ഹാരി രാജകുമാരന്റെ ഭാര്യയായി മേഘൻ മെർക്ക്ൽ വന്നതോടെ, കൊട്ടാരത്തിൽ അസ്വാരസ്യങ്ങളും തലപൊക്കിയെന്നാണ് ഗോസിപ്പുകൾ. മേഘന്റെ പല ചെയ്തികളും കൊട്ടാരത്തിന് ചേർന്നതല്ലെന്ന വിമർശനവും ഉയർന്നു. മേഘനും വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റും തമ്മിൽ കടുന്ന ഭിന്നതയാണെന്ന വാർത്തകളും ഇതിനിടെ പുറത്തുവന്നു. എന്നാൽ, ഇത്തരം അഭ്യൂഹങ്ങളെയൊക്കെ പാടേ തള്ളിക്കളയുന്നതായിരുന്നു സന്ദ്രിങ്ഘാമിലെ പള്ളിയിൽ ഇന്നലെ നടന്ന ക്രിസ്മസ് ആഘോഷങ്ങൾ.

കെയ്റ്റും മേഘനും ഭർത്താക്കന്മാർക്കൊപ്പം പള്ളിയിലേക്ക് എത്തിയപ്പോൾ കാത്തുനിന്ന ജനക്കൂട്ടം ഹർഷാരവം മുഴക്കി അവരെ സ്വീകരിച്ചു. രാജകുടുംബത്തിന്റെ നോർഫോൾക്കിലെ സന്ദ്രിങ്ഘാം ഹൗസിൽനിന്ന് നടക്കാൻ മാത്രം ദൂരമുള്ള സെന്റ് മേരി മഗ്ദലീൻ ചർച്ചിലായിരുന്നു ക്രിസ്മസ് ആഘോഷങ്ങൾ. എലിസബത്ത്് രാജ്ഞിയുൾപ്പെടെ ഇവിടെയാണ് കുർബാനയ്‌ക്കെത്തിയത്. വില്യമും കെയ്റ്റും ഹാരിയും മേഘനും ഒരുമിച്ചാണ് പള്ളിയിലെത്തിയത്.

ഭാര്യമാർ തമ്മിലുള്ള നാത്തൂൻപോര് വില്യമും ഹാരിയും തമ്മിലുള്ള അകൽച്ചയ്ക്കുപോലും കാരണമായതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. അവർ ക്രിസ്മസ് ആഘോഷങ്ങൾ വെവ്വേറെയാക്കുമെന്ന സൂചനകളും ശക്തമായിരുന്നു. എന്നാൽ, ഏതാനും ആഴ്ചകൾമുമ്പ് ഇരുവരും ഒരുമിച്ച് സന്ദ്രിങ്ഘാമിൽ കുർബാനയിൽ പങ്കെടുക്കുമെന്ന് കൊട്ടാരം സ്ഥിരീകരിച്ചു. അത് ശരിവെച്ചുകൊണ്ട് സഹോദരങ്ങൾ ഭാര്യമാർക്കൊപ്പം തന്നെ പള്ളിയിലെത്തുകയും ചെയ്തു.

ഭർത്താക്കന്മാരുടെ കൈയിൽ പിടിച്ചുകൊണ്ടാണ് കെയ്റ്റും മേഘനും എത്തിയത്. വഴിനീളെ കെയ്റ്റും മേഘനുമായി കുശലം പറയുകയും പരസ്പരം ചിരിക്കുകയും ചെയ്തുകൊണ്ടായിരുന്നു നടത്തം. ഇടയ്ക്ക് തോളിൽ തട്ടി സ്‌നേഹം പങ്കുവെക്കാനും അവർ മറന്നില്ല. കൊട്ടാരത്തിൽനിന്നുള്ള വിശിഷ്ടവ്യക്തികളുടെ വരവ് കാത്ത് നൂറുകണക്കിനാളുകൾ അവിടെയെത്തിയിരുന്നു. അവർക്ക് മുന്നിൽ, അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്ന് കാണിക്കുന്ന രീതിയിലായിരുന്നു ഇരുവരുടെയും നീക്കങ്ങൾ.

ഫിലിപ്പ് രാജകുമാരനും കാമില രാജകുമാരിയുമൊഴികെയുള്ള പ്രമുഖർ എല്ലാം കുർബാനയ്ക്ക് എത്തിയിരുന്നു. ഫിലിപ്പ് രാജകുമാരന്റെ അസാന്നിധ്യം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾക്കും ഇടയാക്കി. എന്നാൽ, ആരോഗ്യനില തൃപ്തികരമാണെന്നും കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിനാലാണ് സന്ദ്രിങ്ഘാമിൽ എത്താതിരുന്നതെന്നും കൊട്ടാരം വ്യക്തമാക്കി. പനിയെത്തുടർന്ന് വിശ്രമിക്കുന്നതിനാലാണ് കാമില എത്താതിരുന്നത്.