വാഷിങ്ടൺ: യു.എസ് പൗരന്മാരുടെ രഹസ്യ വിവരങ്ങൾ സർക്കാർ ഏജൻസികൾ ചോർത്തുന്ന കാര്യം പുറത്തുവിട്ട എഡ്വേർഡ് സ്‌നോഡന് മാപ്പ് നൽകുന്ന കാര്യം പരിഗണനയിലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

'സ്‌നോഡന്റെ കാര്യം ഗൗരവമായി പരിഗണിക്കുകയാണ്'- എന്നാണ് ട്രംപ് പറഞ്ഞത്. സ്നോഡന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഴുവനും തനിക്കറിയില്ലെന്നും അദ്ദേഹത്തിന് മാപ്പ് നൽകുന്നതിനെ അനുകൂലിച്ചും എതിർത്തുമുള്ള വാദങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും ശനിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.

മുമ്പൊരിക്കൽ ട്രംപ് വഞ്ചകനെന്നാണ് സ്നോഡനെ വിശേഷിപ്പിച്ചത്. വധശിക്ഷയ്ക്ക് വിധിക്കേണ്ട രാജ്യദ്രോഹിയാണ് സ്നോഡനെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ സ്നോഡനോടുള്ള അദ്ദേഹത്തിന്റെ നിലപാട് ഇപ്പോൾ മാറിയെന്നാണ് പുതിയ പ്രസ്താവന സൂചിപ്പിക്കുന്നതത്.

അമേരിക്കൻ പൗരന്മാരുടെ രഹസ്യവിവരങ്ങൾ സർക്കാർ ചോർത്തുന്നുവെന്ന വിവരം എഡ്വേർഡ് സ്നോഡൻ പുറത്ത് വിട്ടത് ദേശീയ തലത്തിൽ
ചർച്ചയായിരുന്നു. പ്രിസം എന്ന പേരിൽ അറിയപ്പെട്ട രഹസ്യാന്വേഷണ പദ്ധതിയുടെ ഭാഗമായി വ്യക്തികളുടെ ഫോൺ, മെയിൽ വിവരങ്ങൾ ചോർത്തിയെടുക്കുന്നുവെന്ന വിവരമാണ് എഡ്വേർഡ് സ്‌നോഡൻ പുറത്തുവിട്ടത്.

2003 മുതൽ 2009 വരെ അമേരിക്കൻ നാഷണൽ സെക്യൂരിറ്റി ഏജൻസിയിൽ ജോലി ചെയ്തയാളാണ് അദ്ദേഹം. പൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്ന പ്രിസം പദ്ധതിയെ പൗരസ്വാതന്ത്രത്തിനു മേലുള്ള കടന്നുകയറ്റം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഈ വിവരങ്ങൾ പുറത്തുവിട്ടതിന് ശേഷം സ്നോഡൻ ഹോങ്കോങിൽ അഭയം തേടി. തുടർന്ന് അദ്ദേഹത്തിന് അഭയം നൽകാൻ റഷ്യ മുന്നോട്ട് വരികയായിരുന്നു.

2016 ൽ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്ത് സ്നോഡന് മാപ്പ് നൽകണമെന്ന ആവശ്യപ്പെട്ട് ക്യാംപെയ്ൻ നടത്തിയിരുന്നു. അന്ന് ഏകദേശം പത്ത് ലക്ഷത്തോളം പേർ സ്നോഡനെ പിന്തുണച്ചുകൊണ്ടുള്ള നിവേദനത്തിൽ ഒപ്പിട്ടിരുന്നു.