തിരുവനന്തപുരം: കേരളത്തിലെ ദൃശ്യമാദ്ധ്യമരംഗത്ത് പുതിയ മത്സരത്തിന് തുടക്കമിട്ട് റിലയൻസിന്റെ മലയാളം വാർത്താചാനൽ സംപ്രേഷണം ആരംഭിച്ചു. റിലയൻസിന്റെ ദൃശ്യമാദ്ധ്യമ വിഭാഗമായ ന്യൂസ് 18 നെറ്റ് വർക്കിന്റെ ഭാഗമായ ന്യൂസ് 18 കേരളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഭദ്രദീപം കൊളുത്തി നിർവഹിച്ചത്.

റിലയൻസിനു കീഴിൽ പനോരമ ടെലിവിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാനൽ ഇക്കഴിഞ്ഞ വിഷു നാളിൽ തിരഞ്ഞെടുപ്പു പ്രചരണ വേളയിൽ ടെസ്റ്റ് റൺ ആരംഭിച്ചിരുന്നു. പനോരമ ടെലിവിഷൻ ഗ്രൂപ്പിന്റെ പതിമൂന്നാമത്തെ പ്രാദേശിക ഭാഷാ ചാനലാണ് ന്യൂസ് 18 കേരള.

ഇന്ത്യയിലെ വാർത്താ സംസ്‌കാരം കൈപ്പിടിയിലൊതുക്കുന്നതിന്റെ ഭാഗമായാണ് റിലയൻസ് വ്യാപകമായി പ്രാദേശിക വാർത്താ ചാനലുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. നിലവിൽ ന്യൂസ് 18 നെറ്റ് വർക്കിന് 13 ഭാഷാ ചാനലുകളുണ്ട്.

ഇതുകൂടാതെ മലയാളം, തമിഴ്, ആസാമീ ചാനലുകളാണ് ഇപ്പോൾ തുടങ്ങാൻ പോകുന്നത്. കേരളത്തിൽ വാർത്താസംപ്രേഷണത്തിന്റെ ചുക്കാൻ പിടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ചാനലുകളുടെ കുത്തക തകർക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം, വൻതോതിൽ പണംമുടക്കിയാണ് മലയാളം ചാനൽ ആരംഭിക്കുന്നത്. മറ്റ് ചാനലുകളിലെ പ്രമുഖർക്ക് വൻശമ്പളമാണ് റിലയൻസിന്റെ വാഗ്ദാനം.

ഇതോടെ വാർത്തയുടെ ലോകത്ത് മലയാളിക്ക് നവ്യാനുഭവം ആകുമെന്ന് അവകാശപ്പെടുന്ന ചാനലിലേക്ക് പ്രമുഖരുടെ ഒഴുക്ക് തുടങ്ങിയതായാണ് വാർത്തകൾ. പ്രമോദ് രാഘവനാണ് ന്യൂസ് 18 കേരളാമേധാവി. മനോരമ ന്യൂസ് ചാനലിന്റെ ഡൽഹി ബ്യൂറോ ചീഫായിരുന്ന ടി.ജെ. ശ്രീലാൽ രാജിവച്ച് ന്യൂസ് 18 ൽ ചേർന്നു.

വൻതുക ശമ്പളം നൽകിയാണ് ടി.ജെ. ശ്രീലാലിനെ ന്യൂസ് 18 സ്വന്തമാക്കിയത്. ഡൽഹിയിലെ മാദ്ധ്യമരംഗത്ത് ശ്രദ്ധേയമായ സാന്നിദ്ധ്യമായ ശ്രീലാലിനെ കിട്ടിയത് ന്യൂസ് 18 ന്റെ വാർത്താവിഭാഗത്തിന് കരുത്ത് പകർന്നിട്ടുണ്ട്. ശ്രീലാലിന് പിന്നാലെ ഇന്ത്യാവിഷൻ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു ബി. ദിലീപ് കുമാറും ന്യൂസ് 18 ൽ ചേർന്നു. ന്യൂസ് എഡിറ്ററായാണ് നിയമനം. എക്‌സിക്യൂട്ടീവ് എഡിറ്ററാകുന്നതിന് മുമ്പ് ഇന്ത്യാവിഷൻ ഡൽഹി ബ്യൂറോ ചീഫായിരുന്നു ദിലീപ്.

