ഫ്രാൻസിൽ പ്രസിഡന്റ് ഇമാനുവേൽ മാർകോൺ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന യെല്ലോ വെസ്റ്റ് പ്രക്ഷോഭം ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. തനിക്ക് സംഭവിച്ച വീഴ്ചകളിൽ മാർകോണിന്റെ ക്ഷമാപണം പുറത്ത് വന്നിട്ടും നികുതിയിളവ് പ്രഖ്യാപിച്ചിട്ടും സമരക്കാർ ശാന്തരാവാത്ത അവസ്ഥയാണുള്ളത്. പാരീസും ബ്രസൽസും യെല്ലോ വെസ്റ്റ് പ്രക്ഷോഭത്താൽ കലാപകലുഷിതമായിരിക്കുകയാണ്. തുടർച്ചയായി ആറാമത്തെ ശനിയാഴ്ചയും പാരീസ് നഗരം കത്തിക്കൊണ്ടിരിക്കുകയാണ്. കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് പത്ത് പേരാണ്.

കലാപക്കാർക്കെതിരെ പൊലീസ് കടുത്ത നടപടികൾ തുടർന്ന് വരുന്നതിനിടെയുണ്ടായ കാറപകടത്തിൽ ഒരാൾ മരിച്ചതോടെയാണ് കലാപത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം പത്തായിരിക്കുന്നത്. യെല്ലോ വെസ്റ്റ് പ്രക്ഷോഭക്കാരുണ്ടാക്കിയ റോഡ് തടസത്തിൽ പെട്ട് കിടന്ന കാറിനെ ലോറിയിടിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച രാത്രി ഒരു 36കാരൻ മരിച്ചിരിക്കുന്നത്. പാരീസിൽ നിന്നും ഇത്തരത്തിലുള്ള കലാപം ബ്രസൽസിലേക്ക് വീണ്ടും പരന്നത് അവിടുത്തെ സ്ഥിതിയും ഗുരുതരമാക്കിയിരിക്കുകയാണ്. ഇവിടെ നൂറോളം യെല്ലോ വെസ്റ്റ് പ്രതിഷേധക്കാരാണ് ആന്റി-റയട്ട് പൊലീസുമായി ഏറ്റ് മുട്ടിയിരിക്കുന്നത്.

സെൻട്രൽ പാരീസിൽ പ്രതിഷേധക്കാർ പൊലീസിന് നേരെ ആക്രമോത്സുകരായതിനെ തുടർന്ന് ഇന്നലെ പൊലീസ് അവർക്ക് നേരെ തോക്ക് വരെ പ്രയോഗിക്കാൻ നിർബന്ധിതരായിരുന്നു. ഫ്രാൻസിന്റെ തെക്ക് ഭാഗത്തുള്ള പെർപിഗ്‌നനിലാണ് വെള്ളിയാഴ്ച രാത്രി ലോറിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചിരിക്കുന്നത്. ഇയാളുടെ പേര് വിവരങ്ങൾ വെളിപ്പെട്ടിട്ടില്ല. ഫ്രഞ്ച് മോട്ടോർവേയിലെ ഒരു ടോൾ ബൂത്തിലും പ്രതിഷേധക്കാർ ഇന്നലെ ആക്രണോത്സുകരായി തടിച്ച് കൂടിയിരുന്നു. ഇതിനെ തുടർന്ന് മോട്ടോർവേയിൽ മണിക്കൂറുകളോളം നിരവധി വാഹനങ്ങൾ പെട്ട് പോയിരുന്നു.

പാരീസിൽ നിന്നും പ്രതിഷേധം നേരത്തെ തന്നെ ബ്രസൽസിലേക്ക് പടർന്ന് അവിടെ ഒരു മാസത്തോളം സംഘർഷാവസ്ഥ നിലനിന്നിരുന്നു. അൽപം ഒന്നടങ്ങിയ ശേഷം കഴിഞ്ഞ ദിവസം അവിടെ രണ്ടാമതു യെല്ലോ വെസ്റ്റ് പ്രക്ഷോഭകർ സജീവമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു മാസം നീണ്ട് നിന്ന പ്രക്ഷോഭത്തെ തുടർന്ന് ബ്രസൽസിൽ 400ഓളം പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇന്നലെ ബെൽജിയൻ തലസ്ഥാനത്ത് ഏതാണ്ട് നൂറോളം പ്രതിഷേധക്കാരാണ് ആക്രമണം അഴിച്ച് വിട്ടിരിക്കുന്നത്. പൊലീസുകാരനെ ആക്രമിച്ച ഒരാളുൾപ്പെടെ രണ്ട് പേരെ ഇതിനെ തുടർന്ന് പൊലീസ് പിടികൂടിയെന്നാണ് പൊലീസ് വക്താവ് വെളിപ്പെടുത്തുന്നത്.

തങ്ങൾക്ക് സമൂഹത്തെ മാറ്റി മറിക്കണമെന്നാണ് ബെൽജിയത്തിലെ ഒരു പ്രതിഷേധക്കാരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ചില പ്രത്യേക കാര്യങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾ വെളിപ്പെടുത്തുന്നതിന് വേണ്ടിയുള്ളതുമാണ് ഈ പ്രതിഷേധമെന്നും അയാൾ വിശദീകരിക്കുന്നു. ഫ്രാൻസിന്റെയും സ്പെയിനിന്റെയും അതിർത്തിയിൽ നൂറ് കണക്കിന് പ്രതിഷേധക്കാർ ഗതാഗതം തടസപ്പെടുത്തിയിരുന്നു. പെട്രോളിനും ഡീസലിനും മേലുള്ള ഗ്രീൻ ടാക്സ് റദ്ദാക്കാൻ മാർകോൺ തയ്യാറായിട്ടും അദ്ദേഹം രാജി വയ്ക്കണമെന്നാണ് നവംബർ 17 മുതൽ പ്രക്ഷോഭം നടത്തുന്നവർ ആവശ്യപ്പെടുന്നത്.

ഡീസലിനും ഗ്യാസിനും മേൽ ഏർപ്പെടുത്തിയ ഉയർന്ന നികുതിയിൽ പ്രതിഷേധിച്ച് ഫ്രഞ്ച് ഡ്രൈവർമാർ തങ്ങളുടെ ഫ്‌ളൂറസന്റ് കളറിലുള്ള വസ്ത്രം ധരിച്ച് പ്രതിഷേധം ആരംഭിച്ചതോടെയാണ് പുതിയ കലാപത്തിന് യെല്ലോ വെസ്റ്റ് മൂവ്‌മെന്റ് എന്ന പേര് വീണത്. എന്നാൽ ഡ്രൈവർമാരുടെ പ്രതിഷേധം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ ഏറ്റെടുക്കുകയും വരുമാന മന്ദിപ്പ്, വർധിക്കുന്ന ജീവിതച്ചെലവ്, മറ്റ് അസൗകര്യങ്ങൾ തുടങ്ങിയവക്കെതിരെ പ്രസിഡന്റിനോടുള്ള പൊതു പ്രതിഷേധമായി കത്തിപ്പടരുകയുമായിരുന്നു. പാരീസിൽ തുടങ്ങിയ കലാപം ഒരു വേള ആംസ്ട്രർ ഡാമിലേക്കും വ്യാപിച്ചിരുന്നു.