ന്റെ വിവാഹ വസ്ത്രം ഡിസൈൻ ചെയ്ത ഡിസൈനറെ ആദരിക്കാൻ ബ്രിട്ടീഷ് ഫാഷൻ അവാർഡ് നിശയ്ക്ക് അപ്രതീക്ഷിത അതിഥിയായെത്തിയ മേഘൻ മെർക്ക്‌ലിനെതിരേ ബ്രിട്ടീഷ് ട്രോളർമാർ രംഗത്ത്. സ്‌റ്റേജിൽനിൽക്കെ കൂടെക്കൂടെ തന്റെ വയറിൽ തിരുമ്മിക്കൊണ്ടിരുന്നതാണ് മേഘനെതിരേ അവർ ആയുധമാക്കുന്നത്. ഗർഭിണിയായ മേഘൻ വയറിൽ കൂടെക്കൂടെ തിരുമ്മിക്കൊണ്ടിരുന്നത് വെറും ഷോയായിരുന്നുവെന്നാണ് ഒരാരോപണം. മേഘന്റെ ചെയ്തികൾ അതിരുകടക്കുന്നുവെന്ന വിമർശനവും ശക്തമാണ്.

റോയൽ ആൽബർട്ട് ഹാളിൽ നടന്ന അവാർഡ് ചടങ്ങിൽ മേഘനെത്തിയത് തന്റെ പ്രിയപ്പെട്ട ഡിസൈനർ ക്ലെയർ വെയ്റ്റ് കെല്ലറിനെ ആദരിക്കുന്നതിന് വേണ്ടിയായിരുന്നു. ക്ലെയർ ഡിസൈൻ ചെയ്ത കറുത്ത ഗൗൺ അണിഞ്ഞെത്തിയ മേഘൻ തന്റെ ഗർഭം മറ്റുള്ളവർ അറിയുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയാണ് കൂടെക്കൂടെ തിരുമ്മിക്കൊണ്ടിരുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. എന്നാൽ, ഗർഭിണിയായശേഷം എപ്പോഴും വയറിലൊരു കൈവെച്ച് നിൽക്കുന്ന ശീലം മേഘനുണ്ടെന്ന് വാദിക്കുന്നവരും ഉണ്ട്.

വയറ്റിൽക്കിടക്കുന്ന കുഞ്ഞിന്റെ ചലനം എല്ലായ്‌പ്പോഴും ആസ്വദിക്കുന്നതിനും അറിയുന്നതിനും വേണ്ടിയാണ് ചിലരിങ്ങനെ ചെയ്യുന്നതെന്ന് കെജി ഹിപ്‌നോബർത്തിങ്ങിന്റെ സ്ഥാപക കാതറിൻ ഗ്രേവ്‌സ് പറയുന്നു. കുട്ടിയുടെ അനക്കം അറിയാൻ പറ്റുമെന്നതുമാത്രമല്ല, കൈകൾ ഇങ്ങനെ വെക്കുമ്പോൾ കൂട്ടി കൂടുതലായി അനങ്ങുമെന്നും അവർ പറയുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നതിനും ഇത് വഴിവെക്കുമെന്നാണ് മിഡ്‌വൈഫുമാരെ പരിശീലിപ്പിക്കുന്ന കാതറിന്റെ അഭിപ്രായം.

എന്നാൽ, സോഷ്യൽ മീഡിയ ഇതെല്ലാം മേഘന്റെ അഭിനയമാണെന്ന വിമർശനമാണ് മുന്നോട്ടുവെക്കുന്നത്. ഗർഭിണിയാണെന്ന വിവരം ഞങ്ങൾക്കെല്ലാം അറിയാമെന്നും കൂടെക്കൂടെ വയറിൽ കൈവെച്ച് അത്് കാണിക്കേണ്ടതില്ലെന്നുമായിരുന്നു ട്വിറ്ററിൽ ഒരാളുടെ വിമർശനം. അത് അസ്വസ്ഥതയുളവാക്കുന്ന കാഴ്ചയാണെന്നും ചിലർ പറയുന്നു. എല്ലാവർക്കുമറിയുന്ന കാര്യം ഇങ്ങനെ എടുത്തുകാട്ടേണ്ട ആവശ്യമുണ്ടോയെന്നും ചിലർ ചോദിക്കുന്നു.

മെയ്‌ 19-നാണ് ഹാരി രാജകുമാരനും മേഘൻ മെർക്ക്‌ലും വിവാഹിതരായത്. ബ്രിട്ടീഷ് ഫാഷൻ അവാർഡ് നിശയിൽ സെലിബ്രിറ്റികൾ പങ്കെടുക്കാറുണ്ടെങ്കിലും രാജകുടുംബത്തിലുള്ളവർ പൊതുവെ എത്താറില്ല. അതുകൊണ്ടുതന്നെ മേഘന്റെ സന്ദർശനം വളരെയേറെ മാധ്യമശ്രദ്ധ നേടിയിരുന്നു. രാജകുടുംബവുമായി മേഘനുള്ള ഭിന്നത തുറന്നുകാട്ടുന്നതാണ് ഈ സന്ദർശനമെന്നുവരെ വിലയിരുത്തലുകളുണ്ടായി.