കൊച്ചി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓൺലൈൻ ക്ലാസുകൾ അയതോടെ സംസ്ഥാനത്തെ അഞ്ഞൂറോളം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. തിരുവനന്തപുരം ജില്ലയിൽ രണ്ട് സ്‌കൂളുകളും കൊല്ലം, എറണാകുളം ജില്ലകളിൽ ഓരോ സ്‌കൂളും ഇതിനോടകം അടച്ചുപൂട്ടി. കോവിഡിനെ തുടർന്ന് സ്‌കൂളുകൾ തുറക്കാതായതോടെ വിദ്യാർത്ഥികളിൽനിന്ന് ഫീസ് കിട്ടാതായതാണ് പ്രതിസന്ധിക്ക് കാരണമായത്. കഴിഞ്ഞ മാർച്ച് മുതൽ യാതൊരു വരുമാനവും ഇല്ലെന്നാണ് ഇത്തരം സ്‌കൂളുകൾ നടത്തുന്നവർ പറഞ്ഞത്. എൽ.കെ.ജി. മുതൽ എട്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

അദ്ധ്യാപകരുടെയും സമുദായ സംഘടനയുടെയും ഉടമസ്ഥതയിലുള്ളവയാണ് ഈ സ്‌കൂളുകൾ. ഇവരൊന്നും സ്‌കൂളിന്റെ പേരുകൾ പുറത്തുവിടാൻ ആഗ്രഹിക്കുന്നില്ല. സാമ്പത്തിക ബാധ്യതയടക്കമുള്ള കാര്യങ്ങൾ കണക്കിലെടുത്താണിത്. നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കാൻ പോലും ഇത്തരം സ്‌കൂളുകൾക്ക് കഴിയുന്നില്ല. മറ്റ് സ്‌കൂളുകളുടെ ഭാഗമാക്കി വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് സൗകര്യം ലഭ്യമാക്കിയിരിക്കുകയാണിപ്പോൾ. ചെറു പട്ടണങ്ങളിലും ഗ്രാമീണ മേഖലയിലും പ്രവർത്തിക്കുന്നവയാണ് പ്രതിസന്ധിയിലായ സ്‌കൂളുകളിലേറെയും. ശരാശരി 100 വിദ്യാർത്ഥികളാണ് ഇത്തരം സ്‌കൂളുകളിൽ പഠിക്കുന്നത്.

കോവിഡ് കാരണം ഈ അധ്യയന വർഷം സ്‌കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ, ഇടത്തരം സ്‌കൂളുകളിൽനിന്ന് വിദ്യാർത്ഥികൾ പൊഴിഞ്ഞുപോകുന്ന സ്ഥിതിയുണ്ടായിരുന്നു. 20 മുതൽ 30 വിദ്യാർത്ഥികൾ വരെ ഇത്തരം സ്‌കൂളുകളിൽ നിന്ന് പൊതു വിദ്യാലയങ്ങളിലേക്കും മറ്റും മാറി. ഇതോടെതന്നെ ഈ സ്‌കൂളുകൾ പ്രതിസന്ധിയിലായി. ഇടത്തരം സ്‌കൂളുകളിൽ ശരാശരി നാലു മുതൽ ആറ് അദ്ധ്യാപകർ വരെയാണ് ഉള്ളത്. ഒന്നോ രണ്ടോ ജീവനക്കാരും. ഇവരുടെ ജീവിത മാർഗവും ഇതോടെ പ്രതിസന്ധിയിലായി. വിദ്യാർത്ഥികളിൽ നിന്നും ഫീസ് കിട്ടാതായതാണ് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കിയത്.

കോവിഡ് തീർത്ത പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനാകാതെ സ്‌കൂളുകൾ പൂട്ടുന്ന സ്ഥിതിയാണുള്ളതെന്ന് ഓൾ കേരള സെൽഫ് ഫിനാൻസിങ് സ്‌കൂൾ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാമദാസ് കതിരൂർ പറഞ്ഞു. കോവിഡ്കാല പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാരിനോട് സഹായം ആവശ്യപ്പെട്ട് നാഷണൽ ഇൻഡിപെൻഡന്റ് സ്‌കൂൾസ് അലയൻസ് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നുവെന്നും രാമദാസ് പറഞ്ഞു.