യേശുവിന്റെ ജനന ദിവസമായ ക്രിസ്മസിനെ ദേശീയ അവധിയായി പ്രഖ്യാപിച്ച ഇറാഖിന്റെ തീരുമാനത്തെ കൈയടികളോടെ സ്വാഗതം ചെയ്യുകയാണ് ലോകം. ഇതുവരെ ക്രിസ്ത്യാനികൾക്കുമാത്രമായിരുന്നു ക്രിസ്മസ് ദിനത്തിൽ അവധി നൽകിയിരുന്നത്. ദേശീയാവധി സംബന്ധിച്ച ചട്ടത്തിൽ ഭേദഗതി വരുത്തി ഇന്നലെ രാവിലെ ഇറാഖി മന്ത്രിസഭ ക്രിസ്മസിനെക്കൂടി ദേശീയാവധിയിൽ ഉൾപ്പെടുത്തുകയായിരുന്നു.

ഇറാഖിലെ ക്രിസ്ത്യൻ പൗരന്മാർക്കും എല്ലാ ഇറാഖികൾക്കും ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നവർക്കും ഹാപ്പി ക്രിസ്മസ്് ആശംസിച്ചുകൊണ്ടാണ് തീരുമാനം സർക്കാർ അറിയിച്ചത്. 95 ശതമാനത്തോളം മുസ്ലീങ്ങളുള്ള രാജ്യമാണ് ഇറാഖ്. ഇതിൽ 66 ശതമാനത്തോളം ഷിയ വിശ്വാസികളും 29 ശതമാനത്തോളം സുന്നി വിശ്വാസികളുമാണ്. മൂന്നുലക്ഷത്തോളം ക്രിസ്ത്യാനികൾ മാത്രമേ ഇറാഖിലുള്ളൂ. അർമീനിയക്കാർ, അറബികൾ, കുർദുകൾ, ഇറാഖി തുർക്ക്‌മെൻ തുടങ്ങിയവരാണ് ജനസംഖ്യയിലെ ശേഷിച്ചവർ.

2003-ലെ അമേരിക്കൻ അധിനിവേശത്തിന് മുമ്പ് ഇറാഖിൽ 14 ലക്ഷത്തോളം ക്രിസ്ത്യാനികളുണ്ടായിരുന്നു. ആഭ്യന്തര കലാപവും യുദ്ധവും രൂക്ഷമായതോടെ കുറേയധികം പേർ കൊല്ലപ്പെട്ടു. ശേഷിച്ചവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു. പിന്നീട് ഐസസിസ് ഭീകരർ പിടിമുറുക്കിയപ്പോഴും ക്രിസ്ത്യാനികൾ വലിയതോതിൽ ഉപദ്രവം നേരിടേണ്ടിവന്നു. ഐസിസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ക്രിസ്ത്യാനികൾ ഉയർന്ന നികുതി അടയ്ക്കുകയോ ഇസ്ലാമിലേക്ക് മാറുകയോ ചെയ്യേണ്ടിവന്നു. അല്ലാത്തവരെ ഭീകരർ വധിക്കുകയും ചെയ്തു.

കനത്ത സുരക്ഷാക്രമീകരണങ്ങൾക്ക് നടുവിലാണ് ഇറാഖിൽ ക്രിസ്മസ് ആഘോഷം നടക്കാറുള്ളത്. ബാഗ്ദാദിലെ സെന്റ് ജോർജ് ചാൽഡീൻ പള്ളിയിലാണ് പ്രധാനമായും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. അസീറിയക്കാർ കൂടുതലായി താമസിക്കുന്ന ക്വാറഖോഷിലെ അൽ-താഹിറ അൽ കുബ്ര പള്ളിയിലും മാർ അഡ്ഡായി ചാൽഡീൻ പള്ളിയിലും വിശ്വാസികൾ ഒരുമിച്ചുകൂടി ക്രിസ്മസ് ആഘോഷിച്ചു.