കോട്ടയം: കുപ്പിവെള്ളത്തിന്റെ വില കുറച്ച് നിശ്ചയിച്ച് സർക്കാർ ഉത്തരവായിട്ടും വില കൂട്ടി വിൽക്കുന്നവരിൽനിന്ന് മൂന്നുമാസത്തിനിടെ പിഴയായി ഈടാക്കിയത് 22.92 ലക്ഷം രൂപ. കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നവർക്കെതിരെ സ്വീകരിച്ച നടപടിയെകുറിച്ച് ലീഗൽ മെട്രോളജി കൺട്രോളർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചതാണ് ഇത്.

കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ചിട്ടും 20 രൂപ ഈടാക്കുന്നവർക്കെതിരേ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

വില കൂട്ടി വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 1800-425-4835 എന്ന ടോൾ ഫ്രീ നമ്പരിലോ സുതാര്യം എന്ന മൊബൈൽ ആപ്പിലോ lmd.kerala.gov.in എന്ന വെബ് സൈറ്റിലോ പരാതി നൽകാം. തിരുവാർപ്പ് സ്വദേശി മിഥുൻ കെ.യേശുദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.