ഗാറ്റ്‌വിക്ക് വിമാനത്താവളത്തിന്റെ പ്രവർത്തനം ഏറെക്കുറെ നിശ്ചലമാക്കുകയും ആയിരത്തോളം വിമാന സർവീസുകൾ മുടങ്ങുകയും പതിനായിരക്കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്ത ആക്രമണം വെറും ഭാവനമാത്രമായിരുന്നോ? ഒന്നരദിവസത്തിലേറെ പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന ദമ്പതിമാരെ കുറ്റമൊന്നും ചുമത്താതെ വിട്ടയച്ചതോടെ ആ സംശയമാണ് ബലപ്പെടുന്നത്. ഗാറ്റ്‌വിക്കിൽ ഡ്രോൺ ആക്രമണം നടക്കാൻ പോകുന്നുവെന്ന ആശങ്കയിലാണ് ഇത്രയേറെ ബഹളമുണ്ടായത്. അടിസ്ഥാനമില്ലാതെ ദമ്പതിമാരെ കസ്റ്റഡിയിലെടുത്തതിനും ജനങ്ങളെ മുൾമുനയിൽ നിർത്തിയതിനും പൊലീസിനുനേർക്കാണ് ഇപ്പോൾ വിമർശനമാകെ ഉയരുന്നത്.

വെസ്റ്റ് സസക്‌സിലെ ക്രോളിയിൽനിന്നുള്ള പോൾ, എലെയ്ൻ കിർക്ക് ഗെയ്റ്റ് എന്നിവരെയാണ് സംശയത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.. ഇത്തരമൊരു ആക്രമണവുമായോ ഏതെങ്കിലും തരത്തിലുള്ള കുഴപ്പക്കാരോ അല്ല ഇവരെന്ന് പോളിന്റെയു എലെയ്‌ന്റെയും സുഹൃത്തുക്കളും ബന്ധുക്കളും ആവർത്തിച്ചിട്ടും വിശ്വസിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. ഗാറ്റ്‌വിക്കിന് സമീപത്തുനിന്ന് കണ്ടെടുത്ത കേടായ ഡ്രോണിനെച്ചുറ്റിപ്പറ്റിയാണ് കോലാഹലം മുഴുവനുണ്ടായത്. അതുകൊണ്ടുവന്നത് ഇവരാണെന്ന സംശയത്തിന്റെ പേരിലായിരുന്നു പൊലീസ് നടപടി. എന്നാൽ, ഇക്കാര്യം തെളിയിക്കുന്ന യാതൊന്നും കണ്ടെത്താനായില്ലെന്ന് ഇവരെ വെറുതെവിട്ടുകൊണ്ട് ഡിറ്റക്ട്രീവ് ചീഫ് സൂപ്രണ്ട് ജെയ്‌സൺ ടിങ്‌ലേ പറഞ്ഞു.

വിമാനത്താവളത്തിന് മീതെ ഡ്രോൺ പറക്കുന്നതായി കണ്ടുവെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പൊലീസിന് ലഭിച്ച ചില സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പോളിനെയും എലെയ്‌നെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 36 മണിക്കൂർ ചോദ്യം ചെയ്തിട്ടും ഇവരിൽനിന്ന് യാതൊരു സൂചനയും ലഭിക്കാതെവന്നതോടെയാണ് പൊലീസിന് ആളുമാറിയെന്ന കാര്യം ബോധ്യപ്പെട്ടത്. ഇരുവരെയും വെറുതെവിട്ട പൊലീസ്, ഡ്രോൺ പറത്തിയ യഥാർഥയാളെ തിരയാനും തുടങ്ങി. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 പൗണ്ട് വിമാനത്താവള അധികൃതർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് ഡ്രോൺ പറന്നുവെന്ന സൂചനകൾ പൊലീസിന് ലഭിക്കുന്നത്. തുടർന്ന് ദേശീയ സുരക്ഷാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് അടിയന്തര നടപടികളെക്കുറിച്ച് ആലോചിച്ചു. വെള്ളിയാഴ്ച പോളും എലെയ്‌നും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ഞായറാഴ്ചയാണ് ഇവരെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചത്. ഞായറാഴ്ച വിമാനത്താവള പരിസരത്തുനിന്ന് കേടായ ഡ്രോണുകളിലൊന്ന് പൊലീസ് കണ്ടെത്തിയെങ്കിലും വ്യാഴാഴ്ചത്തെ ഡ്രോൺ പറത്തലിന്റെ തെളിവുകളൊന്നും ലഭ്യമായിട്ടില്ല. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ മാത്രമാണ് അന്വേഷണം നടന്നതെന്നും സസ്‌ക്‌സ് പൊലീസ് അറിയിച്ചു.