തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കോവിഡ് ബാധിതർ കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ല കുറ്റൂർ സ്വദേശി മാത്യു(60), തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ബഷീർ(44) എന്നിവരാണ് മരിച്ചത്.

രണ്ടാഴ്ചയായി മാത്യു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് മറ്റ് രോഗങ്ങൾ കൂടിയുണ്ടായിരുന്നു. മൂന്നാഴ്ച മുമ്പ് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡയാലിസിസിന് മാത്യുവിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ബഷീറിന് വൃക്കസംബന്ധമായ രോഗങ്ങളുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് ബാധിതയാണ്. കഴിഞ്ഞ പത്താം തിയതി വൃക്കരോഗത്തിന് ചികിത്സ തേടിയാണ് ബഷീറും ഭാര്യയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്.

തിരിച്ചെത്തിയതിനു പിന്നാലെ ബഷീറിന് കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.