യോധ്യയിലെ രാമക്ഷേത്ര നിർമ്മാണം എല്ലാ തിരഞ്ഞെടുപ്പിലും ബിജെപി മുന്നോട്ടുവെക്കുന്ന പ്രചാരണായുധങ്ങളിലൊന്നാണ്. ഇക്കുറിയും അതിന് മാറ്റമുണ്ടാകില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് അതിനുള്ള സമ്മർദം കേന്ദ്ര സർക്കാരിൽ ഉന്നയിക്കുന്നതിനാണ് ആർഎസ്എസ്, വി.എച്ച്.പി. തുടങ്ങിയ സംഘപരിവാർ സംഘടനകളുടെ തീരുമാനം. ജനുവരിയിൽ അയോധ്യാ കേസ് സുപ്രീംകോടതിയിൽ പരിഗണയക്കെത്തുന്നുണ്ട്. സുപ്രീംകോടതിയിലെ ഏറ്റവും ഉന്നതരായ അഭിഭാഷകരെയാവും ഉത്തർപ്രദേശ് സർക്കാർ രംഗത്തിറക്കുക.

2010 മുതൽ സുപ്രീംകോടതിയുടെ സമയവും അധ്വാനവും മെനക്കെടുത്തുകയാണ് അയോധ്യാ കേസെന്ന നിലയിലാകും യു.പി. സർക്കാർ സമീപിക്കുക. എത്രയും വേഗം ഇക്കാര്യത്തിൽ പരിഹാരം വേണമെന്നും അവരാവശ്യപ്പെടും. 1947 മുതൽ ഈ തർക്കം നിലനിൽക്കുന്നുണ്ടെന്നും യു.പി. സർക്കാർ വാദിക്കുമെന്നാണ് സൂചന. ആർ.എസ്.എസിന്റെ ശക്തമായ പിന്തുണയോടെ വി.എച്ച്.പി. ക്ഷേത്ര നിർമ്മാണത്തിനായി രംഗത്തുറച്ചുനിൽക്കുമ്പോൾ യുപി സർക്കാരിനും കേന്ദ്ര സർക്കാരിനും മറിച്ചൊരു നിലപാടെടുക്കാനാവില്ല.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യത്തിൽ ഇപ്പോൾ യാതൊരു രാഷ്ട്രീയവും കലർത്തേണ്ടതില്ലെന്നാണ് ആർഎസ്എസ്. മേധാവി മോഹൻ ഭാഗവതിന്റെ നിലപാട്. ക്ഷേത്രം നിർമ്മിക്കുന്നതിന് സർക്കാർ ഓർഡിനൻസ് ഇറക്കുമെന്നും ക്ഷേത്രം നിർമ്മിക്കുമെന്നും അദദ്ദേഹം പറയുന്നു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഓർഡിനൻസ് കൊണ്ടുവന്നില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ മോദി സർക്കാർ വലിയ തോതിലുള്ള ജനരോഷം നേരിടേണ്ടിവരുമെന്ന് വിഎച്ച്പി വർക്കിങ് പ്രസിഡന്റ് അലോക് കുമാറും പ്രഖ്യാപിച്ചിട്ടുണ്ട്.

അയോധ്യവിഷയത്തിൽ ശക്തമായി മുന്നോട്ടുപോകാനാണ് ആർഎസ്എസിന്റെയും വിഎച്ച്പിയുടെയും ശ്രമം. ക്ഷേത്രത്തിനുവേണ്ടി യാചിക്കുകയല്ലെന്നും, രാമക്ഷേത്രമെന്നത് അവകാശമാണെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി അടുത്തിടെ പറഞ്ഞിരുന്നു. രാജ്യത്തിന്റെ മുഴുവൻ ആവശ്യവുമെന്ന നിലയിൽ, അയോധ്യയിൽ പള്ളി പൊളിച്ച അതേ സ്ഥലത്ത് ഉജ്വലമായ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ബിജെപി. ദേശീയാധ്യക്ഷൻ അമിത് ഷായും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

രാമക്ഷേത്ര നിർമ്മാണത്തിൽ ആർ.എസ്.എസിന്റെയും വിഎച്ച്പിയുടെയും ആവശ്യത്തോടെ ഇതുവരെ കേന്ദ്രസർക്കാർ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ, ക്ഷേത്രം നിർമ്മിക്കുമെന്ന് അമിത് ഷാ സവ്യക്തമായി പ്രഖ്യാപിച്ചത് സംഘപരിവാർ ക്യാമ്പിന് നൽകുന്ന സന്തോഷം ചെറുതല്ല. പ്രത്യേകിച്ചും സംഘപരിവാറിന് നിർണായക സ്വാധീനമുള്ള ഉത്തർപ്രദേശിൽ സംസ്ഥാന സർക്കാരിന് വലിയ പ്രതീക്ഷ പകരുന്നതുകൂടിയാണ് ഈ പ്രഖ്യാപനം.