തിരുവനന്തപുരം: എഡിറ്റർ ഉൾപ്പെടെയുള്ളവരുടെ കൊടിയ പീഡനവും ജോലി തെറിപ്പിക്കുമെന്ന ഭീഷണിയും സഹിക്കാനാകാതെ ന്യൂസ് 18 കേരള ചാനലിലെ മാധ്യമ പ്രവർത്തക ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ ഇരയെ സമ്മർദ്ദത്തിലാക്കി പരാതി പിൻവലിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. ഇന്ന് ഉച്ചയ്ക്ക് പൊലീസിനു നൽകിയ മൊഴിയിലും ചാനൽ എഡിറ്റർ രാജീവ് ദേവരാജിനും അവതാരകൻ സനീഷിനും എതിരായ ആരോപണങ്ങളിൽ പെൺകുട്ടി ഉറച്ചു നിൽക്കുന്ന സാചര്യത്തിലാണ് പരാതി പിന്തിരിപ്പിക്കാനുള്ള സമ്മർദ്ദതന്ത്രവുമായി മുൻഎഡിറ്റർ ജയദീപ് ഉൾപ്പെടെയുള്ളവരെ രംഗത്തിറക്കിയിരിക്കുന്നത്.

ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി പരാതിയിൽ ഉറച്ചു നിൽക്കുന്നതിനാൽ അറസ്റ്റ് ഒഴിവാക്കാൻ സാധിക്കില്ലെന്ന സൂചന കഴക്കൂട്ടം സിഐ നൽകിയതിനെത്തുടർന്നാണ് ഏതുവിധേനയും പരാതി പിൻവലിപ്പിക്കാൻ പെൺകുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രി വരാന്തയിൽ ചാനൽ പ്രമുഖർ ഉൾപ്പെടെയുള്ളവർ മധ്യസ്ഥതയ്ക്കായി കയറിയിറങ്ങുന്നത്. നേരത്തെ രാജീവ് ദേവരാജ് നടത്തിയ നീക്കത്തിനൊടുവിൽ എഡിറ്ററുടെ കസേര നഷ്ടപ്പെട്ട ജയദീപിനെയാണ് ഇപ്പോൾ അനുനയ നീക്കത്തിനായി മാനേജ്‌മെന്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ രാവിലെ ഡൽഹിയിൽ നിന്ന് എത്തിയ ന്യൂസ് 18-ന്റെ ഗ്രൂപ്പ് എഡിറ്റർ രാജേഷ് റെയ്‌ന, എച്ച്ആർ വൈസ് പ്രസിഡന്റ് മധുസൂദൻ മാണ്ട എന്നിവർ ജീവനക്കാരുടെ പ്രതിനിധികളോടും പിരിച്ചുവിടൽ നോട്ടീസ് കിട്ടിയവരോടും വിവരങ്ങൾ ആരാഞ്ഞു. സ്ഥാപനത്തിൽ നടക്കുന്ന അച്ചടക്ക രാഹിത്യത്തെക്കുറിച്ചും അനധികൃതനിയമനങ്ങളെ കുറിച്ചുമുള്ള പരാതികെട്ടുകളുമായാണ് ജീവനക്കാർ എത്തിയത്. അതേസമയം രാജീവ് ദേവാരാജിനെയും സംഘത്തെയും അനുകൂലിക്കുന്ന ജീവനക്കാർ ആരും ഇക്കൂട്ടത്തിൽ ഇല്ലായിരുന്നെന്നതാണ് സത്യം. എഡിറ്റർ രാജീവ് ദേവരാജും ഡെപ്യൂട്ടി എഡിറ്റർ ബി ദിലീപ് കുമാറും, അവതാരകൻ സിഎൻ പ്രകാശും തങ്ങൾ ഇഷ്ടപ്പെട്ടവരെ യോഗ്യത നോക്കാതെ തിരുകി കയറ്റുകയാണെന്നും അതാണ് ചാനലിലെ നിലവിലെ പ്രതസന്ധിക്ക് ഇടയാക്കിയതെന്നുമായിരുന്നു ജീവനക്കാരുടെ പരാതി. ചാനലിന്റെ നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാൻ പുതിയ നേതൃത്വം വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ചാനലിന്റെ മട്ടുംഭാവവും മാറ്റുന്നതിനുവേണ്ടി ഡൽഹിയിൽനിന്ന് നേരട്ടയച്ച അച്യുത് പുന്നേക്കാട് എന്നയാളും രാജീവ് ദേവരാജിന്റെ ഗ്രൂപ്പിൽ ചേർന്ന് മറ്റുള്ളവരെ ദ്രോഹിക്കുകയായിരുന്നെന്ന പരാതിയും ജീവനക്കാർ ഉയത്തിയിട്ടുണ്ട്.

