മനാമ: ഇന്ത്യ ലോകത്തിനു നൽകിയ സന്ദേശം സഹിഷ്ണുതയാണെന്ന് കവിയും, പ്രമുഖ സാമൂഹ്യ നിരീക്ഷകനുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. നമ്മുടെ മണ്ണിലേക്ക് കടന്നു വന്ന മനുഷ്യ നന്മകളെയൊക്കെ നാം സ്വീകരിച്ചു. നമ്മുടെ സംസ്‌കാരത്തിന്റെ നന്മകൾ അവർക്ക് തിരികെ നൽകി. മത രാഷ്ട്ര ഭേദങ്ങൾ നമുക്ക് തടസ്സമായില്ല. അത്തരത്തിൽ പല വഴികളിലൂടെ രൂപപ്പെട്ട വൈവിദ്ധ്യങ്ങളുടെ സമ്പന്നതയാണ് ഇന്ത്യയെ നയിക്കുന്നതെന്നും രാധാകൃഷ്ണൻകുന്നം പുറം പറഞ്ഞു. എല്ലാ കാലുഷ്യങ്ങളേയും കലാപങ്ങളേയും മറികടക്കാൻ ഗാന്ധിജിയിലേക്ക് നമ്മുടെ രാജ്യം മടങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൈത്രി സോഷ്യൽ അസ്സോസിയേഷൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വതന്ത്ര ഇന്ത്യയും മതേതരത്വവും എന്ന വിഷയത്തിൽ നടന്ന ഓൺലൈൻ സെമിനാറിൽ പങ്കെടുത്തു സംസരിക്കുകയായിരുന്നു അദ്ദേഹം. മൈത്രി സോഷ്യൽ അസ്സോസിയേഷൻ പ്രസിഡന്റ് സി ബിൻ സലീമിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സിയാദ് ഏഴംകുളം ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ അലിയാർ അൽ ഖാസ്മി, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ബഷീർ അംബലായി, ബിനു ക്രിസ്റ്റി, എന്നിവർ പ്രസംഗിച്ചു.അബ്ദുൽ ബാരി സ്വാഗതവും, സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.