ബ്രിട്ടനിൽ ജിഹാദി ഭീകകരർ കടുത്ത രാസായുധ പ്രയോഗം നടത്തുന്നതിനുള്ള സാധ്യത ഇതിന് മുമ്പില്ലാത്ത വിധത്തിൽ ശക്തമായിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി ടെറർ ചീഫുമാർ രംഗത്തെത്തി. ഇതിന്റെ ഭാഗമായി ലണ്ടൻ ട്യൂബ് ട്രെയിനുകൾ അടക്കം വിവിധ ഇടങ്ങളിലായിരിക്കും രാസായുധ പ്രയോഗം നടത്തുന്നതെന്നും പ്രവചനമുണ്ട്. അനേകരെ നിമിഷനേരം കൊണ്ട് കൊന്നൊടുക്കാവുന്ന ക്ലോറിൻ ബോംബ് അണ്ടർ ഗ്രൗണ്ട് ട്രെയിനുകളിൽ ആക്രമണത്തിന് വിനിയോഗിക്കുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. ഇപ്പോൾ തന്നെ അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളാലും കൊലപാതകങ്ങളാലും വീർപ്പ് മുട്ടിക്കൊണ്ടിരിക്കുന്ന ലണ്ടൻ പുതിയ മുന്നറിയിപ്പ് പുറത്ത് വന്നതോടെ കൂടുതൽ ഭീതിയിലായിരിക്കുകയാണ്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലെ മുതിർന്ന ഭീകരർ തമ്മിലുള്ള ചാറ്റ് ചോർത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ആക്രമണങ്ങൾ നടത്താൻ അവർ ഒരുങ്ങുന്നുവെന്ന് ടെറർ ചീഫുമാർ നിർണായകമായ മുന്നറിയിപ്പുയർത്തിയിരിക്കുന്നത്. മുൻ കെജിബി ഏജന്റ് സെർജി സ്‌ക്രിപാലിനെയും മകൾ യൂലിയയെയും സാലിസ്‌ബറിയിൽ വച്ച് കഴിഞ്ഞ റഷ്യൻ ഏജന്റുമാർ മാർച്ചിൽ വിഷബാധയേൽപ്പിച്ച സംഭവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഇത്തരം രാസായുധ പ്രയോഗങ്ങൾ ലണ്ടൻ അടക്കമുള്ള ഇടങ്ങളിൽ നടത്താൻ ഐസിസുകാർ പദ്ധതിയിടുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.

സാലിസ്‌ബറിയിൽ വച്ച് നടന്ന ഈ നോവിചോക്ക് ആക്രമണം നടക്കുന്നതിന് മുമ്പ് തന്നെ ജിഹാദികൾ ഇത്തരം രാസായുധ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഗവൺമെന്റിന്റെ ജോയിന്റ് ടെററിസം അനലൈസിസ് സെന്റർ ഉയർത്തിയിരുന്നു. ഇപ്പോൾ അതിനുള്ള സാധ്യത അന്നത്തേക്കാൾ പെരുകിയിരിക്കുന്നുവെന്നാണ് ടെറർ ചീഫുമാരുടെ പുതിയ മുന്നറിയിപ്പ്. അതായത് സാലിസ് ബറി ആക്രമണത്തിന് മുമ്പ് ജിഹാദികൾ രാസായുധ പ്രയോഗം ബ്രിട്ടനിൽ നടത്താനുള്ള സാധ്യത വെറും 25 ശതമാനമായിരുന്നുവെങ്കിൽ ഇന്നത് 50 ശതമാനമായി ഉയർന്നിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഇത്തരം ആക്രമണങ്ങൾ ഉണ്ടായാൽ അതിനെ എത്തരത്തിൽ നേരിടണമെന്നതിനെക്കുറിച്ച് ആലോചിക്കാൻ എമർജൻസി സർവീസ് തലവന്മാർ രണ്ടാഴ്ച മുമ്പ് യോഗം ചേർന്നിരുന്നു. മെറ്റ് പൊലീസിലെ എമർജൻസി പ്രിപ്പയർഡ്നെസ് ഓപ്പറേഷണൽ കമാൻഡ് യൂണിറ്റ്, ലണ്ടൻ മേയറുടെ ഓഫീസിൽ നിന്നുള്ള ഒഫീഷ്യലുകൾ, തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള ഓഫീസർമാരടക്കമുള്ളവയാരുന്നു ആ നിർണാകമായ യോഗത്തിൽ പങ്കെടുത്തിരുന്നത്. ഓക്സ്ഫോർഡ് സ്്ട്രീറ്റ് , വാട്ടർലൂ അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളിൽ ജിഹാദികൾ ഒരേ സമയം ക്ലോറിൻ ബോംബുകൾ കൊണ്ടുള്ള ആക്രമണം നടത്താൻ സാധ്യതയേറെയാണെന്ന മുന്നറിയിപ്പാണ് പുറത്ത് വന്നിരിക്കുന്നത്.

ക്ലോറിൻ ബോംബുകൾ പൊട്ടുമ്പോൾ അതിൽ നിന്നുയരുന്ന ബാഷ്പം മനുഷ്യരുടെ കണ്ണിലെയും ശ്വാസകോശത്തിലെയും ഫ്ലൂയിഡുകളുമായി കൂടിച്ചേർന്ന് അപകടകരമായ ഒരു ഹൈഡ്രോക്ലോറിക് ആസിഡായി പരിണമിക്കുകയാണ് ചെയ്യുന്നത്. അണ്ടർ ഗ്രൗണ്ട് സ്റ്റേഷനുകൾ പോലുള്ള ആളുകൾ തിങ്ങി നിറഞ്ഞ ഇടങ്ങളിൽ ഇത് കൂട്ട മരണത്തിനായിരിക്കും ഇടയാക്കുന്നത്. പ്രത്യേകിച്ചും കുട്ടികളെയും പ്രായമായവരെയും ഇത് കൂടുതൽ ബാധിക്കുകയും ചെയ്യും.