രാജീവും ദിലീപും നടത്തുന്ന ഗ്രൂപ്പുകളിയുടെ ഇരകളാണ് തങ്ങൾ ഓരോരുത്തരുമെന്ന് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചവർ മാനേജ്‌മെന്റ് പ്രതിനിധികളോടു പറഞ്ഞു. ഇതിനിടയിലാണ് പൊലീസ് ഇരയുടെ മൊഴി രേഖപ്പെടുത്തിയെന്ന വാർത്ത പുറത്തു വനനത്. തന്നെ അപമാനിക്കുകയും ജാതി പറഞ്ഞ് അധിക്ഷ്പിക്കുകയും ചെയ്ത രാജീവ് ദേവരാജ്, ലല്ലു ശശിധരൻപിള്ള, ബി ദിലീപ് കുമാർ, ഇ സനീഷ്, സിഎൻ പ്രകാശ് എന്നിവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പെൺകുട്ടി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പല ദിവസങ്ങളിലും തന്റെ ഭാര്യ ഓഫീസിൽ താൻ നേരിടുന്ന ജാതീയ പീഡനത്തെ കുറിച്ചും ഒറ്റപ്പെടുത്തലിനെ കുറിച്ചും കരഞ്ഞു കൊണ്ട് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഇരയുടെ ഭർത്താവ് പൊലീസിനോടു വെളിപ്പെടുത്തി. എന്ത് അപമാനവും സഹിച്ച് താൻ അവിടെ തുടരുമെന്നും ബുദ്ധിമൂട്ടും പ്രയാസവും മാറ്റാൻ ഇതാല്ലാതെ വേറെ മാർഗമില്ലെന്നും കരഞ്ഞുകൊണ്ട് തന്നോടു പറയാറുണ്ടെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.

