നോർത്താംപ്ടണിലെ ഒരു ഭക്ഷ്യ നിർമ്മാണ ഫാക്ടറിയിൽ മുന്നോറോളം പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടെ പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എം & എസ് ശ്രൃംഖലയിൽ സാൻഡ്വിച്ച് അടക്കമുള്ള ഭക്ഷണ സാധനങ്ങൾ നൽകുന്ന ഗ്രീൻകോർ ഫൂഡ്സ് എന്ന കമ്പനിയിലാണ് 292 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. പട്ടണത്തിലെ മോൾട്ടൻ പാർക്ക് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് ഈ കമ്പനി സ്ഥിതിചെയ്യുന്നത്. രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരെല്ലാം സെൽഫ് ഐസൊലേഷനിലാണെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

പ്രാദേശിക ആരോഗ്യ പ്രവർത്തകർ പറഞ്ഞത് ഇതിൽ 79 പേർക്ക് എൻ എച്ച് എസ് നടത്തിയ പരിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചത് എന്നാണ്. ബാക്കി 213 പേർക്ക് ഗ്രീൻ കോർ നടത്തിയ പരിശോധനയിലും രോഗം സ്ഥിരീകരിക്കപ്പെട്ടു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാൻഡ്വിച്ച് നിർമ്മാതാക്കളായ കമ്പനി, സ്വമേധയാ തൊഴിലാളികളെ പരിശോധനക്ക് വിധേയരാക്കുകയായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. പട്ടണത്തിൽ രോഗവ്യാപനം കനക്കുന്ന സാഹചര്യത്തിലായിരുന്നു കമ്പനി ഇത്തരത്തിൽ ഒരു നടപടി കൈക്കൊണ്ടത്.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ വാച്ച് ലിസ്റ്റിൽ ഉണ്ടായിരുന്ന നോർത്താംപ്ടണിൽ കഴിഞ്ഞയാഴ്‌ച്ച 85 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തൊട്ടു മുൻപത്തെ ആഴ്‌ച്ച ഇത് 66 കേസുകളായിരുന്നു. പ്രാദേശിക ലോക്ക്ഡൗൺ എല്ലായിടങ്ങളിലും ഒരുപോലെയല്ല. ലെസ്റ്റർ, ബ്ലാക്ക്‌ബേൺ, പ്രെസ്റ്റൺ, അബെർഡീൻ എന്നിവിടങ്ങളിൽ കർക്കശമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ഉള്ളത്. എന്നാൽ ഗ്രെയ്റ്റർ മാഞ്ചെസ്റ്ററിലെ വലിയൊരു ഭാഗത്തും ലങ്കാഷയറിലും ഉള്ളത് മറ്റെവിടെയും ഉള്ളതിനേക്കാൾ കൂടുതൽ കർക്കശമായ നിയന്ത്രണങ്ങളാണ്.

ലോകത്തെവിടെയും ഭക്ഷ്യ നിർമ്മാണ, ഭക്ഷ്യ സംസ്‌കരണ കമ്പനികളിൽ കോവിഡ് ബാധ ധാരാളമായി കാണുന്നുണ്ട്. തണുപ്പ്, സൂര്യപ്രകാശം ഏൽക്കാത്ത അന്തരീക്ഷം, മോശമായ ജോലി സാഹചര്യങ്ങൾ, ജീവനക്കാർ അധികവും പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നു തുടങ്ങിയവയാണ് ഇതിന് കാരണമായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്. രോഗലക്ഷണങ്ങൾ ട്രാക്ക് ചെയ്യുന്ന ആപ്പ് സെയിന്റ് ഹെലെൻസ്, ബ്ലാക്ക്പൂൾ, തറോക്ക് എന്നിവയുൾപ്പടെ ആറ് പുതിയ ഹോട്ട്സ്പോട്ടുകൾ നിർണ്ണയിച്ച ഉടനെയാണ് ഈ വാർത്ത എത്തുന്നത്.

കഴിഞ്ഞയാഴ്‌ച്ച പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പ്രഖ്യാപിച്ച ലിസ്റ്റിൽ, അപകട സാധ്യതയുള്ള മേഖലകളിൽ ഉൾപ്പെട്ടതായിരുന്നു നോർത്താംപ്ടൺ. ഏറ്റവും അധികം രോഗവ്യാപനം നടന്നയിടങ്ങൾ, അവയിലധികവും നോർത്ത് വെസ്റ്റിലാണ്, ഇന്റർവെൻഷൻ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ, രാജ്യത്തിന്റെ മറ്റേതൊരു ഭാഗത്തും ഉള്ളതിനേക്കാൾ കർക്കശമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ഉള്ളത്.എന്നാൽ നോർത്താംപ്ടൺ ഈ തലത്തിലേക്ക് എത്തിയിട്ടില്ല. ഏറ്റവും പുതിയ വിവരമനുസരിച്ച് ഇവിടെ 1 ലക്ഷം പേരിൽ 29.8 പേർക്ക് എന്നനിരക്കിലാണ് രോഗബാധയുള്ളത്. അതേ സമയം ബ്ലാക്ക്‌ബേൺ പോലെ ഏറ്റവും മോശമായ രോഗബാധയുള്ളയിടങ്ങളിൽ 1 ലക്ഷം പേരിൽ 80 പേർക്ക് എന്ന നിരക്കിലാണ് രോഗബാധ.

