മ്പന്ന രാജ്യമായ യുകെയിലേക്ക് ഏതെങ്കിലും വിധത്തിൽ എത്തിപ്പെട്ടാൽ പിന്നെ ഒന്നും പേടിക്കാനില്ലെന്നും എല്ലാമായെന്നും ധരിച്ചിരിക്കുന്നവരെ ഞെട്ടിപ്പിക്കുന്ന പട്ടിണി മരണക്കണക്കുകൾ പുറത്ത് വന്നു. ഇത് പ്രകാരം കയറിക്കിടക്കാൻ ഒരു വീട് പോലും ഇല്ലാതെ ബ്രിട്ടീഷ് തെരുവുകളിൽ കിടന്ന് കഴിഞ്ഞ വർഷം മരിച്ചത് 597 പേരാണ്. പാർലിമെന്റിന് ഏതാനും അടി അകലെയുള്ള തെരുവിൽ കിടന്ന് ഈ ആഴ്ച മരിച്ച ഭവനരഹിതനും 43കാരനുമായ ഹംഗറി സ്വദേശിയുമായ കിച്ചൺ വർക്കർ ഗ്യുല റെമെസ് ഇവരിൽ ഏറ്റവും ഒടുവിലത്തെ ഇരയാണ്.

മരിക്കുന്നതിന് മൂന്ന് മാസം മുമ്പ് തന്നെ റെമെസ് വെസ്റ്റ് മിൻസ്റ്ററിലെ തെരുവുകളിലെത്തിയിരുന്നുവെന്നാണ് ഇയാളുടെ സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്. എംപിമാർ ട്യൂബ് ട്രെയിനിലേക്ക് പോകുന്ന അണ്ടർ പാസിനരികെയാണ് ചൊവ്വാഴ്ച രാത്രി 11.30ന് ഇയാളെ മരിച്ച നിലയിൽ പൊലീസുകാർ കണ്ടെത്തിയത്. ഇയാളെക്കുറിച്ച് കൂടുതലൊന്നുമറിയില്ലെന്നാണ് സമീപത്തെ മറ്റ് ഭവനരഹിതരായവർ വെളിപ്പെടുത്തുന്നത്. എന്നാൽ ചാറിങ് ക്രോസിൽ ഇയാൾക്ക് അടുത്തിടെ ഷെഫായി ജോലി ലഭിച്ചിരുന്നുവെന്ന് ചിലർ സൂചനയേകിയിട്ടുമുണ്ട്.

റെമെസിന്റെ മരണം പോലുള്ളവ ഒറ്റപ്പെട്ട സംഭവമല്ലെന്നും മറിച്ച് കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ ഇത്തരത്തിൽ ഭവനരഹിതർ യുകെയിലെ തെരുവുകളിൽ കിടന്ന് മരിക്കുന്നതിൽ 25 ശതമാനം പെരുപ്പമുണ്ടായിരിക്കുന്നുവെന്നും ഏറ്റവും പുതിയ ഒരു അന്വേഷണം വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2017ൽ ഇത്തരത്തിൽ 597 പേരാണ് മരിച്ചിരിക്കുന്നത്. ലണ്ടനിൽ മികച്ചൊരു ജീവിതം ലഭിക്കുമെന്ന് സ്വപ്നം കണ്ടിരുന്ന റെമെസിന്റെ മരണത്തെക്കുറിച്ച് ലേബർ ഫ്രഞ്ച് ബെഞ്ചറായ സർ കെയിർ സ്റ്റാർമർ എംപിമാർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു.

പോർട്ടുഗീസുകാരനായ 35കാരൻ മാർകോസ് അമറാൽ ഫെബ്രുവരിയിൽ വെസ്റ്റ്മിൻസ്റ്ററിനടുത്തുള്ള ഇതേ തെരുവിൽ വച്ച് ഇതുപോലെ നരകയാതന അനുഭവിച്ച് മരിച്ചിരുന്നു.അൻഗോള വംശജനായ മാർകോസിനെ 2014ലും 2016ലും നാട് കടത്തിയിരുന്നുവെന്ന് പോർട്ടുഗീസ് ഗവൺമെന്റ് ഒഫീഷ്യലുകൾ സ്ഥിരീകരിച്ചിരുന്നു.ഇംഗ്ലണ്ടിലും വെയിൽസിലുമായി റഫ് സ്ലീപ്പർമാരും എമർജൻലസി അക്കമഡേഷനിൽ കഴിയുന്നവരുമായ 482 പേരാണ് 2013ൽ മരിച്ചതെങ്കിൽ 2017ൽ അത് 597 പേരായാണ് പെരുകിയിരിക്കുന്നതെന്നത് കടുത്ത ആശങ്കയാണുയർത്തുന്നതെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്സ് നടത്തി പഠനം എടുത്ത് കാട്ടുന്നു.

സ്ഥിരവും സുരക്ഷിതവുമായ താമസസൗകര്യമുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഭവനരഹിതരായവരുടെ ആയുസ് ഏതാണ്ട് പകുതിയായി ചുരുങ്ങുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. അതായത് ഇവരുടെ ആയുസ് ശരാശരി 44 വയസ് മാത്രമാണ്. ലണ്ടനിലും നോർത്ത് വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിലുമാണ് ഇത്തരത്തിൽ കൂടുതൽ പേർ മരിക്കുന്നത്. ഇംഗ്ലണ്ടിലും വെയിൽസിലും കഴിഞ്ഞ വർഷം ഇത്തരത്തിൽ മരിച്ചിരിക്കുന്നവരിൽ പകുതിയിലേറെ പേരുടെയും മരണകാരണങ്ങൾ മയക്കുമരുന്നിന്റെ അമിതമായ ഉപയോഗം, കരൾ രോഗം, ആത്മഹത്യ എന്നിവയാണ്.