ലണ്ടൻ: ബിർമിങ്ഹാമിലെ ആഡംബരവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ വംശജയായ പെൺകുട്ടിയുടെ മരണകാരണം മയക്കുമരുന്ന് കഴിച്ചുണ്ടായ ഹൃദയാഘാതമെന്ന് റിപ്പോർട്ട്. മയക്കുമരുന്നിന് അടിമയായിരുന്ന പൂർവി ഗിരി ബോയ്ഫ്രണ്ടുമായി ലൈംഗിക ബന്ധം നടത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന പത്തൊമ്പതുകാരനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ പിന്നീട് വിട്ടയച്ചു.

ഇന്ത്യൻ വംശജരായ ഡോക്ടർ ദമ്പതികളുടെ മകളാണ് പതിനേഴുകാരിയായ പൂർവി ഗിരി. ബിർമിങ്ഹാം കിങ് എഡ്വേർഡ് ഢക സ്‌കൂളിൽ നിന്ന് ജിസിഎസ്ഇ പരീക്ഷയിൽ പത്ത് എ സ്റ്റാർ നേടി ഏവരേയും അമ്പരപ്പിക്കുകയും ചെയ്തിരുന്നു മയക്കുമരുന്നിന് അടിമയായ ഈ പെൺകുട്ടി. യൂണിവേഴ്‌സിറ്റിയിൽ ചേരാനിരിക്കേയാണ് പൂർവി സ്വന്തം വീട്ടിൽ കുഴഞ്ഞുവീണ് മരിക്കുന്നത്. സമ്മർ ഹോളിഡേ ആയിരുന്ന സമയത്താണ് പത്തൊമ്പതുകാരനായ ബോയ്ഫ്രണ്ടിനേയും കൂട്ടി പൂർവി ബിർമിങ്ഹാമിലെ വീട്ടിലെത്തുന്നത്.

മയക്കുമരുന്നു കഴിച്ച് ബോയ്ഫ്രണ്ടുമായി ലൈംഗിക ബന്ധം നടത്തിയ ശേഷം പൂർവി കുഴഞ്ഞുവീഴുകയായിരുന്നു. ബോധം നഷ്ടപ്പെട്ട പൂർവിയെ എമർജൻസി വിഭാഗം എത്തി ഗുഡ് ഹോപ്പ് ആശുപത്രിയിൽ എത്തിച്ചു. അവിടെ പൂർവിയുടെ അച്ഛൻ ഡോ.സിതാറാം ഗിരി ഹിപ്പ് ആൻഡ് നീ സർജൻ ആണ്. രണ്ടാഴ്ചയോളം അബോധാവസ്ഥയിൽ കഴിഞ്ഞ പൂർവി ഓഗസ്റ്റ് 22ന് മരിക്കുകയായിരുന്നു. പൂർവിയുടെ രക്തത്തിലും മൂത്രത്തിലും കൊക്കെയ്‌ന്റെ അംശം കണ്ടെത്തിയതായി ഡോക്ടർമാർ വെളിപ്പെടുത്തി. കൊക്കെയ്ൻ അമിത അളവിൽ ശരീരത്ത് ചെന്നതിന്റെ തുടർന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.

പാരാമെഡിക്‌സ് എത്തിയപ്പോൾ അമിത രക്തസ്രാവ പൂർവിയിൽ കണ്ടിരുന്നു. രക്തസ്രാവം തടയുന്നതിന് ഒരു മണിക്കൂർ പാരാമെഡിക്‌സ് ശ്രമിച്ചതിനു ശേഷമാണ് പൂർവിയെ ആശുപത്രിയിലാക്കുന്നത്. പിന്നീട് രണ്ടാഴ്ചത്തെ ചികിത്സയ്ക്കു ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. പൂർവിക്കൊപ്പം കണ്ടെത്തിയ പത്തൊമ്പതുകാരനെ അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് നടപടികളൊന്നും സ്വീകരിക്കാതെ വിടുകയായിരുന്നു.

നേരത്തെ തന്നെ മയക്കുമരുന്നിന് അടിമയായിരുന്ന പൂർവി ഇൻസ്റ്റഗ്രാമിൽ പൊക്കെയ്ൻ എന്ന പേരിൽ പലപ്പോഴും പ്രകോപനപരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്നിന് അടിമയായിരുന്നിട്ടും പഠനത്തിൽ മികച്ചു നിന്ന പൂർവിയെ അക്കാരണം ഒന്നുകൊണ്ടു മാത്രമാണ് സ്‌കൂളിൽ നിന്നു പറഞ്ഞുവിടാതിരുന്നതെന്ന് സുഹൃത്തുക്കൾ ഓർമിക്കുന്നു. മദ്യപിച്ചും ലഹരി കഴിച്ചും സ്‌കൂളിൽ എത്താറുണ്ടായിരുന്നെന്നും പറയപ്പെടുന്നു.

ഈ പ്രായത്തിലുള്ള കുട്ടികളിൽ കാണുന്നതിനെക്കാൾ അപകടകരമായ തോതിലാണ് പൂർവിയുടെ ശരീരത്തിൽ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയതെന്ന് ബിർമിങ്ഹാം കൊറോണേഴ്‌സ് കോർട്ട് ജഡ്ജി വെളിപ്പെടുത്തി. പൂർവിക്കുണ്ടായ ആന്തരിക രക്തസ്രാവവും അപകടകരമായിരുന്നുവെന്നും ഇതും മരണകാരണമായിരുന്നുവെന്നും കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. പൂർവിയുടെ അമ്മ ഡോ. വിഭാ ഗിരി ഗൈനക്കോളജിസ്റ്റ് ആണ്.