ചാനൽ മാനേജ്‌മെന്റും പ്രതിക്കൂട്ടിലാകുന്ന സാഹചര്യത്തിലാണ് മുൻഎഡിറ്റർ ജയ്ദീപും ഡൽഹി ലേഖകനായ ടിജെ ശ്രീലാലും ചേർന്ന് പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കി പരാതി പിൻവലിക്കാൻ ശ്രമിക്കുന്നത്. പലതവണ ആസുപത്രിയിൽ എത്തി പെൺകുട്ടിയെയും ബന്ധുക്കളെയും കണ്ടെങ്കിലും പരാതി പിൻവലിക്കാൻ അവർ തയാറായിട്ടില്ല. ഇതിനിടെ ജയ്ദീപിനെയും കൂട്ടരെയും ബന്ധുക്കൾ ആക്രമിച്ചേക്കാവുന്ന സ്ഥിതിവരെ ആശുപത്രിയിൽ ഉണ്ടായി. പെൺകുട്ടിയുടെ ബന്ധുക്കളിൽ ചിലർ രാജീവ് ദേവരാജ് എവിടെയെന്ന് ആന്വേഷിച്ചതായും സഹപ്രവർത്തകർ മറുനാടനോടു വെളിപ്പെടുത്തി. ഇതിനിടെ പെൺകുട്ടിയുടെ സുഹൃത്തും ദളിത് സാമൂഹ്യ പ്രവർത്തകയുമായ ധന്യാ രാമനെ സ്വാധീനിക്കാനും ജയദീപും കൂട്ടരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരുഘട്ടത്തിൽ രാജീവ് ദേവരാജ തന്നെ നേരിട്ട് ധന്യയോടും സംസാരിച്ചതായും സൂചനയുണ്ട്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ രാജീവും കൂട്ടരും ചേർന്ന് വൻശമ്പളം നൽകി നടത്തിയ നിയമനങ്ങൾ പുനപരിശോധിക്കണമെന്ന് ജീവനക്കാർ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇത്തരത്തിൽ നിയമിക്കപ്പെട്ട പലർക്കും ടെലിവിഷൻ-വാർത്താ മാധ്യമരംഗത്ത് പരിചയമില്ലെന്ന് രേഖാമൂലം ജീവനക്കാർ മാനേജ്‌മെന്റ് പ്രതിനിധികൾക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മലയാളം എഴുതാനോ വായിക്കാനോ അറിയാത്ത ആളെ സീനിയർ അസോസിയേറ്റ് എഡിറ്റർ പദവിയിൽ എന്തിനാണ് നിയിച്ചതെന്ന ജീവനക്കരുടെ ചോദ്യത്തിന് മാനേജ്‌മെന്റ് പ്രതിനിധികൾക്ക് ഉത്തരമില്ലായിരുന്നു.

ഇതിനിടെ അടുത്തകാലത്തു നടത്തിയ നിയമനങ്ങൾ പരിശോധിക്കാമെന്ന ഉറപ്പും ജീവനക്കാർക്കു നൽകി. ഇതിൽ ഒരു പണിയുമില്ലാതെ നടന്നിരുന്ന ദിലീപിന് ഒരുലക്ഷത്തോളം രൂപ ശമ്പളം നൽകുന്നത് എന്ത്ിന്റെ അടിസ്ഥാനത്തിൽ ആണെന്ന ചോദ്യവും ജീവനക്കാർ ഉന്നയിച്ചു. ജീവനക്കാരെ ഏറ്റവും അധികം ദ്രോഹിക്കുന്നത് ദിലീപാണെന്ന പരാതിയും അവർ ഉന്നയിച്ചിട്ടുണ്ട്. ഇയാൾ ഇന്ത്യാവിഷനിൽ ആയിരുന്ന കാലത്തും ഇതേ നിലപാടാണ് സ്വീകിരച്ചിരുന്നതെന്ന വിമർശനവും ജീവനക്കാർ മാനേജ്‌മെന്റിനെ അറിയിച്ചു. നിലവിൽ ആരോപണവിധേയർ ആയവരെല്ലാം ചാനലിന്റെ നിലപാടിനു വിരുദ്ധമായി ഇടത് അനകൂല വാർത്തകൾ ചാനലിലും പുറത്തും സൃഷ്ടിക്കുന്നവരാണെന്ന ആരോപണവും തെളിവു സഹിതം ജീവനക്കാർ സമർപ്പിച്ചിട്ടുണ്ട്.

പെൺകുട്ടി വാർത്താ അവതാരകൻ സനീഷിനെതിരെ പുതിയ മൊഴി നൽകിയ പശ്ചാത്തലത്തിൽ ദളിത് പീഡന നിരോധന നിയമ പ്രകാരം കേസെടുക്കുമെന്ന് കഴക്കൂട്ടം സിഐ പറഞ്ഞു. അറസ്റ്റ് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങളും പ്രതികൾ ആരംഭിച്ചിട്ടുണ്ട്. ദളിത് പീഡനം കൂടി ഉൾപ്പെടുത്തിയതോടെ ജാമ്യം കിട്ടാത്ത വകുപ്പുകളായിരിക്കും മാധ്യമ പ്രവർത്തകർക്കെതിരെ ചുമത്തുക.