ക്കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് ഗാത്വിക്ക് എയർപോർട്ടിനടുത്ത് കൂടി ഡ്രോണുകൾ പറന്നതിനെ തുടർന്നുള്ള പ്രതിസന്ധി മൂന്നാം ദിവസമായ ഇന്നലെയും തുടർന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്നലെ ഡ്രോൺ പ്രശ്നത്തിന് പരിഹാരം കണ്ട് ഗാത്വിക്ക് എയർപോർട്ട് തുറന്ന് പ്രവർത്തിച്ച് വിമാനങ്ങൾ പറന്ന് അധികം കഴിയുന്നതിന് മുമ്പ് തന്നെ വീണ്ടും ഡ്രോണുകൾ ഇവിടെ പ്രത്യക്ഷപ്പെട്ടത് വീണ്ടും പ്രതിസന്ധിയുയർത്തുകയായിരുന്നു. തൽഫലമായി എല്ലാ വിമാന സർവീസുകളും വീണ്ടും സസ്പെൻഡ് ചെയ്യാൻ നിർബന്ധിതമായിത്തീർന്നു.

ബോധപൂർവമായ അട്ടിമറി ശ്രമമാണ് ഇവിടെ നടക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സൂക്ഷ്മമായി അരിച്ച് പെറുക്കിയിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇതിനെ തുടർന്ന് പട്ടാളത്തിന്റെ സഹായത്തോടെ ഡ്രോൺ ജാമറുകൾ സ്ഥാപിച്ച് വീണ്ടും വിമാനമിറക്കിയാണ് പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുന്നത്.ഇന്നലെ വൈകുന്നേരം സർവീസ് പുനരാരംഭിച്ച ശേഷമായിരുന്നു വീണ്ടും ഡ്രോൺ എയർഫീൽഡിന് മുകളിലൂടെ പറന്നതിനെ തുടർന്ന് വിമാന സർവീസുകൾ അടിയന്തിരമായി നിർത്തി വയ്ക്കാൻ നിർബന്ധിതമായത്.

തുടർന്ന് സൈന്യത്തിന്റെ സഹായത്തോടെ യാത്രക്കാരെ സുരക്ഷിതമാക്കുന്ന നടപടി സ്വീകരിക്കാൻ പോകുന്നതിനാൽ വിമാനങ്ങൾ ഒരു മണിക്കൂർ വൈകി മാത്രമേ പറക്കുകയുള്ളുവെന്ന് എയർപോർട്ട് ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇന്നലെ രാത്രി മൊറോക്കോയിൽ നിന്നുമുള്ള ഒരു വിമാനം ഡ്രോൺ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ലാൻഡിംഗിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് വഴിതിരിഞ്ഞ് പോകാൻ നിർബന്ധിതമായെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാത്രി ഡ്രോണുകളുടെ ഭീഷണി ആരംഭിച്ചത് മുതൽ പൊലീസും പട്ടാളവും പ്രതികളെ കണ്ടെത്തുന്നതിന് സമീപപ്രദേശങ്ങളിൽ സൂക്ഷ്മമായ തെരച്ചിലാണ് നടത്തുന്നതെങ്കിലും ഫലമുണ്ടായിട്ടില്ല.

അതിനിടെയാണ് 48 മണിക്കൂറിന് ശേഷവും ഇന്നലെ വൈകുന്നേരം എയർപോർട്ടിൽ ഡ്രോൺ പറന്നതെന്നത് കടുത്ത ഗൗരവത്തോടെയാണ് അധികൃതർ പരിഗണിച്ചിരിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന ചിലരെ പോവലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വീണ്ടും ഡ്രോൺ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി വരെ റൺവേ വീണ്ടും അടച്ചിടാൻ നിർബന്ധിതമായെന്നാണ് റിപ്പോർട്ട്. ക്രിസ്മസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പുള്ള ദിവസങ്ങളിൽ യാത്രക്കാർ ഏറ്റവും പെരുകുന്ന വേളയിലാണ് ഈ പ്രതിസന്ധിയുണ്ടായിരിക്കുന്നതെന്നതിനാൽ നിരവധി യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.

ഇതിനെ തുടർന്ന് നിരവധി പേരുടെ ഹോളിഡേ പദ്ധതികൾ പോലും തകിടം മറിഞ്ഞിട്ടുണ്ട്. വിമാനങ്ങൾ അപ്രതീക്ഷിതമായി വഴിതിരിച്ച് വിടാൻ നിർബന്ധിതമായതിനെ തുടർന്ന് നിരവധി പേർക്ക് അനാവശ്യമായി നൂറ് കണക്കിന് കിലോമീറ്ററുകൾ പോലും താണ്ടേണ്ടി വന്നിരിക്കുകയാണ്. പലർക്കും തങ്ങളുടെ വിമാനങ്ങൾ അല്ലെങ്കിൽ കണക്ഷൻ ഫ ്ലൈറ്റുകൾ കിട്ടാതെ വരുന്ന ദുരവസ്ഥയുമാവർത്തിച്ചിരുന്നു. ഇന്നലെ വൈകുന്നേരം മൊറോക്കോയിൽ നിന്നുമെത്തിയ വിമാനം ഭൂമിയിൽ നിന്നും വെറും 1000 അടി ഉയരത്തിലുള്ളപ്പോഴായിരുന്നു ഡ്രോണിനെ കണ്ട് വഴിമാറിപ്പോകാൻ നിർബന്ധിതമായത്.

