ന്യൂഡൽഹി: 13 രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങാൻ ചർച്ചകൾ നടന്നു വരികയാണെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. യാത്രാ വിമാന സർവീസുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. ചില നിയന്ത്രണങ്ങളോടെ രണ്ട് രാജ്യങ്ങൾക്കിടയിൽ യാത്രാവിമാനങ്ങൾ പറത്താനുള്ള അനുമതിക്കായാണ് ചർച്ച.

ഓസ്ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലാൻഡ്, നൈജീരിയ, ബഹ്റൈൻ, ഇസ്രയേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിങ്കപ്പൂർ, ദക്ഷിണ കൊറിയ, തായ്ലൻഡ് എന്നീ രാജ്യങ്ങളുമായാണ് ചർച്ചകൾ നടത്തുന്നത്. ഇതു കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ എന്നീ അയൽരാജ്യങ്ങളുമായും ചർച്ചകൾ നടക്കുന്നതായി മന്ത്രി അറിയിച്ചു.

യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി, യുഎഇ, ഖത്തർ, മാലിദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം വിമാന സർവീസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 23ന് കോവിഡ് വ്യാപനത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചത്.