ശൈത്യകാലത്തിന്റെ അകമ്പടിയോടെയാണ് ക്രിസ്മസ് എത്തുന്നത്. ക്രിസ്മസ് ദിനത്തിൽ ബിക്കിനിയണിഞ്ഞ് ബീച്ചുകളിലും തടാകങ്ങളിലുമിറങ്ങി കുളിച്ചാലോ? കുളിരുകോരുന്ന ഈ ക്രിസ്മസ് കുളി ഇപ്പോൾ യുവതികൾക്കിടയിൽ തരംഗമാണ്. പരമ്പരാഗതമായി പലയിടത്തും നടന്നുകൊണ്ടിരുന്ന നീന്തൽ മത്സരങ്ങൾക്കൊപ്പം ക്രിസ്മസ് ഡേ ചലഞ്ചായി സോഷ്യൽമീഡിയയിലൂടെ വൈറലായ ക്രിസ്മസ് ഡിപ്പ് കുളിക്കുവേണ്ടി തയ്യാറെടുത്തവരായിരുന്നു ഇന്നലെ യൂറോപ്യൻ രാജ്യങ്ങളിലെ രസകരമായ കാഴ്ചകളിലൊന്ന്.

മിക്കവാറും രാജ്യങ്ങളിലൊക്കെ തണുപ്പുകൂടിയ സ്ഥലങ്ങളിൽ യുവതികൾ കൂട്ടത്തോടെ ഈ ചലഞ്ചിനെത്തി. പലയിടത്തും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി ആവിഷ്‌കരിച്ചത്. ബേൺമത്തിൽ മക്മില്ലൻ കെയറിങ്ങിനുവേണ്ടി ധനം സമാഹരിക്കുന്നതിനാണ് ബോസ്‌കോംബി പീറിൽ ക്രിസ്മസ് ഡിപ്പ് സംഘടിപ്പിച്ചത്. ലണ്ടനിൽ ക്രിസ്മസ് ഡേ പീറ്റർ പാൻ കപ്പിനുവേണ്ടി നടന്ന ക്രിസ്മസ് ഡിപ്പ് ഹൈഡ് പാർക്കിലെ സെർപന്റൈൻ തടാകത്തിലാണ് സംഘടിപ്പിച്ചത്.

ഇംഗ്ലണ്ടിൽ പലയിടത്തും സമാനമായ ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. ബർമ്മിങ്ങാമിലെ സുട്ടൺ പാർക്കിലുള്ള ബ്ലാക്ക്‌റൂട്ട് പൂളിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്. സ്‌പെയിനിലെ ബാഴ്‌സലോണയിൽ പോർട്ട് വെല്ലിൽ നൂറുകണക്കിനാളുകളാണ് ക്രിസ്മസ് ഡിപ്പിനെത്തിയത്. കോപ്പ നഡാൽ (ക്രിസ്മസ് കപ്പ്) നീന്തൽ മത്സരമാണ് അവിടെ സംഘടിപ്പിച്ചിരുന്നത്. ഡബ്ലിനിൽ കഴിഞ്ഞ 42 വർഷമായി ക്രിസ്മസ് ഡിപ്പ് സംഘടിപ്പിക്കാറുണ്ട്. ഇവിടെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് മത്സരം.