ഫ്രാൻസിൽ ഇന്ധനനികുതി വർധനയ്‌ക്കെതിരെ തെരുവിലിറങ്ങിയ മഞ്ഞക്കുപ്പായക്കാരോട് മാപ്പുപറഞ്ഞ് സ്ഥിതിഗതികൾ ശാന്തമാക്കാൻ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രംഗത്ത്. നികുതികൾ അടിയന്തരമായി വെട്ടിക്കുറയ്ക്കാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. ഇതോടെ, പ്രക്ഷോഭകാരികൾ പലരും പിന്മാറുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഫ്രാൻസിൽ പടർന്നുപിടിച്ച പ്രക്ഷോഭത്തിൽ ഇതുവരെ ഒന്നരലക്ഷത്തോളം പേർ പങ്കെടുത്തതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ശനിയാഴ്ചയും ഞായറാഴ്ചയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രക്ഷോഭം അക്രമത്തിലേക്ക് നീണ്ടതോടെയാണ് മാക്രോൺ അടിയന്തര നടപടികളുമായി രംഗത്തെത്തിയത്. രാജ്യത്തുണ്ടായ സംഭവവികാസങ്ങളിൽ ദേശീയ ടെലിവിഷനിലൂടെ പ്രസിഡന്റ് ഖേദപ്രകടനം നടത്തുമെന്നാണ് കരുതുന്നത്. ഇന്ധനനികുതി വെട്ടിക്കുറയ്ക്കുന്ന പ്രഖ്യാപനങ്ങളും ഇതോടൊപ്പമുണ്ടാകുമെന്ന് കരുതുന്നു. പ്രസിഡന്റിന്റെ ഖേദപ്രകടനം വരുമെന്ന വാർത്ത പലയിടത്തും സംഘർഷാവസ്ഥ ലഘൂകരിച്ചിട്ടുണ്ട്.

പാരീസിലും മാഴ്‌സെയിലും ബോർഡോയിലും ശനിയാഴ്ച പ്രക്ഷോഭകാരികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പാരീസിൽ ഒട്ടേറെ വാഹനങ്ങൾ തീവെച്ചുനശിപ്പിച്ചു. മഞ്ഞക്കുപ്പായക്കാർക്ക് കിട്ടുന്ന ജനപിന്തുണയാണ് സർക്കാരിനെക്കൊണ്ട് മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. ബോർഡോയിൽ ഗ്രനേഡ് പൊട്ടി ഒരാളുടെ കൈ അറ്റുപോയി. പാരീസിൽ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടമായി. പ്രക്ഷോഭത്തിൽ പങ്കെടുത്തവരെയും പരിക്കേറ്റവരെയും വീരപുരുഷന്മാരെപ്പോലെയാണ് നാട്ടുകാർ സ്വീകരിക്കുന്നത്.

രാജ്യമെമ്പാടും പ്രക്ഷോഭം പടർന്നുപിടിച്ചിട്ടും പ്രസിഡന്റ് മാക്രോൺ രംഗത്തുവരാതിരുന്നത് കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു. പാരീസിൽ പൊലീസുമായി ഏറ്റുമുട്ടിയ പ്രക്ഷോഭകാരികൾ കടകളുടെയും സ്ഥാപനങ്ങളുടെയും ജനാലച്ചില്ലുകൾ തകർത്തു. വാഹനങ്ങളും ബാരിക്കേഡുകളും തീയിട്ട് നശിപ്പിച്ചു. ഡിസംബർ ഒ്ന്നിലെ പ്രക്ഷോഭത്തെക്കാൾ കൂടുതൽ നാശനഷ്ടങ്ങൾ ശനിയാഴ്ചത്തെ പ്രതിഷേധപ്രകടനങ്ങളിലുണ്ടായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പാരീസിൽ മാത്രം ആയിരത്തോളം പേരാണ് ശനിയാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടത്. 71 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 പൊലീസുകാർക്കും പരിക്കേറ്റതായി ആഭ്യന്തര മന്ത്രി ക്രിസ്റ്റഫ് കാസ്റ്റനെർ പറഞ്ഞു. പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ പാരീസിൽ കൂടുതൽ സുരക്ഷാ സന്നാഹങ്ങളൊരുക്കിയതായും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചത്തെ പ്രക്ഷോഭങ്ങളുടെ പേരിൽ രാജ്യത്തെമ്പാടുംനിന്നായി 1220 പേർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.