മുംബൈ: പാർട്ടി നിലപാടുകൾക്കു വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്ന കുടുംബത്തിലെ ഇളമുറക്കാരനെ തള്ളിപ്പറഞ്ഞ് എൻസിപി അധ്യക്ഷൻ ശരദ് പവാർ. സഹോദര പുത്രനും, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകനുമായ യുവനേതാവ് പാർഥ് പവാറിന് നേരെയാണ് ശരദ് പവാർ വടിയെടുത്തത്. പാർഥിന് പക്വതയില്ലെന്നും അയാളുടെ പ്രസ്താവനകൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നും ശരദ് പവാർ പറഞ്ഞു.

ബോളിവുഡ് നടൻ സുശാന്തിന്റെ മരണം സംബന്ധിച്ച കേസ് സിബിഐയ്ക്കു വിടണമെന്ന പാർഥിന്റെ ആവശ്യമാണ് ഒടുവിലത്തെ 'അഭിപ്രായ ഭിന്നത'. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ച് നടത്തിയ പരാമർശവും വിവാദമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർത്ഥിയായി മത്സരിച്ച പാർഥ് പരാജയപ്പെട്ടിരുന്നു. കുറ്റപ്പെടുത്തലിനു പിന്നാലെ ശരദ് പവാറും, മകൾ സുപ്രിയ സുളെയും അജിത് പവാറും ഒറ്റയ്‌ക്കൊറ്റയ്ക്ക് കൂടിക്കാഴ്ചകൾ നടത്തി. പിന്നാലെ, പാർഥും ശരദ് പവാറിനെ സന്ദർശിച്ചു.