ന്യൂഡൽഹി: രാജ്യാന്തര വിമാനയാത്ര നടത്തുന്നരിൽ വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയാൽ ക്വാറന്റൈൻ ഒഴിവാക്കിയേക്കും. രാജ്യാന്തര യാത്ര കഴിഞ്ഞ് ഡൽഹിയിൽ എത്തുന്നവരെ വിമാനത്താവളത്തിൽ തന്നെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയേക്കും. കോവിഡില്ലെന്നു സ്ഥിരീകരിച്ചാൽ നിർബന്ധിത സർക്കാർ ക്വാറന്റീനിൽ നിന്ന് ഒഴിവാകാം.

നിലവിലെ മാർഗരേഖ പ്രകാരം രാജ്യാന്തര യാത്ര കഴിഞ്ഞെത്തുന്നവർക്ക് 7 ദിവസം വീതം സർക്കാർ ക്വാറന്റീനും ഹോം ക്വാറന്റീനും നിർബന്ധമാണ്. അതേസമയം, പുതിയ നിർദ്ദേശം നടപ്പാകാൻ ആരോഗ്യമന്ത്രാലയത്തിന്റെ അന്തിമ അനുമതി ആവശ്യമാണ്. വിമാനത്താവളത്തിൽ ഏതു പരിശോധനാ സംവിധാനമാണ് ഒരുക്കേണ്ടതെന്നതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.

കോവിഡ് ബാധിതർ 27.5 ലക്ഷം
രാജ്യത്തു കോവിഡ് ബാധിച്ചവരുടെ എണ്ണം 27.5 ലക്ഷം കവിഞ്ഞു. ഇതിൽ 20.2 ലക്ഷം പേർക്കു പരിശോധനാഫലം നെഗറ്റീവായി; മരണം 52,800 ലേറെ. തിങ്കളാഴ്ച മാത്രം 55,079 പേർക്കു കോവിഡ് സ്ഥിരീകരിച്ചപ്പോൾ പരിശോധനാഫലം നെഗറ്റീവായത് 57,584 പേർക്ക്. മരണം 1098.