ബഹ്റൈൻ: പുതിയ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയിൽനിന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി നിയമന രേഖകൾ സ്വീകരിച്ചു. തുടർന്ന് ഇരുവരും ചേർന്നു നടത്തിയ ചർച്ചയിൽ ബഹ്റൈനുമായി പരസ്പര ബഹുമാനത്തിലൂടെയും സഹകരണത്തിലൂടെയും സുദൃഢമായ ബന്ധം സ്ഥാപിക്കാൻ സാധിച്ചതിൽ ഇന്ത്യക്ക് അഭിമാനമുള്ളതായി പീയൂഷ് ശ്രീവാസ്തവ വ്യക്തമാക്കി.

പുതിയ ഇന്ത്യൻ അംബാസിഡർക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. നയതന്ത്ര ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാൻ പരിശ്രമിക്കുമെന്നും ഇന്ത്യൻ സമൂഹത്തിനോട് ബഹ്റൈൻ കാണിക്കുന്ന കരുതലിനും ശ്രദ്ധയ്ക്കും നന്ദിയറിയിക്കുന്നുവെന്നും പീയൂഷ് ശ്രീവാസ്തവ പ്രസ്താവിച്ചു. ബഹ്റൈന് കൂടുതലും ഐശ്വര്യവും സമൃദ്ധിയുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കോവിഡ് 19 രോഗബാധയുടെ സമയത്ത് ഇന്ത്യൻ സമൂഹത്തിന് ബഹ്റൈൻ അധികൃതരുടെ ഭാഗത്തുനിന്ന് മികച്ച പരിചരണം നൽകുന്നതായിട്ടാണ് മനസിലാക്കുന്നത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രവാസികളോടുള്ള കരുതലിനും നന്ദിയറിയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.