കുമളി: മേരിക്കുട്ടിയുടെ ദയനീയ അവസ്ഥ കണ്ട അധികൃതർ നാലു ലക്ഷം രൂപയാണ് സഹായധനമായി പ്രഖ്യാപിച്ചത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ചില്ലി പൈസ കിട്ടാതായതോടെയാണ് മേരിക്കുട്ടി അധികൃതരെ സമീപിച്ചത്. ലഭിച്ച മറുപടിയാകട്ടെ് 2020 മെയ്‌ 8ന് ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്ന്. എന്നാൽ ബാങ്കുകാർ പറയുന്നത് മേരിക്കുട്ടിയുടെ ബാങ്കിലേക്ക് പത്ത് പൈസ വന്നിട്ടില്ലെന്നും.

2019ലെ മഴക്കെടുതിയിൽ കിടപ്പാടം നശിച്ച വീട്ടമ്മയ്ക്കു ലഭിച്ച 'സർക്കാർ സഹായ'ത്തിന്റെ അവസ്ഥയാണിത്. കുമളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ കൊല്ലംപട്ടട കുരിശുമല ഭാഗത്തു താമസിക്കുന്ന തടംകുഴിയിൽ മേരിക്കുട്ടിയാണ് അധികൃതരുടെ കനിവു തേടി ഓഫിസുകൾ കയറി ഇറങ്ങുന്നത്. 2019 ഓഗസ്റ്റ് 13നാണ് മേരിക്കുട്ടിയുടെ അഞ്ച് സെന്റ് സ്ഥലവും വീടും ഉരുൾപൊട്ടലിൽ തകർന്നത്.

സ്ഥലം സന്ദർശിച്ച റവന്യു അധികൃതർ മേരിക്കുട്ടിയുടെ ദയനീയ അവസ്ഥ കണ്ട് സഹായമായി നാലു ലക്ഷം അനുവദിച്ചു. ഒരു വർഷത്തോളം കാത്തിരുന്നിട്ടും പണം ലഭിച്ചില്ല. പ്രഖ്യാപിച്ച പണം ലഭിക്കാതെ വന്നതോടെ താലൂക്ക് ഓഫിസിൽ കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് 2020 മെയ്‌ 8ന് ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്കു കൈമാറിയതായി റവന്യു അധികൃതർ പറയുന്നത്.

പക്ഷേ ഇനിയും ഈ തുക എസ്‌ബിഐ ശാഖയിലെ ഇവരുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. വീണ്ടും റവന്യു ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ പൂജ്യം ബാലൻസ് അക്കൗണ്ട് ആയതിനാലായിരിക്കാം പണം എത്താതിരിക്കുന്നതെന്ന മറുപടിയാണു നൽകിയത്. ഇതിനിടെ, അവശേഷിക്കുന്ന വീടിന്റെ ഭാഗവും മുറ്റവും കഴിഞ്ഞ ദിവസം ഉണ്ടായ മഴക്കെടുതിയിൽ ഒലിച്ചുപോയി. മേരിക്കുട്ടിയും വിധവയായ മകളും 3 ചെറുമക്കളും അയൽവാസിയുടെ കാരുണ്യത്തിലാണിപ്പോൾ കഴിയുന്നത്.