ഇന്നലെ വൈകുന്നേരം 4.59ന് അവസാനം വിമാനം ഗാത്വിക്കിൽ ലാൻഡ് ചെയ്തതിന് ശേഷമായിരുന്നു വീണ്ടും ഡ്രോൺ പ്രശ്നം തലവേദനയായത്. തുടർന്നുള്ള വിമാനങ്ങളെ സ്റ്റാൻസ്റ്റെഡ്, ലുട്ടൻ, ഹീത്രോ എന്നിവിടങ്ങളിലേക്ക് തിരിച്ച് വിടാൻ ട്രാക്കർമാർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. തൽഫലമായി ചുരുങ്ങിയത് 25 വിമാനങ്ങൾ റദ്ദാക്കുകയോ മറ്റുള്ളവ സമയം വൈകിയെത്തുകയോ ചെയ്തതിനാൽ നിരവധി യാത്രക്കാരാണ് വട്ടം കറങ്ങിയിരിക്കുന്നത്. കുറ്റവാളികളെ കണ്ടുപിടിക്കുന്നതിനായി പൊലീസ് സസെക്സ് കൺട്രി സൈഡിൽ അരിച്ച് പെറുക്കി അന്വേഷണം നടത്തുമ്പോൾ നേരത്തെ തന്നെ ആർമി ഡ്രോൺ ജാമിങ് മെഷീനുകൾ വിമാനത്താവളത്തിൽ സ്ഥാപിച്ചിരുന്നു.

ഡ്രോൺ ഗാംഗിനെ പിടികൂടുന്നതിനായി രണ്ട് വ്യത്യസ്ത ഫോഴ്സുകളിൽ നിന്നുമുള്ള 20 പൊലീസ് യൂണിറ്റുകളാണ് രാപ്പകൽ ഇവിടെ ജാഗ്രതയോടെ പരിശോധനകൾ നടത്തുന്നത്. ഇവരെ സഹായിക്കാൻ മൂന്ന് ഹെലികോപ്റ്ററുകളും ഇറക്കിയിട്ടുണ്ട്. ആന്റി ഡ്രോൺ വെപ്പണുകൾ സ്ഥാപിക്കാൻ പൊലീസ് ആർമിയുടെ സഹായം തേടുകയായിരുന്നു. ഇതിനെ തുടർന്ന് സൈന്യം ആകാശത്ത് ഡ്രോൺ കണ്ടാൽ വെടിവച്ചിടാൻ പര്യാപ്തമായ ജാമറുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഇവിടെ വിമാനങ്ങൾ തടസങ്ങളില്ലാതെ പറക്കുമെന്നാണ് പ്രതീക്ഷ.

എന്നാൽ വെള്ളിയാഴ്ച ഏതാണ്ട് 150ഓളം വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. വ്യാഴാഴ്ച 760 വിമാനങ്ങളെയാണ് ഡ്രോൺ പ്രശ്നം ബാധിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ സുരക്ഷ അട്ടിമറിക്കാൻ ആരോ ശ്രമിക്കുന്നുവെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. തീവ്ര പരിസ്ഥിതി പ്രവർത്തകർ അല്ലെങ്കിൽ ക്ലൈമറ്റ് ചേയ്ഞ്ച് ഗ്രൂപ്പിൽ നിന്നുള്ള ആക്ടിവിസ്റ്റുകൾ എന്നിവരാണ് ഡ്രോൺ പറത്തി പ്രശ്നമുണ്ടാക്കുന്നതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. എന്നാൽ ആരെയും അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.ബുധനാഴ്ച ഇവിടെ റൺവേ അടച്ചതിന് ശേഷം ചുരുങ്ങിയത് 50 പ്രാവശ്യം ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ക്രിമിനൽ ഡ്രോൺ പൈലറ്റുമാർക്കെതിരെ കടുത്ത നിയമനടപടികൾ നടപ്പിലാക്കണമെന്ന ആവശ്യം ഈ പ്രശ്നത്തെ തുടർന്ന് ശക്തമായിട്ടുമുണ്ട്. തങ്ങളുടെ യാത്രകൾ താറുമാറായതിന്റെ ക്രോധം രേഖപ്പെടുത്തി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും മുന്നോട്ട് വന്നിരിക്കുന്നത്.