ഫ്രാൻസിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യവ്യാപകമായി പ്രതിഷേധത്തിനിറങ്ങിയ മഞ്ഞക്കുപ്പായക്കാർക്കുമുന്നിൽ പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ മുട്ടുമടക്കി. രാജ്യത്തെ ഏറെക്കുറെ നിശ്ചലമാക്കിയ പ്രതിഷേധപ്രകടനങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ടെലിവിഷനിലൂടെ നടത്തിയ അഭ്യർത്ഥനയ്ക്കിടെയാണ് വിവിധ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. മിനിമം സാലറിയിൽ 100 യൂറോയുടെ വർധന പ്രഖ്യാപിച്ച മാക്രോൺ, ഓവർടൈം വരുമാനത്തിനുമേൽ നിർദേശിച്ചിരുന്ന നികുതിയും പിൻവലിച്ചു.

മിനിമം സാലറി കൂട്ടുന്നത് തൊഴിലുടമയ്ക്ക് യാതൊരു ബാധ്യതയും ഉണ്ടാക്കില്ലെന്ന് മാക്രോൺ പറഞ്ഞു. 100 യൂറോ കൂടുന്നതോടെ മിനിമം സാലറി 1498 യൂറോയായി ഉയരും. വർഷാന്ത്യ ബോണസ് നൽകുമെന്നും മാക്രോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനും തൊഴിലുടമയ്ക്കുമേൽ പ്രത്യേകം നികുതി ഈടാക്കില്ല. മാസം 2000 യൂറോയിൽത്താഴെ വരുമാനമുണ്ടാക്കുന്നവരെ ജനുവരി ഒന്നുമുതൽ എല്ലാത്തരം നികുതികളിൽനിന്ന് ഒഴിവാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

വൻകിട സംരംഭകർ വിദേശത്തേക്ക് പോകുന്നത് തടയുന്നതിനായി സോളിഡാരിറ്റി വെൽത്ത് ടാക്‌സ് പിൻവലിക്കുമെന്നും മാക്രോൺ അറിയിച്ചു. വൻകിട സ്ഥാപനങ്ങൾ വിദേശത്തേക്ക് പോകുന്നത് ഫ്രാൻസിൽ കടുത്ത തൊഴിൽക്ഷാമത്തിന് ഇടയാക്കിയിരുന്നു. മാക്രോണിന്റെ പ്രഖ്യാപനങ്ങൾ യഥാർഥത്തിൽ സമരരംഗത്തുണ്ടായിരുന്ന മഞ്ഞക്കുപ്പായക്കാർ പ്രതീക്ഷിച്ചിരുന്നതിലും അധികമാണെന്നാണ് വിലയിരുത്തലുകൾ. സോഷ്യലിസ്റ്റ് സർക്കാരുകളെപ്പോലെയാണ് സമരത്തോട് മാക്രോൺ നിലപാടെടുത്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒരുമാസത്തോളമായി തുടർന്നുവരുന്ന പ്രതിഷേധങ്ങളിൽ രാജ്യമെമ്പാടുമായി ഒന്നരലക്ഷത്തോളം പേരാണ് പങ്കെടുത്തത്. സമരം അക്രമത്തിലേക്ക് തിരിയുകയും ഫ്രാൻസിന്റെ സമാധാത്തെ ബാധിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് മാക്രോൺ രംഗത്തെത്തിയത്. ഫ്രഞ്ച് സമ്പദ്‌വ്യവസ്ഥയെ ഉദാരീകരിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് പറഞ്ഞ് ആദ്യം സമരത്തോട് മുഖം തിരിച്ചുനിന്ന മാക്രോണിന് ഗത്യന്തരമില്ലാതെ സമരക്കാരുടെ ആവശ്യങ്ങൾ ഒന്നൊന്നായി നടപ്പിലാക്കേണ്ടിവരികയായിരുന്നു.

ഇന്ധനനികുതി വർധനവിനെതിരെ നവംബർ 17-നാണ് മഞ്ഞക്കുപ്പായക്കാർ ആദ്യം തെരുവിലിറങ്ങിയത്. ഈയൊരു നികുതിക്കെതിരേയാണ് സമരമെന്നാണ് താനാദ്യം കരുതിയതെന്ന് മാക്രോൺ ടെലിവിഷൻ പ്രഖ്യാപനത്തിനിടെ പറഞ്ഞു. എന്നാൽ, പ്രശ്‌നങ്ങൾ അതിനെക്കാൾ ആഴത്തിലുള്ളതാണെന്ന് പിന്നീട് മനസ്സിലായി. വരുമാനം കുറഞ്ഞ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാത്ത വിസ്മരിക്കപ്പെട്ടുപോയവർക്കുവേണ്ടിയാണ് താൻ പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.