ജിദ്ദ: രാജ്യത്തെ മുഴുവൻ സാമൂഹ്യ വിഭാഗങ്ങളും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഒറ്റക്കെട്ടായി പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ മഹിത ലക്ഷ്യങ്ങളെ ഇന്നത്തെ ഫാഷിസ്റ്റ് ഭരണകൂടം അട്ടിമറിച്ചെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. നമ്മുടെ പൂർവികരായ ധീര ദേശാഭിമാനികൾ നടത്തിയ പോരാട്ടങ്ങളിൽ യാതൊരു പങ്കും വഹിക്കാതെ ഒറ്റുകാരന്റെ പക്ഷത്ത് നിന്നവർ ഇന്ന് തീവ്ര ഹൈന്ദവ ദേശീയതയും വർഗീയതയും ആയുധമാക്കി രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് . ഇന്ത്യ എന്ന മഹത്തായ ആശയം നില നിൽക്കുന്നത് വൈവിധ്യങ്ങളിലാണ്.

മതേതരത്വം, ജനാധിപത്യം, സമത്വം, സ്വാതന്ത്ര്യം എന്നിവ തകർത്ത് ഏക ശിലാത്മക ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ് ബാബരി മസ്ജിദ് തകർത്തിടത്ത് രാമക്ഷേത്രത്തിനു പ്രധാനമന്ത്രി തന്നെ തറക്കല്ലിട്ടത്. ഭരണഘടനയെ തന്നെ മാറ്റി എഴുതി പൗരത്വത്തിന് മുസ്ലിംകൾ, അല്ലാത്തവർ എന്ന വിവേചന നിയമങ്ങൾ കെട്ടിച്ചമച്ചു രാജ്യത്തിന്റെ അസ്തിത്വത്തെ തന്നെ ഇല്ലായ്മ ചെയ്തു ബ്രാഹ്മണിക്കൽ സമഗ്രാധിപത്യം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞു പ്രതിരോധിച്ചുകൊണ്ട് സാമൂഹ്യ നീതിയിലും സഹോദര്യത്തിലുമധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ മൂല്യങ്ങൾ തിരിച്ചുപിടിക്കാൻ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രവാസി സംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. സഹീർ പി കെ ഗാനമാലപിച്ചു. നിസാർ ഇരിട്ടി, ത്വാഹാ കുറ്റൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി അശ്റഫ് പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് ഇസ്മായിൽ കല്ലായി നന്ദിയും പറഞ്ഞു.