വിവാഹമോചനത്തിന്റെ ഭാഗമായി അമ്മായിയപ്പന്റെ സ്വത്തിൽ അവകാശം ചോദിച്ച ഇന്ത്യക്കാരൻ നൽകിയ ഹർജി ലണ്ടൻ കോടതി തള്ളി. 36-കാരനായ അങ്കുൽ ദാഗയാണ് ഭാര്യാപിതാവിന്റെ സ്വത്തിൽനിന്ന് പത്തുലക്ഷം പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചത്. കോടീശ്വരനായ കൃഷ്ണ കുമാർ ബാങ്കുറിന്റെ മകൾ അപർണ ബാങ്കുറായിരുന്നു അങ്കുലിന്റെ ഭാര്യ. പത്തുവർഷത്തോളം നീണ്ട ദാമ്പത്യത്തിനുശേഷമാണ് ഇരുവരും പിരിഞ്ഞത്.

25 ലക്ഷം പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അങ്കുൽ ആദ്യം കോടതിയെ സമീപിച്ചത്. തന്റെ ഭാര്യയായിരുന്ന അപർണയ്ക്ക് ഇരുപതുലക്ഷം പൗണ്ടിലേറെ സ്വത്തുണ്ടെന്നും 1.7 കോടി പൗണ്ടിലേറെ ആസ്തിയുള്ള ട്രസ്റ്റുകളിൽനിന്നും വരുമാനമുണ്ടെന്നും അയാൾ വാദിച്ചു. എന്നാൽ, അങ്കുലിന്റെ വാദങ്ങൾ നിലനിൽക്കത്തക്കതല്ലെന്ന് ലണ്ടൻ ഹൈക്കോടതിയിലെ കുടുംബക്കോടതി ജഡ്ജി ഹോൾമാൻ വിധച്ചു. അങ്കുലിന് വർഷം 1,30,000 പൗണ്ട് വരുമാനമുണ്ടെന്നും മുൻഭാര്യയുടെ സ്വത്തിന്റെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്ാട്ടി.

മുൻഭാര്യയുടെ സ്വത്തിനുവേണ്ടി നിയമപോരാട്ടം നടത്തിയ അങ്കുൽ സമ്പാദ്യത്തിൽനിന്ന് ഒന്നരലക്ഷം പൗണ്ടോളവും 70,000 പൗണ്ട് കടമായും ഇതിനകം ചെലവിട്ടതായും കോടതി കണ്ടെത്തി. മാത്രമല്ല, അപർണയ്ക്ക് വർഷം 40,000 പൗണ്ടുമാത്രമാണ് വരുമാനമെന്നും ട്രസ്റ്റുകളിൽ നിഷിപ്തമായിട്ടുള്ള വരുമാനത്തിൽ അവർക്ക് യാതൊരു പങ്കുമില്ലെന്നും ജഡ്ജി ഹോൾമാൻ ചൂണ്ടിക്കാട്ടി.

വാർവിക്ക് സർവകലാശാലയിൽ പഠിക്കുമ്പോഴാണ് 15 വർഷംമുമ്പ് അങ്കുലും അപർണയും പ്രണയിച്ച് വിവാഹം കഴിച്ചത്. വേർപിരിഞ്ഞശേഷം സ്വത്തിനുവേണ്ടിയുള്ള നിയമപോരാട്ടത്തിനായി ഇരുവരും ഇതിനകം ആറരലക്ഷം പൗണ്ടോളം ചെലവിട്ടതായും കോടതി പറഞ്ഞു. ഇക്കാലയളവിനിടെ പത്തുലക്ഷം പൗണ്ടോളമാണ് കോടതി നടപടികൾക്കുമാത്രമായി ഇവർ ചെലവിട്ടത്. അപർണയുടെ കോടതിച്ചെലവുകൾ വഹിക്കണമെന്ന് അങ്കുലിനോട് ആവശ്യപ്പെടുന്നില്ലെന്നും കോടതി സൂചിപ്പിചച്ചു.

ഗ്രാഫൈറ്റ് ഇന്ത്യയുടെ ചെയർമാനായ കൃഷ്ണകുമാർ ബാങ്കുർ 130 കോടി പൗണ്ടിന്റെ സ്വത്തിനുടമയാണ്. കൃഷ്ണകുമാറിന്റെ സ്വത്തുകണ്ടാണ് അങ്കുൽ നിയമപോരാട്ടത്തിനിറങ്ങിയത്. എന്നാൽ, അത്തരമൊരു അത്യാഗ്രഹം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കുടുംബക്കോടതി എത്തിച്ചേർന്നത്.