ഇറാഖ് ആക്രമിച്ചപ്പോൾ കുവൈത്തിന്റെ ആഭ്യന്തര മന്ത്രാലയത്തിലെ ഡിജിറ്റൽ രേഖകൾ ചോരാതെ സൂക്ഷിച്ച വെണ്ണിക്കുളം കോതക്കുളത്ത് ജോസ് തോമസ് (62) വിടവാങ്ങി. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കാൽ നൂറ്റാണ്ടിലേറെയായി കുവൈത്ത് ആഭ്യന്തര വിഭാഗം ചീഫ് ഡേറ്റാ ബേസ് അഡ്‌മിനിസ്‌ട്രേറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു ജോസ് തോമസ്.

ചങ്ങനാശേരി എസ് ബി കോളജിൽ നിന്നു ഗണിത ശാസ്ത്രത്തിൽ ബിരുദമെടുത്തു 1982 ജനുവരി 26നാണ് കുവൈത്തിലേക്ക് എത്തിയത്. ബന്ധു വഴി തരപ്പെടുത്തിയ വിസയിൽ കുവൈത്തിലെത്തിയപ്പോൾ വിസയിൽ പറഞ്ഞ വീട്ടിലെ ഡ്രൈവർ ജോലിക്ക് പകരം ലഭിച്ചത് ആഭ്യന്തര മന്ത്രാലയത്തിൽ ജോലി. അങ്ങനെ കംപ്യൂട്ടർ ഓപ്പറേഷൻ വിഭാഗത്തിൽ ട്രെയിനിയായും ജോലി മികവിലൂടെ രണ്ടു വർഷത്തിനകം സിസ്റ്റം പ്രോഗ്രാമറായി പ്രമോഷനും എത്തി.

1990 ഓഗസ്റ്റ് 2ന് യുദ്ധത്തിന്റെ തുടക്കം കണ്ട ഓഫീസ് മാനേജർ എല്ലാവരോടും വീടുകളിലേക്ക് തന്നെ തിരിച്ചു പോകുവാൻ ആവശ്യപ്പെട്ടു. തുടർന്ന് രണ്ടു ദിവസം കഴിഞ്ഞ് ഓഫീസിലെത്തിയ ജോസ് തോമസ് കണ്ടത് ആരുമില്ലാത്ത കമ്പ്യൂട്ടർ വിഭാഗമാണ്. ഇറാഖികൾക്ക് അതിവേഗം ഈ കമ്പ്യൂട്ടർ സംവിധാനങ്ങൾ കയ്യടക്കാൻ സാധിക്കുമെന്ന് മനസിലാക്കിയ ജോസ് തോമസ് കമ്പ്യൂട്ടറിലെ മൈക്രോകോഡുകളെല്ലം നശിപ്പിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ രഹസ്യങ്ങൾ ചോരാതെ കാത്തത്.

ഇതുവഴി, കുവൈത്തിലെ വാഹനങ്ങൾ അതിർത്തി കടത്താനാകാതെ ഇറാഖികൾ പ്രയാസത്തിലായി. തുടർന്ന് യുദ്ധ സാഹചര്യത്തിൽ പിടിച്ചു നിൽക്കാൻ സാധിക്കാതായതോടെ ഓഫിസ് മാനേജരെ വിവരങ്ങൾ എല്ലാം അറിയിച്ച് ജോസ് തോമസ് നാട്ടിലേക്കു വിമാനം കയറി. എന്നാൽ, കുവൈത്തിലെ ആഭ്യന്തര മന്ത്രാലയത്തിൽ സിസ്റ്റം പ്രോഗ്രാമറായിരുന്ന ജോസ് തോമസിനെ അന്വേഷിച്ചുകൊണ്ടുള്ള പത്രപ്പരസ്യം 1991 ജനുവരിയിൽ ഇന്ത്യയിലെ പത്രങ്ങളിൽ സ്ഥാനം പിടിച്ചു.

യുഎസിൽ ജോലി വാഗ്ദാനം ലഭിച്ചതിനെ തുടർന്ന് കുടുംബത്തെയും അവിടേക്ക് എത്തിക്കാനുള്ള രേഖകൾ ശരിപ്പെടുത്തിവരുന്നതിനിടെയാണ് പത്രപ്പരസ്യം വന്നത്. ഇറാഖ് അധിനി വേശത്തിൽനിന്നും കുവൈത്ത് മോചിതമാവുകയും ചെയ്തു. തുടർന്ന് 1991 മാർച്ച് 11നു കുവൈത്തിൽ വീണ്ടും ഔദ്യോഗികമായി പ്രവേശിച്ചു. അധിനിവേശം അവസാനിച്ച ശേഷം കുവൈത്തിൽ ഔദ്യോഗികമായി പ്രവേശിച്ച 146ാമത്തെ ആളെന്നു ജോസിന്റെ കൈവശമുള്ള രേഖ സാക്ഷ്യപ്പെടുത്തുന്നു.

വീണ്ടും കുവൈത്തിൽ തിരിച്ചെത്തിയ ആദ്യ മലയാളിയും ആദ്യ ഇന്ത്യക്കാരനുമാണ് ജോസ് തോമസ്. 1994മുതൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ചീഫ് ഡേറ്റാബേസ് അഡ്‌മിനിസ്ട്രേറ്റർ. മരണം വരെ ഈ സ്ഥാനത്ത് തുടർന്നു. കുവൈത്തിലുള്ള സ്വദേശികളും വിദേശികളുമായ 35 ലക്ഷം പേരെ സംബന്ധിച്ച വിവരങ്ങളും ജോസ് തോമസിന്റെ വിരൽത്തുമ്പിലുണ്ടായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചു. സംസ്‌കാരം പിന്നീട് നടക്കും.