വെളുത്ത വർഗക്കാർക്കെതിരെ ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗ നേതാവ് ആൻഡിലെ മാൻഗ്ക്സിടാമ നടത്തിയ കൊലവിളി ലോകമാകമാനം വൻ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു കറുത്ത വർഗക്കാരനെ കൊന്നാൽ അഞ്ച് വെള്ളക്കാരെ കൊല്ലണമെന്നാണ് ആൻഡിലെ പ്രകോപനപരമായി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രസംഗം നിലവിൽ പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ കറുത്തവനെ നിറത്തിന്റെ പേരിൽ മാറ്റി നിർത്തിയ നാട്ടിൽ ഇപ്പോൾ വെളുത്തവർക്ക് ജീവിക്കാൻ വയ്യാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇത്തരത്തിൽ ദക്ഷിണാഫ്രിക്കയിലെ തലതിരിഞ്ഞ വംശീയത ലോകം ചർച്ച ചെയ്യുകയാണിപ്പോൾ.

വെളുത്ത വർഗത്തിൽ പെട്ട സ്ത്രീകളെയും കുട്ടികളെയും കൊന്നു തള്ളണമെന്നും എന്തിനേറെ വെളുത്ത വർഗക്കാർ വളർത്തുന്ന പട്ടിയെയും പൂച്ചയെയും വരെ വകവരുത്തണമെന്നുമാണ് ബ്ലാക്ക് ഫസ്റ്റ് ലാൻഡ് ഫസ്റ്റ് (ബിഎൽഎഫ്) പ്രസിഡന്റ് കൂടയായ ആൻഡിലെ ആഹ്വാനം ചെയ്തിരിക്കുന്നത്.ടാക്സി മേഖലയിലുണ്ടായ കടുത്ത തർക്കത്തെ തുടർന്നാണ് ആൻഡിലെ വെളുത്ത വർഗക്കാർക്കെതിരെ ഈ കൊലവിളിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ജോഹന്നാസ് ബർഗിന് സമീപമുള്ള പോച്ചെഫ്സ്റ്റ്റൂമിൽ ഇക്കഴിഞ്ഞ വീക്കെൻഡിൽ ഒരു റാലിയിൽ സംസാരിക്കവെയാണ് ആൻഡിലെ ഈ കൊലവിളി നടത്തിയിരിക്കുന്നത്.

ഒരു കറുത്ത വർഗക്കാരനെ കൊന്നാൽ അഞ്ച് വെള്ളക്കാരെ കൊല്ലണമെന്ന് ഇവിടെ തടിച്ച് കൂടിയ കറുത്ത വർഗക്കാരോട് ആൻഡിലെ ആഹ്വാനം ചെയ്യുകയായിരുന്നു. ഇത് ശിരസാ വഹിച്ച ജനക്കൂട്ടം അങ്ങന ചെയ്യാമെന്ന് ആൻഡിലെയോട് ഏറ്റ് പറയുകയും ചെയ്തിരുന്നു. ബില്യയണറായ ജോഹാൻ റുപെർട്ട് അടുത്തിടെ ടാക്സ് വ്യവസായത്തെക്കുറിച്ച് പറഞ്ഞ വാക്കുകളോട് ശക്തമായി പ്രതികരിക്കുന്ന വിധത്തിലായിരുന്നു വീക്കെൻഡിലെ റാലിയിൽ ആൻഡിലെ വെളുത്ത വർഗക്കാർക്ക് നേരെ കൊലവിളി നടത്തിയിരുന്നത്.

തീവ്ര ഇടതുപക്ഷ കക്ഷിയായ ഇഎഫ്എഫ് മുന്നോട്ട് വന്നാൽ തന്റേതായ സൈന്യത്തിന് സമാനമായ രീതിയിൽ അവർ പ്രവർത്തിക്കുമെന്നും ടാക്സി മേഖലയിൽ അധീശത്വം പുലർത്തുമെന്നുമായിരുന്നു റുപെർട്ട് പ്രസംഗിച്ചിരുന്നത്. പവർ എഫ്എം റേഡിയോട് സംസാരിക്കവരെ വളരെ ലാഘവത്വത്തോടെയായിരുന്നു റുപെർട്ട് ഈ പ്രസ്താവന നടത്തിയത്. ഇതിനെ കറുത്ത വർഗക്കാർക്കെതിരെയുള്ള പ്രസ്താവനയായി വളച്ചൊടിച്ച് ആൻഡിലെ തന്റെ പ്രസംഗത്തിൽ ശക്തമായി തിരിച്ചടിക്കുകയായിരുന്നുവെന്നാണ് സൂചന.

ഈ പ്രസംഗത്തിൽ റുപെർട്ട് തീരെ വംശീയത പുലർത്തിയിരുന്നില്ലെന്നും മറിച്ച് രാഷ്ട്രീയ അടിസ്ഥാനത്തിലാണ് സംസാരിച്ചിരുന്നതെന്നും എന്നിട്ടും ആൻഡിലെ ഇതിനെ വംശീയതയായി വളച്ചൊടിച്ച് കൊലവിളി നടത്തുകയായിരുന്നുവെന്നും ആരോപണം ശക്തമാണ്. എന്നാൽ ഇഎഫ്എഫിനെ തന്റെ സ്വകാര്യ സേനയാക്കി മാറ്റി കറുത്ത വർഗക്കാരെ അടിച്ചമർത്താനാണ് റുപെർട്ട് ഈ പ്രസ്താവനയിലൂടെ ഒരുങ്ങുന്നതെന്ന് പറഞ്ഞാണ് ആൻഡിലെ ഇതിനെതിരെ ശക്തമായി തിരിച്ചടിച്ചിരിക്കുന്നത്.