കൊറോണാ വൈറസ് വ്യാപനം വൻ തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ ന്യൂ സൗത്ത് വെയിൽസിലെ പബ്ലിക് സ്‌കൂളുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇവിടെ ഏഴു പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആറെണ്ണവും സാമൂഹിക വ്യാപനമാണ്.

രോഗവ്യാപനം ഓരോ ദിവസവും കൂടിവരുന്നതിനിടെയാണ് സംസ്ഥാനത്തെ പബ്ലിക് സ്‌കൂളുകളിൽ നിയന്ത്രണം പ്രഖ്യാപിച്ചത്. നിലവിൽ സംസ്ഥാനത്ത് സ്‌കൂൾ പഠനം സാധാരണ രീതിയിൽ തുടരുകയാണ്. സ്‌കൂളുകളിൽ രോഗബാധ കൂടുന്നതിനെത്തുടർന്നാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്തെ പബ്ലിക് സ്‌കൂളുകൾക്കാണ് ഈ നിയന്ത്രണങ്ങൾ ബാധകമാകുക.

പുതിയ നിയന്ത്രണങ്ങൾ ചുവടെ:

  • സ്‌കൂളുകളിലെ ക്വയർ, ചില സംഗീതോപകരണങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കില്ല
  • വിദ്യാർത്ഥികൾ സ്വന്തം ക്ലാസ് മുറിയിൽ തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ കുട്ടികളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കാനാണിത്
  • സ്‌കൂൾ തലത്തിലുള്ള കായിക പരിപാടികളും മറ്റും പ്രാദേശികമായി നടത്തണം. മാത്രമല്ല ഇവ സംഘടിപ്പിക്കുന്ന ഇടങ്ങളിൽ 100 പേർക്ക് മാത്രമേ അനുവാദമുള്ളൂ
  • പരിപാടികൾ കാണാൻ സ്‌കൂൾ ഗ്രൗണ്ടിലോ മറ്റ് ഇടങ്ങളിലോ രക്ഷിതാക്കളെയും കെയറർമാരെയും പ്രവേശിപ്പിക്കില്ല
  • സ്‌കൂളുകളിലെ നൃത്ത പരിപാടികൾ, ഗ്രാജുവേഷൻ, മറ്റ് സാമൂഹിക പരിപാടികൾ അനുവദിക്കില്ല

സാമൂഹിക അകലം പാലിക്കൽ, കൈ കഴുകൽ, സന്ദർശകർക്ക് അത്യാവശ്യമല്ലാത്ത കാര്യത്തിന് സ്‌കൂൾ സന്ദർശിക്കുന്നതിലുള്ള വിലക്ക് തുടങ്ങി നിലവിലുള്ള നിർദ്ദേശങ്ങൾക്ക് പുറമെയാണ് ഈ പുതിയ നിയന്ത്രണങ്ങൾ. ബുധനാഴ്ച മുതൽ നിയന്ത്രണം നടപ്പിലാക്കുമെന്ന് സർക്കാർ അറിയിച്ചു.