ലക്‌നൗ: വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഒരാഴ്ചയ്ക്ക് ശേഷം പ്രതി പിടിയിൽ. പൊലീസ് പിടിയിലാകാതിരിക്കാൻ ആത്മഹത്യ ചെയ്‌തെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചയാളെയാണ് ഒരാഴ്ചത്തെ അന്വേഷണത്തിനൊടുവിൽ അതിസമർത്ഥമായി പൊലീസ് വലയിലാക്കിയത്. പടിഞ്ഞാറൻ യുപിയിലെ ഹാപുരിൽ ആണ് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ദൾപത് എന്നയാളായാണ് സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം പൊലീസ് പിടിയിലാകുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹാപുരിലെ ഗർ മുഖ്‌തേശ്വർ പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം വീട്ടു മുറ്റത്ത് നിന്നും കളിച്ചു കൊണ്ടിരുന്ന ആറു വയസ്സുകാരിയെ ദൾപത് ഇരുചക്ര വാഹനത്തിൽ തട്ടിക്കൊണ്ടുപേയി പീഡിപ്പിക്കുക ആയിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അടുത്ത ദിവസം രാവിലെ കുട്ടിയെ അബോധാവസ്ഥയിൽ, രക്തത്തിൽ കുളിച്ച് ഗ്രാമത്തിൽ നിന്ന് വളരെ അകലെയുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചു. മീററ്റിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കിയ കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. മാതാപിതാക്കളുടേയും അയൽക്കാരുടേയും സഹായത്തോടെ പൊലീസ് പ്രതിയുടെ രേഖാചിത്രം വരച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

താൻ ആത്മഹത്യ ചെയ്‌തെന്ന് ഉൾപ്പെടെ വരുത്തിത്തീർക്കാൻ പ്രതി ശ്രമിച്ചിരുന്നു. ഗ്രാമത്തിലെ നദിക്കരയിൽനിന്ന് ദൾപതിന്റെ വസ്ത്രവും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. പൊലീസ് ഏറ്റുമുട്ടലിൽ മരിക്കാൻ ആഗ്രഹിക്കാത്തതിനാൽ താൻ ജീവനൊടുക്കുന്നു എന്നായിരുന്നു കുറിപ്പിൽ. എന്നാൽ ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന നിഗമനത്തിൽ അയൽ ജില്ലകളിൽ ഉൾപ്പെടെ നടത്തിയ തിരച്ചിലിലാണ് ദൾപതിനെ പിടികൂടിയത്.