ജിദ്ദ: കൊറോണാ വ്യാധി ബാധിച്ച് സൗദിയിൽ കഴിഞ്ഞ വെള്ളിയാഴ്ച വരെ മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണത്തിൽ സംസ്ഥാനം അടിസ്ഥാനമാക്കിയുള്ള ക്രമത്തിൽ കേരളം ഒന്നാമത്. ഇന്ത്യൻ സമൂഹത്തിൽ നിന്ന് മരണപ്പെട്ട മൊത്തം 613 പേരിൽ മലയാളികൾ 155 ആണ്. റിയാദിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങൾ. ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സാമൂഹിക പ്രവർത്തകർ, കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങൾ, പ്രത്യേകം ക്ഷണിക്കപ്പെട്ടവർ, മാധ്യമ പ്രവർത്തകർ എന്നിവർ അടങ്ങുന്ന സദസ്സിനെ ഓൺലൈൻ വഴി അഭിസംബോധനം ചെയ്യുകയായിരുന്നു അംബാസഡർ. സൗദിയിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് ആശ്വാസം പകരുന്നതിനായി എംബസിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തി കൊണ്ടിരിക്കുന്ന നടപടികൾ അംബാസഡർ എണ്ണിയെണ്ണി വിവരിച്ചു.

മരണപ്പെട്ടവരുടെ എണ്ണത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ ഉത്തർപ്രദേശ് (126), തെലുങ്കാന (62) എന്നിവയാണ് കേരളത്തിന് ശേഷം. ബാക്കിയുള്ളവർ വിവിധ സംസ്ഥാനക്കാരാണെന്നും അംബാസഡർ വിവരിച്ചു. സൗദിയിൽ കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്നും ചോദ്യത്തിന് മറുപടിയായി അംബാസഡർ പറഞ്ഞു.

കൊറോണാ പ്രതിസന്ധിയെ തുടർന്ന് സൗദിയിൽ ദുരിതത്തിലകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി എംബസി ഏർപ്പെടുത്തിയ സംവിധാനത്തിൽ 162,000 പേർ രജിസ്റ്റർ ചെയ്തിരുന്നു. ഇവരിൽ 87,000 പേരെ ഇതിനകം നാട്ടിലെത്തിച്ചു. വന്ദേഭാരത് മിഷൻ വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളുമുൾപ്പെടെ മൊത്തം 480 സർവിസുകളിലായാണ് ഇത്രയും പേരെ നാട്ടിലെത്തിച്ചത്. മറ്റൊരു 74,674 പേരെ കൂടി ഇനിയും നാട്ടിലെത്തിക്കാനുണ്ടെന്നും അംബാസഡർ തുടർന്നു.

നാട്ടിലേയ്ക്ക് മടങ്ങിയവരിൽ 59,000 പേരും ജോലി നഷ്ടപെട്ടവരായിരുന്നു. അതേസമയം, സൗദിയിൽ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതോടെ നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചവരിൽ ഭൂരിപക്ഷം പേരും തീരുമാനം മാറ്റിയ അവസ്ഥയും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതോടൊപ്പം, താമസ രേഖയുടെ കാലാവധി കഴിഞ്ഞവർക്കും ഒളിച്ചോട്ടം (ഹുറൂബ്) കേസുകാർക്കും നാട്ടിലേക്ക് മടങ്ങാനായി എംബസി ഏർപ്പെടുത്തിയ സംവിധാനവും പ്രവാസ ദേശത്തു ദുരിതമനുഭവിച്ചിരുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് പ്രയോജനം ചെയ്തതായും അംബാസഡർ എടുത്തു പറഞ്ഞു. ഈ സംവിധാനത്തിലൂടെ 3,581 പേർക്കാണ് നാട്ടിലേയ്ക്ക് തിരിച്ചു പോകാനായി ഫൈനൽ എക്‌സിറ്റ് വിസ ലഭിച്ചത്. ഇവരിൽ 549 പേർ താമസ രേഖയുടെ കാലാവധി കഴിഞ്ഞവരും 3,032 പേർ 'ഒളിച്ചോട്ടം' മുദ്ര അടിച്ചേല്പിക്കപ്പെട്ടവരുമാണ്.

ഇന്ത്യക്കാർക്കുള്ള മറ്റൊരു ആശ്വാസ നടപടിയായി ഇന്ത്യൻ സ്‌കൂളുകളിൽ സെപ്റ്റംബർ ഒന്ന് മുതൽ തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് സ്‌കോളർഷിപ്പ് ഏർപ്പെടുത്താനുള്ള തീരുമാനവും അംബാസഡർ വിവരിച്ചു. ഫീസിളവ് സ്‌കോളർഷിപ് വഴി നടപ്പിലാക്കാനാണ് ആലോചന. സ്‌കൂൾ ഫീസ് അടക്കാൻ സാധിക്കാത്ത അർഹരായ വിദ്യാർത്ഥികൾക്കേർപ്പെടുത്തിയ സ്‌കോളർഷിപ്പ് പദ്ധതി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിരവധി രക്ഷിതാക്കൾക്ക് ഉപകരപെടുമെന്നും അംബാസഡർ പറഞ്ഞു. ഫീസിളവിന് തുല്യമായ രീതിയിലുള്ള സ്‌കോളർഷിപ്പ് പദ്ധതി തുടങ്ങാനാണ് ഉദ്യേശിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൊറോണ കാലത്ത് ഉന്നത വിദ്യാഭ്യാസത്തിനുള്ള ഓൺലൈൻ കോഴ്‌സുകളെ സംബന്ധിച്ച് പലതലങ്ങളിലുമുള്ള ആലോചനകളും ചർച്ചകളും നടക്കുകയാണെന്ന് അറിയിച്ച ഡോ. ഔസാഫ് സഈദ് മഹാമാരിക്കാലത്തും സൗദിയിലെ ഇന്ത്യൻ സ്‌കൂളുകൾ സി ബി എസ് ഇ പരീക്ഷകളിൽ കൈവരിച്ച മികച്ച വിജയം സാധ്യമാക്കിയ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അംബാസഡർ പ്രത്യേകം അഭിനന്ദിച്ചു.

ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ നിലനിൽക്കുന്ന ശക്തമായ സൗഹൃദ ബന്ധം കൂടുതൽ ആഴത്തിലും വ്യാപ്തിയിലും ആക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായും അംബാസഡർ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ നവംബറിൽ റിയാദിൽ നടക്കുന്ന ജി 20 ഉച്ചകോടിയോട് അനുബന്ധിച്ച ചർച്ചകൾ സുപ്രധാനമായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവിലെ ജി 20 കൂട്ടായ്മയുടെ അധ്യക്ഷ പദവി സൗദി അറേബ്യക്കാണ്. ഇന്ത്യ ഗ്രൂപ്പിൽ അംഗവുമാണ്.