പ്രകൃതിദുരന്തങ്ങൾ പുതുമയല്ലെങ്കിലും ഓരോ ദുരന്തവും വലിയ മുറിവുകളാണ് ഇന്തോനേഷ്യക്കുണ്ടാക്കുന്നത്. അപ്രതീക്ഷിതമയി ആഞ്ഞടിച്ച സുനാമിയിൽ ഇന്തോനേഷ്യയിൽ രാക്ഷസത്തിരമാലകൾ കവർന്നത് 232 ജീവനുകളാണ്. 800-ലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമായതിനാൽ, മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് സൂചന. 20 അടിയിലേറെ ഉയരത്തിൽ ആഞ്ഞടിച്ച തിരമാലകളിൽ തീരത്തെ കെട്ടിടങ്ങളെല്ലാം അപ്പാടെ നിലംപൊത്തുകയായിരുന്നു.

തീർത്തും അപ്രതീക്ഷിതമായാണ് ഇക്കുറി സുനാമിയുണ്ടായത്. ഭൂകമ്പമോ മറ്റോ സംഭവിക്കുമ്പോൾ സുനാമി മുന്നറിയിപ്പുകൾ നൽകാറുള്ളതിനാാൽ ജനങ്ങൾക്ക് മുൻകരുതലെടുക്കാനും സുരക്ഷിത തീരങ്ങളിലേക്ക് പോകാനും ധാരാളം സമയം കിട്ടുമായിരുന്നു. എന്നാൽ ഇത്തവണ തീർത്തും അപ്രതീക്ഷിതമായിരുന്നു ദുരന്തം നാടിനെ നടുക്കിയത്. കടലിനടിയിലുണ്ടായ അഗ്നിപർവതസ്‌ഫോടനത്തെത്തുടർന്നാണ് സുനാമിയുണ്ടായത്. ഇതുകൊണ്ടുതന്നെ ആർക്കും രക്ഷാകേന്ദ്രങ്ങൾ തേടിപ്പോകാനോ ജീവൻ രക്ഷിക്കാനോ സാധിച്ചില്ലെന്നത് തെളിയിക്കുന്നതാണ് അവിടെനിന്നുള്ള ഓരോ ദൃശ്യങ്ങളും.

സെവന്റീൻ എന്ന സംഗീതബാൻഡ് പരിപാടി നടത്തിക്കൊണ്ടിരിക്കെയാണ് സുനാമി വേദിയിലേക്ക് പിന്നിൽനിന്ന് ഇരച്ചുകയറിയത്. നാലംഗ സംഘം ആടിയും പാടിയും സദസ്സിനെ ആവേശത്തിലേക്ക് ഉയർത്തിയ നിമിഷങ്ങളിലൊന്നായിരുന്നു അത്. വേദിയെ അപ്പാടെ കീഴ്‌മേൽ മറിച്ച തിരമാലകൾ നാലുപേരെയും വിഴുങ്ങി. ബാൻഡിന്റെ പ്രധാന ഗായകനായ റെയ്ഫാൻ ഇഫാൻ ഫജാർസിയ മാത്രമാണ് ദുരന്തത്തെ അതിജീവിച്ചത്. തന്റെ സുഹൃത്തുക്കളുടെ മൃതദേഹങ്ങൾ തിരയുകയാണ് റെയ്ഫാൻ.

ബാൻഡിലെ ഗിത്താറിസ്റ്റ്, ബാസ് പ്ലേയർ, മാനേജർ എന്നിവരുടെ മൃതദേഹങ്ങൾ പിന്നീട് കണ്ടെടുത്തു. ബാൻഡിലെ മറ്റുരണ്ടംഗങ്ങളെയും അവരിലൊരാളുടെ ഭാര്യയെയും ഇനിയും കണ്ടെത്താനായിട്ടില്ല. തിരമാലകളിൽപ്പെട്ടെങ്കിലും എങ്ങനെയോ രക്ഷയുടെ ഒരു തുരുത്ത് റെയ്ഫാന് മുന്നിൽ തെളിയികുകയായിരുന്നു. ആ നിമിഷങ്ങളെക്കുറിച്ച് ഇനിയും ഓർക്കാൻ തനിക്കാവില്ലെന്ന് റെയ്ഫാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സുൻഡ കടലിടുക്കിയെ വൈദ്യുതി വിതരണ സ്ഥാപനമായ പെരുഷാൻ ലിസ്ട്രിക് നെഗരയിലെ 200-ഓളം ജീവനക്കാർക്കുവേണ്ടി താൻജുങ ലെസുങ് കടൽത്തീരത്ത്് പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സുനാമി വേദിയെയും സദസ്സിനെയും വിഴുങ്ങിയത്.

ജാവയ്ക്കും സുമാത്രയ്ക്കുമിടയ്ക്കുള്ള സുൻഡ കടലിടുക്കിൽ ശനിയാഴ്ച വൈകിട്ടാണ് സുനാമി ആഞ്ഞടിച്ചത്. അഞ്ഞൂറോളം വീടുകളും ഒമ്പത് ഹോട്ടലുകളും 350 ബോട്ടുകളും അപ്പാടെ തകർന്നതായാണ് കണക്കാക്കുന്നത്. ഇത്രയും ഭീകരമായി സുനാമി മരണതാണ്ഡവമാടിയിട്ടും അതിൽനിന്ന് ചില അത്ഭുതങ്ങളും രാജ്യത്തിന് പ്രതീക്ഷ പകരാനായി ശേഷിച്ചിരുന്നു. മണ്ണിനടിയിൽ പൂണ്ടുപോയ കാറിനുള്ളിൽ 12 മണിക്കൂറോളം കുടുങ്ങിക്കിടന്ന അഞ്ചുവയസ്സുകാരനെ രക്ഷിക്കാനായത് അത്തരമൊരു സംഭവമാണ്.

സുനാമിയിൽപ്പെട്ടവർക്കുവേണ്ടിയുള്ള തിരച്ചിലിടെയാണ് കാറിനുള്ളിൽ കുടുങ്ങിയ നിലയിൽ അഞ്ചുവയസ്സുകാരനെ കണ്ടെത്തിയത്. കടപുഴകിയ മരങ്ങൾക്കടിയിൽ മണ്ണിൽ പൂണ്ട നിലയിലായിരുന്നു കാർ. ഇതിനുള്ളിലാണ് അലിയെന്ന ബാലനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. കാറിനുള്ളിൽനിന്ന് പുറത്തെടുക്കുമ്പോൾ ഭയചകിതനായി നിലവിളിക്കുകയായിരുന്നു ബാലൻ. കാറിൽ മറ്റാരെങ്കിലും ജീവനോടെയുണ്ടായിരുന്നോ എന്ന വിവരം വ്യക്തമായിട്ടില്ല.

ക്രക്കോറ്റ അഗ്നിപർവതം പൊട്ടിയതിനെത്തുടർന്നാണ് കടലിനടിയിൽ സമ്മർദമേറിയതും അത് സുനാമിയായി മാറിയതും. തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്നതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തി ഇത്രയും വർധിച്ചത്. 2004-ൽ ഇന്തോനേഷ്യയെ കടപുഴക്കിയ സുനാമി ആഞ്ഞടിച്ചതും ഇതുപോലൊരു ഡിസംബറിലായിരുന്നുവെന്നത് യാദൃച്ഛികം. അന്ന് ക്രിസ്മസ് പിറ്റേന്നാണ് തെക്കുകിഴക്കനേഷ്യയെയും ഇന്ത്യയെയും പിടിച്ചുലച്ച സുനാമി മരണതാണ്ഡവമാടിയത്.