ബംഗ്ലാദേശ് അതിർത്തിയിൽവച്ച് തടിയന്റവിട നസീറിനെ അറസ്റ്റ് ചെയ്ത സംഭവം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി അജ്മൽ അമീർ കസബിനെ തൂക്കിക്കൊന്നത് ഉൾപ്പെടെയുള്ള വാർത്തകൾ ദേശിയതലത്തിൽ തന്നെ ആദ്യമായി ബ്രേക്ക് ചെയ്ത റിപ്പോർട്ടറാണ് ദിലീപ്. ഇന്ത്യാവിഷൻ വിട്ട ശേഷം ദുബൈയിലെ റേഡിയോ റെഡിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ദിലീപ് ഇവിടെ നിന്നും രാജിവച്ചാണ് ന്യൂസ് 18 ൽ ഇപ്പോൾ ചേർന്നത്. അന്വേഷണാത്മക പത്രപ്രവർത്തകനായ പ്രദീപ് സി. നെടുമണും ന്യൂസ് 18 ൽ ജോലിക്ക് ചേർന്നിട്ടുണ്ട്. റിപ്പോർട്ടർ ചാനലിലെ കാണാത്ത കേരളം പരിപാടിയിലൂടെ ശ്രദ്ധേയനായ മാദ്ധ്യമപ്രവർത്തകനാണ് പ്രദീപ് സി. നെടുമൺ. കൈരളിയുടെ ന്യൂസ് ചാനലായ പീപ്പിളിന്റെ വാർത്താവതാരകനായിരുന്ന പ്രദീപും ന്യൂസ് 18 ൽ എത്തി. ജയ് ഹിന്ദ് ടിവിയിലെ സീനിയർ ന്യൂസ് എഡിറ്റർ ശ്രീനാഥും ചാനലിന്റെ ഭാഗമായി.

തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ന്യൂസ് 18 ന്റെ അണിയറ പ്രവർത്തകർ കേരളത്തിലെത്തി മലയാളം ദൃശ്യമാദ്ധ്യമ പ്രവർത്തകരെ ചാക്കിട്ടുപിടിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ പ്രമുഖ ചാനലുകളിലെ ദൃശ്യമാദ്ധ്യമ പ്രവർത്തകർ റിലയൻസിലേക്ക് വരാൻ തയ്യാറായില്ല. ചാനലിന്റെ ഘടന എങ്ങനെയായിരിക്കും, ടീം ആരൊക്കെ ആയിരിക്കും എന്ന സംശയം നിലനിന്നിരുന്നതാണ് കാരണം. അതേസമയം, പൂട്ടിപ്പോയ ഇന്ത്യാവിഷൻ, പ്രതിസന്ധിയിലായ ടി.വി. ന്യൂ, റിപ്പോർട്ടർ തുടങ്ങിയ ചാനലുകളിൽ നിന്ന് മാദ്ധ്യമപ്രവർത്തകർ എത്തി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ന്യൂസ് 18 കേരള ചാനൽ പരീക്ഷണ സംപ്രേഷണവും ആരംഭിച്ചിരുന്നു. തൽസമയ സംപ്രേഷണത്തിനുള്ള ഡി.എസ്.എൻ.ജി അടക്കമുള്ള സംവിധാനങ്ങളുമായായിരുന്നു പരീക്ഷണ സംപ്രേഷണം.ഹൈദരാബാദിലെ രാമോജിറാവു ഫിലിംസിറ്റിയിൽ സജ്ജീകരിച്ച സ്റ്റുഡിയോയിൽ നിന്നായിരുന്നു പരീക്ഷണ സംപ്രേഷണം നടന്നത്.

