ഹാരി രാജകുമാരനും പത്നി മേഗൻ മാർകിളും ബക്കിങ്ഹാം പാലസിൽ നിന്നും വിൻഡ്സറിലേക്ക് താമസം മാറ്റുന്നതിനുള്ള കാരണം ഹാരിയും ജ്യേഷ്ഠൻ വില്യം രാജകുമാരനമായുള്ള കടുത്ത അഭിപ്രായവ്യത്യാസമാണെന്ന സൂചനകൾ പുറത്ത് വന്നു. തന്നെ ഭാര്യയിൽ നിന്നും വേർപിരിക്കുന്നതിന് വില്യം നടത്തുന്ന ശ്രമങ്ങളെ കടുത്ത ഭാഷയിലാണ് ഹാരി വിമർശിച്ചിരിക്കുന്നത്. തനിക്ക് അമ്മയായ ഡയാന രാജകുമാരിയെ കാക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ ഭാര്യയെ എങ്കിലും സംരക്ഷിക്കാൻ തന്നെ അനുവദിക്കണമെന്നും ഹാരി വികാരഭരിതനായി വില്യമിനോട് തട്ടിക്കയറിയെന്നും റിപ്പോർട്ടുണ്ട്.

മേഗനെതിരെ ഉയരുന്ന പരാതികളെക്കുറിച്ച് വില്യം ഹാരിയോട് ആശങ്കപ്പെട്ടപ്പോഴാണ് ഹാരി ഇത്തരത്തിൽ ക്ഷുഭിതനായി പ്രതികരിച്ചതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഹാരിയുടെ ഈ പ്രതികരണത്തിന് ബക്കിങ്ഹാം പാലസ് ജീവനക്കാർ തന്നെയാണ് വൻ പ്രചാരണം കൊടുത്തുകൊണ്ടിരിക്കുന്നത്. മേഗനും വില്യമിന്റെ പത്നി കേയ്റ്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് ഹാരിയും മേഗനും വിൻഡ്സറിലേക്ക് താമസം മാറുന്നതെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ അത് ശരിയല്ലെന്നും മറിച്ച് ചേട്ടനുമായുള്ള അഭിപ്രായ വ്യത്യാസമാണ് വീട് മാറാൻ ഹാരിയെ പ്രേരിപ്പിച്ചതെന്നും ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്.

മേഗനെതിരെയുള്ള പരാതികളിൽ അടിസ്ഥാന രഹിതമായി ആശങ്കപ്പെട്ട് വില്യം തന്റെ വിവാഹബന്ധം തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് ഹാരി ആക്ഷേപിച്ചിരിക്കുന്നത്. തനിക്ക് അമ്മയെ കാക്കാൻ സാധിക്കാതിരുന്നതുകൊണ്ടാണ് താൻ ഭാര്യയെ ഇത്തരത്തിൽ അമിതമായി സംരക്ഷിക്കുന്നതെന്നും ഹാരി വ്യക്തമാക്കിയിട്ടുണ്ട്. മേഗനെ ആരും വിമർശിക്കുന്നത് ഹാരിക്ക് ഒട്ടും ഇഷ്ടമില്ലെന്നും പാലസുമായി അടുത്ത ബന്ധമുള്ളവർ വെളിപ്പെടുത്തുന്നു. മേഗൻ വിവാഹത്തിന് മുമ്പ് കെൻസിങ്ടൺ പാലസിൽ താമസിച്ച് മടങ്ങിയപ്പോൾ തന്നെ വില്യം ഹാരിയോട് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നാണ് സൂചന. മേഗന്റെ പശ്ചാത്തലവും അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളും അറിയില്ലെന്നായിരുന്നു വില്യം അനുജന് അന്നേ മുന്നറിയിപ്പേകിയിരുന്നതെന്നും ദി സൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ തങ്ങളുടെ ബന്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ അത് ഇല്ലാതാക്കാൻ ശ്രമിക്കരുതെന്ന് പറഞ്ഞായിരുന്നു അന്ന് ഹാരി ഇതിന്റെ പേരിൽ വില്യമിനോട് തട്ടിക്കയറിയിരുന്നതെന്നും റിപ്പോർട്ടുണ്ട്. മേഗന്റെ പെരുമാറ്റരീതികളെക്കുറിച്ച് മറ്റ് ചില രാജകുടുംബാംഗങ്ങളും ഹാരിയോട് ആശങ്ക രേഖപ്പെടുത്തിയപ്പോഴും അദ്ദേഹം അസഹിഷ്ണുതയോടെയാണ് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ പുതിയ വെളിപ്പെടുത്തലുകളെ കുറിച്ച് കെൻസിങ്ടൺ പാലസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ ആഴ്ച നടന്ന റോയൽ ഫൗണ്ടേഷൻ ബോർഡ് മീറ്റിംഗിൽ കേയ്റ്റും വില്യവും എത്തിയിരുന്നില്ല. എന്നാൽ മേഗനും ഹാരിയും എത്തുകയും ചെയ്തിരുന്നു. ഇത് ഇരു കുടുംബങ്ങളും തമ്മിലുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തിന്റെ ഏറ്റവും ശക്തമായ സൂചനയാണെന്നും ഊഹാപോഹം ഉയർന്നിട്ടുണ്ട്.