പാലാ: സ്വാതന്ത്ര്യമെന്നത് എന്തും ചെയ്യാനുള്ള ലൈസൻസാണെന്നു കരുതുന്നത് ശരിയല്ലെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മഹാത്മാഗാഡി നാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞു നിയമങ്ങളെ പോലും വെല്ലുവിളിക്കാൻ ശ്രമിക്കുന്നത് ഉചിതമല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതും സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ്. ഇത്തരം പ്രവണതകൾ വർദ്ധിച്ചു വരുന്നത് ഗുണകമല്ലെന്നും എം എൽ എ ചൂണ്ടിക്കാട്ടി. ഓരോരുത്തരും അവരവരുടെ സ്വാതന്ത്ര്യത്തിന് അതിർവരമ്പുകൾ സ്വയം നിശ്ചയിക്കണം. നമ്മുടെ സ്വാതന്ത്ര്യം മറ്റുള്ളവരെ ദ്രോഹിക്കാൻ ഇടയാക്കാതെ നോക്കണമെന്നും മാണി സി കാപ്പൻ നിർദ്ദേശിച്ചു. സ്വാതന്ത്ര്യത്തിന്റെ അർത്ഥം മനസിലാക്കി പ്രവർത്തിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സാബു എബ്രാഹം, സുമിത കോര, ബിനു പെരുമന, അനൂപ് ചെറിയാൻ, ജസ്റ്റിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.