വരും ദിവസങ്ങളിൽ മറ്റ് പ്രമുഖ ചാനലുകളുടെ വാർത്താവിഭാഗത്തിൽ നിന്ന് കൂടുതൽ പേർ ന്യൂസ് 18 ലേക്ക് എത്തുമെന്നാണ് സൂചന. ഇതിനുള്ള ചർച്ചകൾ നടന്നുവരികയാണ്. നിലവിൽ ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ എന്നിവ ഒഴികെയുള്ള ചാനലുകളുടെ വാർത്താവിഭാഗങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പല ചാനലുകളിലും മാദ്ധ്യമപ്രവർത്തകർക്ക് ശമ്പളം മുടങ്ങുന്ന അവസ്ഥയും ഉണ്ട്. റിപ്പോർട്ടർ ചാനലിൽ രണ്ടുമൂന്ന് മാസം കൂടുമ്പോഴാണ് ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്. ജീവൻ ടി.വിയിലും സ്ഥിതി വ്യത്യസ്ഥമല്ല. ജയ്ഹിന്ദിൽ ഭരണം മാറിയതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. ജയ്ഹിന്ദിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകയായിരുന്നു സിമിയും ജോലി രാജിവച്ച് ന്യൂസ് 18 ൽ ചേർന്നു. റിപ്പോർട്ടർ ചാനലിന്റെ കൊച്ചി റിപ്പോർട്ടറായിരുന്ന എം.എസ്. അനീഷ്‌കുമാർ ന്യൂസ് 18 ന്റെ ആലപ്പുഴ റിപ്പോർട്ടറാണ് ഇപ്പോൾ. റിപ്പോർട്ടർ ചാനലിന്റെ ഡസ്‌കിലുള്ള പലരുമായും ന്യൂസ് 18 മേധാവികൾ ചർച്ച നടത്തുന്നതായാണ് വിവരം.

അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുമായാണ് ന്യൂസ് 18 ചാനലിന്റെ വരവ്. വാർത്താസംപ്രേഷണത്തിൽ കൃത്യതയും വ്യക്തതയും ഉറപ്പാക്കാൻ വേണ്ട സോഫ്റ്റ് വെയറുകൾ തയ്യാറാക്കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജിറാവു ഫിലിംസിറ്റിയിലുള്ള സെൻട്രൽ ഡെസ്‌കിൽ നിന്നാണ് ന്യൂസ് 18 മലയാളത്തിന്റെ പരീക്ഷണ സംപ്രേഷണം നടന്നത്. ചാനലിന്റെ പൂർണ്ണമായ പ്രവർത്തനങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റിയാണ് ചാനലിന്റെ ഉദ്ഘാടനം നടന്നത്. കഴക്കൂട്ടത്തിനടുത്ത് എസ്.എഫ്.എസിന്റെ കെട്ടിടത്തിൽ കോടികൾ മുടക്കി അത്യാധുനിക ഓഫീസാണ് ചാനൽ ഒരുക്കിയിട്ടുള്ളത്്. ചാനലിന്റെ പ്രധാന സ്റ്റുഡിയോ ഇവിടെയായിരിക്കും. കേരളത്തിലെ ഏറ്റവും വലിയ വാർത്താസ്റ്റുഡിയോ ആണ് ന്യൂസ് 18 ന് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്.

കടുത്ത മത്സരമാണ് മലയാളം വാർത്താ ചാനലുകൾക്കിടയിൽ നിലവിലുള്ളത്. പ്രേക്ഷകരുടെ എണ്ണത്തിൽ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തുമ്പോൾ തൊട്ടടുത്ത സ്ഥാനങ്ങളിൽ മാതൃഭൂമിയും മനോരമയും ഉണ്ട്. വൻ മുതൽമുടക്കിൽ ന്യൂസ് 18 എത്തുന്നതോടെ ഈ മത്സരം കൊഴുക്കും റിലയൻസ് എന്ന ഭീമന്റെ പിന്തുണയും പ്രമുഖ മാദ്ധ്യമപ്രവർത്തകരുടെ സാന്നിദ്ധ്യം കൂടിയാകുമ്പോൾ മലയാളം ദൃശ്യമാദ്ധ്യമരംഗത്ത് ന്യൂസ് 18 സജീവസാന്നിധ്യമാകും. ഉദ്ഘാടന ചടങ്ങിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്മുഖ്യമന്ത്രിമാരായ വി എസ്. അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി, ഇ.ടി.വി. നെറ്റ്‌വർക് സിഇഒ: ജഗദീഷ് ചന്ദ്ര, ഗ്രൂപ്പ് എഡിറ്റർ രാജേഷ് റെയ്‌ന, ന്യൂസ് 18 കേരളാമേധാവി പ്രമോദ് രാഘവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിന്റെ വീഡിയോ