ന്യൂഡൽഹി: പ്രധാനമന്ത്രിയടക്കമുള്ള അതിവിശിഷ്ട വ്യക്തികൾക്ക് സഞ്ചരിക്കാനുള്ള പ്രത്യേക വിമാനം അമേരിക്കയിൽ നിന്നും ഉടൻ ഇന്ത്യയിലെത്തും. ബോയിങ് ബി-777 എന്ന വിമാനം ഏറ്റുവാങ്ങാനായി എയർ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ അമേരിക്കയിലേക്കു തിരിച്ചു. ജൂലായിൽ കൈമാറേണ്ടിയിരുന്ന വിമാനം കോവിഡ് പ്രതിസന്ധിയെ തുടർന്ന് വൈകുകയായിരുന്നു. മറ്റൊരു വിമാനം സെപ്റ്റംബറിൽ ലഭിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഈ രണ്ടു വിമാനങ്ങളിലും പ്രധാനമന്ത്രിയും അതിവിശിഷ്ട വ്യക്തികളും മാത്രമേ സഞ്ചരിക്കൂ. വ്യോമസേനയിലെ പൈലറ്റുമാരായിരിക്കും രണ്ടിലെയും വൈമാനികർ. മിസൈൽ ആക്രമണത്തെയടക്കം പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഈ വിമാനങ്ങൾ. എയർ ഇന്ത്യ വൺ എന്നു പേരുള്ള ബി 747 വിമാനത്തിലാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയുമൊക്കെ സഞ്ചാരം.