ഭാര്യയുമായി വഴക്കുമൂക്കുകയാണെന്ന് കണ്ടാൽ എന്താണ് ചെയ്യുക. സമ്മർദം കൂടി അവരുമായി വഴക്കടിക്കുന്നത് തുടരുന്നതിന് പകരം, ദീർഘമായൊരു ശ്വാസമെടുക്കുക. പതിയെ പുറത്തേക്കുവിടുക. നിങ്ങളുടെ ടെൻഷൻ പകുതി കുറഞ്ഞിരിക്കും. വഴക്കിൽനിന്ന് പതുക്കെ സമാധാനത്തിന്റെ പാതയിലേക്ക് വരാനാകും. ശ്വാസോച്ഛാസം കൊണ്ട് സമ്മർദത്തെ അതിജീവിക്കാനാകുമെന്ന് സ്വാനുഭവത്തിലൂടെ തെളിയിക്കുകയാണ് വെൽനെസ് എക്‌സ്‌പേർട്ടായ റിച്ചി ബോസ്‌റ്റോക്ക്. ആശങ്കയോ വിഷാദമോ സമ്മർദമോ എന്തുതന്നെയായാലും അതിനെ അതിജീവിക്കാൻ ചില പ്രത്യേകതരം ശ്വസനപ്രക്രീയകൾ കൊണ്ട് സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.

വല്ലാത്ത ആശങ്ക പിരിമുറുക്കം സൃഷ്ടിക്കുമ്പോൾ പ്രത്യേകതരം ശ്വസനക്രിയയാണ് ചെയ്യേണ്ടത്. അതിനാദ്യം നിങ്ങളുടെ രണ്ടുകൈകളും വയറിന് കുറുകെ ശരീരത്തിന്റെ ഇരുഭാഗങ്ങളുമായി വെയ്ക്കുക. ശ്വാസം അകത്തേയ്‌ക്കെടുക്കുമ്പോൾ കൈകൾ മുകളിലേക്ക് ഏതാനും സെന്റീമീറ്റർ ഉയരുന്നതുപോലെ തോന്നും. ശ്വാസം പുറത്തേക്ക് വിടുമ്പോൾ കൈകൾ താഴേക്കുവരുന്നതായും. മൂന്നുസെക്കൻഡ് അകത്തേക്ക് ശ്വാസമെടുക്കുക. പതുക്കെ, ആറുസെക്കൻഡുകൊണ്ട് അകത്തേക്ക് വിടുക. പിന്നീട് മൂന്നുസെക്കൻഡ് ശ്ാസമെടുക്കരുത്. ഇതിൽനിന്ന് ആശ്വാസം കിട്ടുന്നുണ്ടെങ്കിൽ, ശ്വാസമെടുക്കുന്നതിന്റെയും പുറത്തേക്ക് വിടുന്നതിന്റെയും ദൈർഘ്യം കൂട്ടുകയും ചെയ്യാം. ഈ രീതി അഞ്ചുമിനിറ്റ് നേരത്തേക്ക് തുടരുക.

ചിലദിവസങ്ങളിൽ കടുത്ത സമ്മർദം നിങ്ങളെ ആകെ പരിക്ഷീണിതരാക്കും. അങ്ങനെയുള്ളപ്പോഴും ശ്വസനക്രിയയിലൂടെ പരിഹാരം കണ്ടെത്താനാകും. അതിനായി ആദ്യം ചെയ്യേണ്ടത് എവിടെയെങ്കിലും സ്വസ്ഥമായി കണ്ണുകളടച്ചിരിക്കുക. കൈയിലെ പൾസ് നോക്കി ഹൃദയമിടിപ്പിന്റെ താളം കണ്ടെത്തുക. ഹൃദയമിടിപ്പിന്റെ താളത്തിനനുസരിച്ചാണ് ശ്വാസം അകത്തേക്ക് എടുക്കേണ്ടതും പുറത്തേക്ക് വിടേണ്ടതും. അഞ്ച് ഹൃദയമിടിപ്പിന്റെ നേരത്തേക്ക് ശ്വസിക്കുക. അതേ രീതിയിൽ പുറത്തേക്ക് വിടുക. ഈ രീതി അഞ്ചുമിനിറ്റ് തുടർന്നശേഷം പൾസ് പരിശോധിക്കുക. ഹൃദയമിടിപ്പിന്റെ വേഗം കുറഞ്ഞിട്ടുണ്ടാകും.

അലസതയോ മടിയോ ബാധിച്ച് എണീക്കാൻ തോന്നാത്ത ചില സമയങ്ങളുണ്ട്. അതിനെയും ശ്വാസോച്ഛാസം ക്രമീകരിച്ച് ശരിയാക്കാം. അതിനായി മൂന്നുതവണ തുടരെത്തുടരെ ശ്വാസം അകത്തേക്കെടുക്കുക. ശ്വാസകോശം നിറഞ്ഞുവെന്ന് ഉറപ്പായാൽ, ചെറിയൊരു ശബ്ദത്തോടെ വായിലൂടെ ശ്വാസം പുറത്തേക്ക് വീടുക. മൂന്നുമിനിറ്റോളം ഇതുചെയ്തുനോക്കൂ, ക്ഷീണവും അലസതയും പമ്പകടന്നിരിക്കും.

വീട്ടിലോ പുറത്തോ ജോലിസ്ഥലത്തോ മറ്റൊരാളുമായി ഏറ്റുമുട്ടേണ്ടിവരുമ്പോഴും ശ്വസനക്രിയ സഹായത്തിനെത്തും. ബോക്‌സ് ബ്രീത്തി്ങ് എന്നാണിതിന് പേര്. ഇതിനായി ആദ്യം അഞ്ചെന്ന് എണ്ണുന്നതുവരെ ശ്വാസം അകത്തേക്കെടുക്കുക. പിന്നീട് അതേരീതിയിൽ ശ്വാസം പുറത്തേക്ക് വിടുക. പിന്നീട് അഞ്ചെന്ന് എണ്ണുന്നതുവരെ ശ്വാസംപിടിച്ചുനിൽക്കുക. ഈ രീതി അഞ്ചുമിനിറ്റോളം തുടർന്നാൽ നിങ്ങളുടെ മനസ്സ് ശാന്തമായി ആ സാഹചര്യത്തെ അതിജീവിക്കാൻ പാകത്തിലായിട്ടുണ്ടാവും.

ചിലപ്പോൾ ഒരപകടമോ കൊലപാതകം പോലുള്ള ദൃശ്യമോ നിങ്ങളുടെ മുന്നിലെത്തിയേക്കാം. മിക്കവരും ആ ഘട്ടത്തിൽചെയ്യുന്ന പ്രതികരണം ശ്വാസം പിടിച്ചുനിൽക്കുകയെന്നതാവും. എന്നാൽ, ശ്വാസം പിടിച്ചുനിൽക്കുകയല്ല, തുടർച്ചയായി ശ്വസിക്കുകയാണ് ആ ഘട്ടത്തിൽ ചെയ്യേണ്ടത്. അപകടദൃശ്യമുണ്ടാക്കിയ നടുക്കം നിങ്ങളിൽനിന്ന് മാറാൻ അത് സഹായിക്കും.