻസലർ യോഗർട്ട് കഴിച്ചിരുന്നുവെന്നും വായിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.ലാൻഡിംഗിന് ഒരു മണിക്കൂർ മുമ്പ് കോക്ക് പിറ്റിലെത്തുകയും വിമാനജീവനക്കാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു.