റുത്തവർഗക്കാർക്കെതിരേയുള്ള വർണവിവേചനം കൊടികുത്തി വാണിരുന്ന നാടാണ് ദക്ഷിണാഫ്രിക്ക. നെൽസൺ മണ്ടേലയുടെയും ഡെസ്മണ്ട് ടുട്ടുവിന്റെയുമൊക്കെ നേതൃത്വത്തിൽ നടന്ന സമരങ്ങളിലൂടെയാണ് ദക്ഷിണാഫ്രിക്കയിൽ കറുത്തവർഗക്കാർ മനുഷ്യരായി പരിഗണിക്കപ്പെട്ടുതുടങ്ങിയത്. എന്നാൽ, ഇപ്പോൾ ചരിത്രത്തിന്റെ തിരിച്ചടിയെന്നോണം വെള്ളക്കാർക്കുനേരെ കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ടുവരികയാണ്. ഭൂമി കിട്ടാനില്ലെന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി, വെള്ളക്കാരായ കർഷകരിൽനിന്ന് ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് സർക്കാർ.

വെള്ളക്കാരായ ന്യൂനപക്ഷത്തിന്റെ പക്കലായിരുന്നു ദക്ഷിണാഫ്രിക്കയിലെ ഭൂമിയിൽ ഏറെയും. വർണവിവേചനം അവസാനിച്ചതോടെ, സമൂഹത്തിൽ കറുത്തവനും വെളുത്തവനും ഒരേ അവകാശങ്ങളായി. എന്നാൽ, വാസയോഗ്യമായ ഭൂമി കിട്ടാനില്ലാതെ വന്നത് പ്രതിസന്ധി രൂക്ഷമാക്കി. ഇതോടെയാണ്, വെള്ളക്കാരിൽനിന്ന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ആലോചന തുടങ്ങിയത്. നിയമപരമായ ഏറ്റെടുക്കലിന് ഭരണഘടനയുടെ 25-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനായി സർക്കാർ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടിയാണ് ഭേദഗതി കൊണ്ടുവരുന്നത്.

നിയമം നടപ്പിലായാൽ, വെള്ളക്കാരായ ഭൂവുടമകൾക്ക് അവരുടെ ഭൂമിയിൽനിന്ന് ഇറങ്ങിക്കൊടുക്കേണ്ടിവരും. വീടുപോലും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇവരിൽപ്പലരും. പ്രസിഡന്റ് സിറിൽ രാമഫോസയുടെ നടപടികൾ പകപോക്കലാണെന്ന് കരുതുന്നവരുമേറെയാണ്. വെള്ളക്കാരിൽനിന്ന് അധികമുള്ള ഭൂമി പിടിച്ചെടുത്ത് ഭൂമി സ്വന്തമായില്ലാത്ത കറുത്തവർഗക്കാർക്ക് നൽകുകയെന്നത് സർക്കാരിന്റെ മുൻഗണനാവിഷയമാണെന്ന് ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, പിടിച്ചെടുക്കുന്ന ഭൂമി അർഹരായവരുടെ കൈകളിലേക്കാവില്ല എത്തുകയെന്ന് വിമർശകർ പറയുന്നു. സർക്കാരിലെ ഉന്നതർക്ക് വേണ്ടപ്പെട്ടവർക്കുമാത്രമാകും ഭൂമി ലഭിക്കുകയെന്നാണ് പ്രധാന വിമർശനങ്ങളിലൊന്ന്. പാർലമെന്റിൽ വലിയ ഭൂരിപക്ഷമുള്ള ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് തീരുമാനങ്ങളെടുക്കാൻ പ്രയാസവുമില്ല. നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി പാർലമെന്ററി സമിതിയെ നിയമിക്കാനുള്ള തീരുമാനം 77-നെതിരേ 183 വോട്ടുകൾക്കാണ് നാഷണൽ അസംബ്ലിയയിൽ പാസ്സായത്.

ഭൂമി പിടിച്ചെടുക്കുന്നതിനെതിരേ വെള്ളക്കാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേസ് കേൾക്കാൻപോലും കോടതി തയ്യാറായില്ല. പ്രസിഡന്റ് സിറിൽ രാമഫോസയുടെ നടപടികൾ വംശീയവെറിയാണെന്നായിരുന്നു കോടതിയെ സമീപിച്ച വെള്ളക്കാരായ കർഷകർ ആരോപിച്ചത്. നിലവിലെ നിയമപ്രകാരം ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. അതു ഭേദഗതിചെയ്ത് നഷ്ടപരിഹാരം നൽകാതെതന്നെ ഭൂമി തിരിച്ചുപിടിക്കുന്നതിനുവേണ്ടിയാണ് സർക്കാർ ഭേദഗതി കൊണ്ടുവരുന്നത്.

നിയമഭേദഗതിക്കുവേണ്ടി രംഗത്തുനിൽക്കുന്ന ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്‌സ് നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്നു. വെള്ളക്കാർ വർണവിവേചനത്തിന്റെ നേട്ടം കൊയ്തവരാണെന്നും അവരുടെ കാലം കഴിഞ്ഞുവെന്നും നേതാവ് ലെംഗിവെ എംഖാലിഫെ പറഞ്ഞു. എല്ലാ സ്വകാര്യഭൂമികളും സർക്കാരിന്റെ വരുതിയിലാക്കണമെന്നാണ് സംഘടനയുടെ ആവശ്യം.