യാതൊരു വിധത്തിലുമുള്ള വ്യപാരക്കരാറുമില്ലാതെ യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് പോകുന്നതിനുള്ള സാധ്യത മുമ്പത്തേതിനേക്കാൾ ശക്തമായിരിക്കുകയാണല്ലോ. എന്നാൽ ഇത്തരത്തിലുള്ള നോ-ഡീൽ ബ്രെക്സിറ്റ് ബ്രിട്ടൻ തകർന്നടിയുമെന്ന കടുത്ത മുന്നറിയിപ്പുമായി ചാൻസലർ ഫിലിപ്പ് ഹാമണ്ട് രംഗത്തെത്തി. നോ ഡീൽ ബ്രെക്സിറ്റിന് നൽകേണ്ടി വരുന്ന വില ബ്രിട്ടന് താങ്ങാൻ സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നാണ് തെരേസയുടെ ബ്രെക്സിറ്റ് ഡീലുമായി ബന്ധപ്പെട്ട ചർച്ചകലുടെ അവസാനത്തിൽ ചാൻസലർ മുന്നറിയിപ്പേകിയിരിക്കുന്നത്. നോ-ഡീൽ ഉണ്ടാകുന്നതിനെ തുടർന്ന് ബ്രിട്ടന് പുറത്ത് സെറ്റിൽ ആയിരിക്കുന്ന അനേകായിരം വൃദ്ധജനങ്ങൾ മടങ്ങി എത്തുന്നതിനെ തുടർന്ന് സംജാതമാകുന്ന പ്രതിസന്ധി മറികടക്കാൻ എന്ത് ചെയ്യണമെന്ന ചോദ്യവും ഈ അവസരത്തിൽ ശക്തമാകുന്നുണ്ട്.

സമാനമായ മുന്നറിയിപ്പുമായി ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാർക്കും ഇന്നലെ രംഗത്തെത്തിയിരുന്നു.ഇത്തരമൊരു സാഹചര്യത്തിൽ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയുടെ നിർണായക ഭാഗത്തെ നശിപ്പിക്കുമെന്നാണ് ക്ലാർക്ക് മുന്നറിയിപ്പേകുന്നത്. കോമൺസിൽ ഡിസംബർ 11ന് നടക്കുന്ന വോട്ടെടുപ്പിൽ തന്റെ ബ്രെക്സിറ്റ് ഡീൽ പരാജയപ്പെട്ടാൽ നോ ഡീൽ ബ്രെക്സിറ്റിനായി തെരേസ മെയ്‌ ശ്രമിക്കുമെന്നും അത്തരമൊരു സാഹചര്യത്തിൽ നിരവധി മിനിസ്റ്റർമാർ കാബിനറ്റിൽ നിന്നും രാജി വയ്ക്കാൻ തയ്യാറായിരിക്കുന്നുവെന്ന റിപ്പോർട്ടും അതിനിടെ പുറത്ത് വന്നിട്ടുണ്ട്. നോ ഡീൽ ബ്രെക്സിറ്റ് ഒരിക്കലും സ്വീകാര്യമായ വഴിയല്ലെന്നാണ് ഒരു കാബിനറ്റ് ഉറവിടം പ്രതികരിച്ചിരിക്കുന്നത്.

തന്റെ ബ്രെക്സിറ്റ് ഡീലിനെ എങ്ങനെയെങ്കിലും കോമൺസിൽ പാസാക്കിയെടുക്കുന്നതിനായി പ്രധാനമന്ത്രി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പുകൾ പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ബ്രെക്സിറ്റ് ഡീലിനെ പരാജയപ്പെടുത്തിയാൽ നോ ഡീൽ ബ്രെക്സിറ്റ് ആയിരിക്കുമെന്നും അല്ലെങ്കിൽ ബ്രെക്സിറ്റ് തന്നെ ഇല്ലാതായേക്കുമെന്നുമാണ് ഇന്നലെ രാവിലെ തെരേസ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. ടോറി വിമത എംപിമാരും ലേബറും ലിബറൽ ഡെമോക്രാറ്റുകളും ഡിയുപിയും ഈ ഡീലിനെതിരെ രംഗത്തെത്തിയതോടെ ഇത് കോമൺസിൽ പരാജയപ്പെടുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുമുണ്ട്.

ഇത്തരമൊരു സാഹചര്യത്തിൽ ഡീലൊന്നുമില്ലാതെ തെരേസ യൂണിയൻ വിട്ട് പോകാൻ തീരുമാനിച്ചാൽ അതിനെതിരെ കലാപം നടത്തുന്ന മന്ത്രിമാരിൽ ഗ്രെഗ് ക്ലാർക്ക് അടക്കമുള്ളവർ ഉണ്ടാകുമെന്നാണ് സൂചന. നോ-ഡീൽ ബ്രെക്സിറ്റിന്റെ പ്രത്യാഘാതങ്ങൾ വ്യാപകമായിരിക്കുമെന്നും മുന്നറിയിപ്പുകളുമായി ബ്രെക്സിറ്റ് ഡിപ്പാർട്ട്മെന്റ് മുന്നോട്ട് വന്നിട്ടുണ്ട്. ഡീലൊന്നുമില്ലാതെ യുകെ യൂണിയൻ വിട്ട് പോവുകയാണെങ്കിൽ വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് ബ്രിട്ടീഷ് പെൻഷനർമാർ സ്വദേശത്തേക്ക് മടങ്ങി വരാൻ നിർബന്ധിതരാവുമെന്നും അത്തരമൊരു സാഹചര്യത്തിൽ എന്ത് ചെയ്യുമെന്നുമുള്ള ചോദ്യം ശക്തമാകുന്നുണ്ട്.

നിലവിൽ വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലധികം യുകെ പെൻഷനർമാരാണ് വസിക്കുന്നത്. നോ ഡീൽ ഉണ്ടായാൽ അവർ അവിടം വി്ട്ട് യുകെയിലേക്ക് വരേണ്ടി വരുമെന്നും ഇത് ഇവിടുത്തെ ഹോസ്പിറ്റലുകൾക്കും ജിപി പ്രാക്ടീസുകൾക്കും ഹൗസിങ് രംഗത്തും സമ്മർദം വർധിക്കിപ്പുമെന്നും ഗവൺമെന്റ് ഒഫീഷ്യലുകൾ ഇന്നലെ മുന്നറിയിപ്പേകിയിട്ടുണ്ട്. യുകെ ഡീലൊന്നുമില്ലാതെ യൂണിയൻ വിട്ട് പോയാൽ യൂണിയൻ രാജ്യങ്ങളിൽ കഴിയുന്ന ബ്രിട്ടീഷുകാരുടെ കാര്യത്തിൽ തികഞ്ഞ അനിശ്ചിതത്വം ഉണ്ടാകുമെന്നാണ് ബ്രെക്സിറ്റ് ഡിപ്പാർട്ട്മെന്റ് സമ്മതിക്കുന്നത്.

നിലവിൽ എട്ട് ലക്ഷത്തിനടുത്ത് ബ്രിട്ടീഷുകാർ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കഴിയുന്നുവെന്നും ഇവരിൽ കാൽഭാഗത്തോളം അതായത് 207,300 പേർ 65 വയസിന് മേൽ പ്രായമുള്ളവരാണെന്നും ബ്രെക്സിറ്റ് ഡിപ്പാർട്ട്മെന്റ് എടുത്ത് കാട്ടുന്നു.