ഒട്ടാവാ: ഇന്ത്യയുടെ 74- മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ ഇന്ത്യയ്‌ക്കൊപ്പം കാനഡയും പങ്കുചേർന്നു. മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമമായ നയാഗ്ര ഇന്നലെ ഇന്ത്യൻ പതാകയുടെ നിറങ്ങളാൽ ദീപാലംകൃതമായി.

കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് നയാഗ്രയിൽ ത്രിവർണ്ണം തെളിഞ്ഞത്. നയാഗ്ര ഫോൾസ് ഇല്യുമിനേഷൻ ബോർഡും നയാഗ്ര പാർക്ക് കമ്മീഷനും സിറ്റി ഓഫ് ഓഫ് നയാഗ്ര ഫോൾസും സംയുക്തമായാണ് വെള്ളച്ചാട്ടത്തിൽ ത്രിവർണങ്ങൾ ഒരുക്കിയത്. മാത്രമല്ല അവിടെ ഇന്ത്യൻ പതാകയും ഉയർത്തി.

ഇൻഡോ-കാനഡ ആർട്ട്സ് കൗൺസിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ടൊറന്റോയിലെ ഇന്ത്യൻ കൗൺസിൽ ജനറൽ അപൂർവ ശ്രീവാസ്തവയാണ് പതാക ഉയർത്തിയത്. ടൊറന്റോ സിറ്റി ഹാളിലും പതാക ഉയർത്തൽ നടന്നു.

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യൻ സമൂഹത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. ഇന്ത്യയും കാനഡയും തമ്മിൽ ദീർഘവും ശക്തവും ഊർജസ്വലതയുമുള്ള ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.