ബുക്കാറെസ്റ്റ്: കനേഡിയൻ റൊമാനിയൻ ഗായികയും ഗാനരചയിതാവുമായ ആൻസ പോപ്പ് കാറപകടത്തിൽ കൊല്ലപ്പെട്ടു. 34കാരിയായ ഗായിക സഞ്ചരിച്ച കാർ ഡാനുബ് നദിയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവര്ഡത്തനസംഘം കാർ കണ്ട ഉടനെ തന്നെ അത് ഗായികയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. ഞായറാഴ്ച വൈകിയും അവർ വീട്ടിലെത്താതിരിക്കുകയും ഫോണിൽ വിളിച്ചിട്ട് ബന്ധപ്പെടാൻ സാധിക്കാതിരിക്കുകയും ചെയ്തതോടെ സഹോദരിയാണ് പൊലീസിനെ വിവരമറിയിച്ചത്. ഇപ്പോൾ അവരുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

ഏഷ്യൻ രാജ്യങ്ങളിൽ ഉൾപ്പടെ വലിയ ആരാധകരുള്ള ഗായികയാണ് അവർ. 1987ൽ ആണ് കുടുംബത്തോടൊപ്പം അവർ റൊമാനിയയിൽ നിന്ന് അന്നത്തെ യുഗോസ്ലാവിയയിലേക്ക് അഭയാർഥികളായി കടന്നത് (ഇപ്പോൾ അറിയപ്പെടുന്നത് സെർബിയ) പിന്നീട് അവിടെ നിന്നാണ് അവർ കാനഡയിലേക്ക് കുടിയേറിയത്. കമ്മ്യൂണിസം റൊമാനിയയിൽ അവസാനിച്ച ശേഷമാണ് റൊമാനിയയിലേക്ക് തിരികെ എത്തിയത്. താൻ ഒരു സ്വവർഗ അനുരാഗിയാണെന്ന് അവർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.