കോവിഡ് സിംപ്ടം ട്രാക്കെർ ആപ്പ് സ്ഥിരീകരിക്കുന്നത് ചെഷയറിലെ ഹാൾട്ടൺ ആണ് ഇംഗ്ലണ്ടിലെ പുതിയ ഹോട്ട്സ്പോട്ട് എന്നാണ്. ഈ ആപ്പിന് രൂപകല്പന ചെയ്ത കിങ്സ് കോളേജ് ലണ്ടനിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ പട്ടണത്തിലെ 0.34 ശതമാനം പേർക്ക് കോവിഡ് ബാധയുണ്ട്. 0.25 പേർക്ക് കോവിഡ് ബാധയുള്ള സെയിന്റ് ഹെലെൻ, 0.23 ശതമാനം പേർക്ക് രോഗബാധയുള്ള ബ്ലാക്ക്പൂൾ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ട്. ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് 0.21 ശതമാനമായി നാലാം സ്ഥാനത്തുള്ളപ്പോൾ അഞ്ചാം സ്ഥാനത്തുള്ള എസെക്സിലെ തറോക്കിൽ 0.2 ശതമാനം പേർ രോഗബാധിതരാണ്.

മിഡിൽസ്ബറോ, ലങ്കാഷയർ, സ്‌കോട്ട്ലാൻഡിലെ ഡംഫ്രൈസും ഗാലോവേയും എന്നീ സ്ഥലങ്ങൾ ഹോട്ട്സ്പോട്ട് ആകുവാൻ പോവുകയാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

കൊറോണ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ബ്രിട്ടൻ

രാജ്യത്തിന്റെ പലഭാഗങ്ങളിലും രോഗവ്യാപനം ശക്തിയാർജ്ജിച്ചതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുകയാണ് ബ്രിട്ടൻ. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് ആവർത്തിച്ചു പിടിയിലായാൽ 3,200 പൗണ്ട്(312790 രൂപ) വരെ പിഴയടക്കേണ്ടിവരും. പൊതുഗതാഗത സംവിധാനങ്ങളിലോ ഷോപ്പുകളിലോ മാസ്‌ക് ധരിക്കാതെ പിടിയിലായാൽ 100 പൗണ്ടാണ് പിഴ. ഇത് 15 ദിവസത്തിനുള്ളിൽ അടച്ചാൽ 50 പൗണ്ടായി കുറയും. എന്നാൽ, മാസ്‌ക് ധരിക്കാതെ രണ്ടാം തവണ പിടിയിലാവുമ്പോൾ 200 പൗണ്ടാകും പിഴ. പിന്നീട് ഓരോ തവണ പിടിയിലാകുമ്പോഴും പിഴയുടെ തുക ഇരട്ടിയായിക്കൊണ്ടിരിക്കും.

കോവിഡ് വ്യാപനം തടയുന്നതിനുള്ള കർശന നിയന്ത്രണങ്ങളുടെ ഭാഗായി, അനധികൃതമായി പാർട്ടികളോ യോഗങ്ങളോ സംഘടിപ്പിച്ചാൽ 10,000 പൗണ്ട് (977469 രൂപ)വരെ പിഴയിടേണ്ടതായി വരും. 30 ൽ അധികം ആളുകൾ പങ്കെടുക്കുന്ന ഏതൊരു പരിപാടി സംഘടിപ്പിച്ചാലും ഈ പിഴ ഒടുക്കേണ്ടതായി വരും. അതേസമയം ബൗളിങ് അലി, സ്‌കേറ്റിങ് റിങ്ക്സ്, കാസിനോ എന്നിവ തുറന്നു പ്രവർത്തിപ്പിക്കുവാൻ തന്നെയാണ് സർക്കാർ തീരുമാനം. 30 അതിഥികളിൽ പരിമിതപ്പെടുത്തി വിവാഹാഘോഷങ്ങൾക്കും സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇൻഡോർ കലാപ്രകടനങ്ങൾക്കും അനുമതിയുണ്ട്.