തിരുവനന്തപുരം: പിരിച്ചുവിടലും ആത്മഹത്യാ ശ്രമങ്ങളും കൊണ്ട് വിവാദത്തിലായ അംബാനി ചാനലായ ന്യൂസ് 18-ൽ വീണ്ടും പുറത്താക്കൽ നടപടി. കാമുകിയിൽ നിന്ന് രക്ഷനേടാൻ ആത്മഹത്യാ ശ്രമം ഫേസ്‌ബുക്ക് ലൈവ് നടത്തിയ അവതാരകനോട് രാജി വെയ്ക്കാൻ മാനേജ്മെന്റ് നിർദ്ദേശം നൽകി. ആത്മഹത്യാശ്രമം നടത്തിയ മറ്റുള്ളവർക്കും സമാനനടപടി നേരിടേണ്ടി വരുമെന്ന വിവരം അറിഞ്ഞു സീനിയർ അസോസിയേറ്റ് എഡിറ്റർ പദവിയിലുള്ള മാധ്യമ പ്രവർത്തകൻ സ്വയം രാജിവെച്ചു.

പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ആത്മഹത്യാ ശ്രമം നടത്തിയ മാധ്യമ പ്രവർത്തകയുടെ പരാതിയിൽ പെട്ടു ജീവനൊടുക്കാൻ ശ്രമിച്ച മുതിർന്ന മാധ്യമ പ്രവർത്തകനാണ് രാജിക്കത്ത് നല്കിയത്. രാജി സ്വീകരിക്കാതിരിക്കാൻ എഡിറ്റോറിയൽ നേതൃത്വം മാനേജ്‌മെന്റിൽ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും തീരുമാനം അനുകൂലം അല്ലെന്നാണ് സൂചന.

ആത്മഹത്യാ ശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട മുതിർന്ന മാധ്യമ പ്രവർത്തകൻ ഒരു മാസമായി ഡൽഹിയിൽ ആയിരുന്നു. മാനസികമായി ഉലഞ്ഞ അദേഹത്തിന്റെ കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് ഡൽഹിയിൽ പ്രവർത്തിക്കാൻ അവസരം കൊടുത്തത്. ഇതിനിടെയാണ് ചാനലിലെ മൂന്നാമത്തെ ആത്മഹത്യാ ശ്രമം നടന്നത്. ഇതോടെയാണ് നടപടി എടുത്തേ മതിയാകു എന്ന നിലപാടിലേക്ക് മാനേജ്മന്റ് എത്തുന്നത്. എഡിറ്റോറിയൽ വിഭാഗവുമായി ആലോചിച്ചു നടപടി നീക്കിയപ്പോൾ തന്നെ വിവരം ചോർന്നു.

അങ്ങനെയാണ് ആത്മഹത്യാ ശ്രമം നടത്തിയവർക്ക് എല്ലാം നടപടി നേരിടേണ്ടി വരുമെന്ന ശ്രുതി പരന്നത്. അത് ഡൽഹിയിലും എത്തി. ഇതോടെ നടപടി വരും മുൻപേ രാജി വെക്കാം എന്ന തീരുമാനത്തിലേക്ക് സീനിയർ അസോസിയേറ്റ് എഡിറ്റർ തസ്തികയിലുള്ള മാധ്യമ പ്രവർത്തകൻ എത്തുന്നത്. രാജി നൽകിയ ശേഷം സഹപ്രവർത്തകരോട് യാ ്രപറഞ്ഞ അദ്ദേഹം പിന്നീട് ഓഫീസിൽ നിന്നുള്ള ഫോൺ വിളികളോടും പ്രതികരിച്ചില്ല.

കേരളത്തിലെ മാധ്യമരംഗം കീഴടക്കാൻ വന്ന് വിവാദത്തിലായ അംബാനി ചാനലിന് ഇനിയും വാർത്തലോകത്തു കാലുറപ്പിക്കാൻ ആയിട്ടില്ല. വാർത്ത നൽകി പേരെടുക്കേണ്ട ചാനലും അതിലെ പ്രവർത്തകരും സ്വയം വാർത്ത ആകുന്ന ദുരവസ്ഥയിൽ അമ്പരന്നു നില്കുകയാണ് മാനേജ്മന്റ്. കൂനിന്മേൽ കുരു പോലെ ദിനം പ്രതി പ്രശ്‌നങ്ങൾ കൂടുകയും ചെയ്യുന്നതിൽ മാനേജ്‌മെന്റിന് കടുത്ത അസംതൃപ്തിയുമുണ്ട്.