ബ്രിട്ടനിലെ പ്രാദേശിക വിമാനത്താവളങ്ങളിൽ യാത്രാതടസ്സം പതിവാകുകയാണോ? കഴിഞ്ഞദിവസം ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ വൻതോതിൽ റദ്ദാക്കിയിരുന്നു. പിന്നാലെ ബർമ്മിങ്ങാം വിമാനത്താവളത്തിലെ സർവീസുകളും മുടങ്ങി. ചെറിയ വിമാനത്താളത്തിൽനിന്ന് യാത്രപോകാൻ ടിക്കറ്റെടുത്തിട്ടുള്ളവർ യാത്രയ്ക്കുമുന്നോടിയായി വിളിച്ചുറപ്പുവരുത്തുന്നതാകും നല്ലതെന്ന നിലയിലേക്കാണ് കാര്യങ്ങൾ മുന്നേറുന്നത്.

ഡ്രോൺ ആക്രമണഭീതിയിലാണ് ഗാറ്റ്‌വിക്ക് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതെങ്കിൽ ബർമ്മിങ്ങാമിൽ എയർ ട്രാഫിക് കൺട്രോൾ സംവിധാനം പരാജയപ്പെട്ടതോടെയാണ് വിമാനത്താവളം അടച്ചിടേണ്ടിവന്നത്. വൈകിട്ട് ആറുമണിയോടെയാണ് വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ നിർത്തിവെച്ചത്. രണ്ടുമണിക്കൂറിനുശേഷം പ്രശ്‌നം പരിഹരിച്ച് സർവീസുകൾ പുനരാരംഭിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു.

റൺവേയ്ക്ക് സമീപം ഡ്രോൺ കാണപ്പെട്ടുവെന്ന അഭ്യൂഹത്തെത്തുടർന്നായിരുന്നു ഗാറ്റ്‌വിക്ക് വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായത്. ആയിരത്തോളം സർവീസുകളെയാണ് ഇതുബാധിച്ചത്. 1,40,000 യാത്രക്കാർക്കെങ്കിലും യാത്ര മാറ്റിവെക്കുകയോ വൈകുകയോ ചെയ്തു. മൂന്നുദിവസത്തോളമാണ് ഗാറ്റ്‌വിക്ക് വിമാനത്താവളത്തിന്റെ പ്രവർത്തനം കാര്യമായി തടസ്സപ്പെട്ടത്.

എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിന്റെ തകരാറാണ് ബർമ്മിങ്ങാമിൽ പ്രവർത്തനത്തെ ബാധിച്ചതെന്ന് വിമാനത്താവളത്തിന്റെ വക്താവ് അറിയിച്ചു. യാത്രക്കാർ അവരുടെ വിമാനത്തിന്റെ വരവും പോക്കും സംബന്ധിച്ച വിശദവിവരങ്ങൾ മുൻകൂട്ടി അന്വേഷിച്ചറിയണമെന്നും വക്താവ് ആവശ്യപ്പെട്ടു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും വക്താവ് പറഞ്ഞു.

വൈകിട്ട് ആറുമുതൽ പത്തുവരെയുള്ള വിമാനങ്ങളുടെ വരവും പോക്കും വൈകാനിടയുണ്ടെന്ന് എയർ ട്രാഫിക് സ്ഥാപനമായ യൂറോകൺട്രോൾ വക്താവ് അറിയിച്ചു. ക്രിസ്മസ് പ്രമാണിച്ച് യാത്രാത്തിരക്കേറിയ ദിവസങ്ങളിൽത്തന്നെ പ്രാദേശിക വിമാനത്താവളങ്ങളിലുണ്ടാകുന്ന തടസ്സങ്ങൾ വിമാനയാത്രക്കാരെ വളരെയേറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.