ഫ്രാൻസിൽ അവധിക്കാലം ആഘോഷിക്കുന്ന ആയിരക്കണക്കിന് ബ്രിട്ടീഷുകാർക്ക് ഇരുട്ടടിയായി ഫ്രാൻസിനെ കൂടി, സന്ദർശിച്ചു മടങ്ങുമ്പോൾ ക്വാറന്റൈൻ ആവശ്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ചേർത്തു. ഏതാണ്ട് ഒരാഴ്‌ച്ചക്കാലത്തെ ഊഹോപോഹങ്ങൾക്ക് അറുതി വരുത്തിക്കൊണ്ടാണ് ഫ്രാൻസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് തിരിച്ചെത്തുന്നവർ 14 ദിവസത്തെ ക്വാറന്റൈന് നിർബന്ധമായും വിധേയരാകണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്ന് വെളുപ്പിന് 4 മണിമുതൽ ഈ ഉത്തരവ് നിലവിൽ വരും. ഏകദേശം 5 ലക്ഷത്തോളം ബ്രിട്ടീഷുകാർ ഇപ്പോൾ ഫ്രാൻസിൽ അവധിക്കാലം ആഘോഷിക്കുകയാണെന്നാണ് കണക്ക്. ഇന്നലെ, 2,669 പുതിയ കോവിഡ് കേസുകളാണ് ഫ്രാൻസിൽ രേഖപ്പെടുത്തിയത്. തൊട്ടു മുൻപത്തെ ദിവസം അത് 2,524 ആയിരുന്നു. ലോക്ക്ഡൗണിൽ ഇളവ് വരുത്തിയശേഷം രാജ്യം കണ്ട ഏറ്റവും വലിയ സംഖ്യയാണിത്.

നേരത്തേ പോർച്ചുഗലും, സ്പെയിനും ക്വാറന്റൈൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ ഫ്രാൻസിനൊപ്പം നെതർലാൻഡ്സ്, മൊണാക്കൊ, മാൾട്ട എന്നീ രാജ്യങ്ങളേയും സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയാൽ ക്വാറന്റൈൻ ആവശ്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം കരീബിയയുടെ ഭാഗങ്ങളായ ടർക്സ് ആൻഡ് കൈക്കോ ദ്വീപുകൾ, ആറുബ എന്നിവിടങ്ങളും ഈ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒന്നു രണ്ടാഴ്‌ച്ചകളായി ഫ്രാൻസിൽ രോഗവ്യൂാപനം ശക്തിപ്രാപിക്കാൻ തുടങ്ങിയതോടെ ഫ്രാൻസും ക്വാറന്റൈൻ ആവശ്യമുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടും എന്നൊരു അഭ്യുഹം പരന്നിരുന്നു. മാത്രമല്ല, ബ്രിട്ടന്റെ രക്ഷക്കായി ഏത്ര അടുത്ത സുഹൃദ്ബന്ധമുള്ള രാജ്യത്തേയും ഈ ലിസ്റ്റിൽ പെടുത്തുമെന്ന് ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിലവിൽ, 1 ലക്ഷം പേരിൽ 20 പേർക്ക് രോഗബാധ എന്ന നിലയിലെത്തിയിരിക്കുകയാണ് ഫ്രാൻസ്.

ഇന്നലെ ക്വാറന്റൈൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയ മറ്റ് രാജ്യങ്ങളിലും കോവിഡ് വ്യാപനം ശക്തി പ്രാപിക്കുകയാണ്. നെതർലാൻഡ്സിൽ 1 ലക്ഷം പേരിൽ 23.1 പേർക്ക് കോവിഡ് ബാധയുണ്ടെങ്കിൽ ജിബ്രാൾട്ടറിൽ അത് 35.6 ഉം, മൊണാക്കോയിൽ 38.2 ഉം മാൾട്ടയിൽ 46.7 ഉം ആണ്. കരീബിയൻ ദ്വീപുകളുടെ ഭാഗമായ ടർക്ക്സ് ആൻഡ് കൈക്കോസ് ദ്വീപുകളിൽ 1 ലക്ഷം പേരിൽ 278.9 പേർക്ക് രോഗബാധയുള്ളപ്പോൾ അറുബയിൽ അത് 547.9 ആണ്. അതേസമയം ഫ്രാൻസിനേക്കാൾ രോഗവ്യാപന തോത് കുറവുള്ള ഡെന്മാർക്ക്, ഐസ്ലാൻഡ്, ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്സർലാൻഡ്, പോളണ്ട് എന്നിവയും ഇപ്പോൾ ക്വാറന്റൈൻ ലിസ്റ്റിലുണ്ട്.