മേരിക്കയിലേക്ക് നാടുകടത്തൽ ഭീഷണി നേരിടുന്ന വാവെയ് സി.എഫ്.ഒ. മെങ് വാൻഷുവിന് മൂന്നുദിവസത്തിനുശേഷം കനേഡിയൻ കോടതി ജാമ്യം അനുവദിച്ചു. 74 ലക്ഷം ഡോളർ ജാമ്യത്തുകയായി കെട്ടിക്കൊനും രണ്ട് പാസ്‌പോർട്ടുകൾ കോടതിയിൽ സമർപ്പിക്കാമെന്നും കാലിൽ ബ്രേസ്‌ലെറ്റ് ധരിച്ച് വാൻകുവറിൽ വീട്ടുതടങ്കലിൽ കഴിയാമെന്ന് സമ്മതിച്ചതിനുംശേഷമാണ് ജാമ്യം അനുവദിച്ചത്. വാൻകുവറിലെ രണ്ട് വീടുകളിലൊന്നിൽ കഴിയുന്ന മെങ്ങിന് രാത്രി പതിനൊന്നിനും രാവിലെ ആറിനുമിടയ്ക്ക് പുറത്തിറങ്ങാനും അനുമതിയില്ല.

ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ വാവെയ് സ്ഥാപകന്റെ മകളും കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ മെങ്ങിനെ ഡിസംബർ ഒന്നിനാണ് അമേരിക്കൻ ആവശ്യപ്രകാരം വാൻകുവർ വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തത്. അമേരിക്കയും ചൈനയുമായുള്ള വ്യാപാരയുദ്ധത്തിൽ 90 ദിവസത്തെ നിയന്ത്രണത്തിന് പ്രസിഡന്റുമാരായ ഡൊണാൾഡ് ട്രംപും ജി ഷിൻപിങ്ങും സമ്മതിച്ച ദിവസം തന്നെയാണ് മെങ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ജഡ്ജി വില്യം എറാക്ക് ജാമ്യം അനുവദിച്ചത്.

ചൈനയുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായാണ് മെങ്ങിനെ ജാമ്യത്തിൽവിട്ടതെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. മെങ്ങിന്റെ കേസിൽ ഇടപെടുമോ എന്ന ചോദ്യത്തിന് രാജ്യത്തിന്റെ നന്മയ്ക്കായി താനെന്തും ചെയ്യുമെന്നായിരുന്നു ട്രംപിന്റെ മറുപടി. കേസ് സംബന്ധിച്ച് നീതിന്യായ വകുപ്പുമായും ചൈനീസ് അധികൃതരുമായും വൈറ്റ് ഹൗസ് സംസാരിച്ചുവെന്നും ട്രം വെളിപ്പെടുത്തി. എന്നാൽ, ചൈനീസ് അധികൃതർ ഇക്കാര്യം തന്നോട് നേരിട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, മെങ്ങിനെ അറസ്റ്റ് ചെയ്ത നടപടിയെ ചൈന ഗൗരവത്തോടെയാണ് കാണുന്നത്. രാജ്യത്തെ വ്യവസായ പ്രമുഖരിലൊരാളായ മെങ്ങിനെ അറസ്റ്റ്് ചെയ്ത കനേഡിയൻ അധികൃതർക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനൊരുങ്ങുകയാണ് ചൈന. കാനഡയുടെ മുൻ നയതന്ത്ര പ്രതിനിധികൂടിയായ സന്നദ്ധ പ്രവർത്തകനെ ചൈനയിൽ അറസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിന്റെ നോർത്ത് ഈസ്റ്റ് ഏഷ്യ സീനിയർ ഉപദേഷ്ടാവായ മൈക്കൽ കോവ്‌റിങ്ങിനെയാണ് ചൈന കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. എന്നാൽ, ഇദ്ദേഹമിപ്പോൾ എവിടെയാണെന്ന് അറിയില്ലെന്ന് സന്നദ്ധ സംഘടന പറഞ്ഞു.

2017 ഫെബ്രുവരി മുതൽ ഇന്റർ നാഷണൽ ക്രൈസിസ് ഗ്രൂപ്പിനുവേണ്ടി ചൈനയിൽ പ്രവർത്തിക്കുന്ന മൈക്കൽ കോവ്‌റിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. മന്ദാരിൻ ഭാഷയിൽ വിദഗ്ധനായ അദ്ദേഹം നല്ല പ്രഭാഷകൻ കൂടിയാണ്. 2003 മുതൽ 2016 വരെ കാനഡയുടെ നയതന്ത്ര പ്രതിനിധിയായി പലയിടത്തും ജോലി ചെയ്തിട്ടുള്ള മൈക്കൽ, ബെയ്ജിങ്ങിലും ഹോങ്കോങ്ങിലും ഔദ്യോഗിക പദവിയിലിരുന്നിട്ടുണ്ട്. എന്നാൽ, മൈക്കലിന്റെ അറസ്റ്റ് സംബന്ധിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയമോ പൊതുസുരക്ഷാ മന്ത്രാലയമോ ഇതേവരെ പ്രതികരിച്ചിട്ടില്ല.