മൂത്തവർ ചൊല്ലും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നു പറയുന്നത് വെറുതെയല്ല. നമ്മുടെ പൂർവ്വികർ ചിട്ടപ്പെടുത്തിയെടുത്ത ജീവിതശൈലിയോടുംഅവർ നമ്മളോട് പങ്കുവച്ച നാട്ടറിവുകളോടും നമുക്ക് എന്നും പുച്ഛം മാത്രമായിരുന്നു. സായിപ്പ് പറയാത്തതൊന്നും സത്യമല്ലെന്ന് ചിന്തിക്കാൻ നമ്മുടെ അപകർഷതാ ബോധവും ഒരു കാരണമായിരുന്നു. അത്തരം ഒരു അപകർഷതാ ബോധം നമ്മളിൽ നിലനിർത്താൻ പാകത്തിലായിരുന്നല്ലോ ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷുകാർ രൂപകല്പന ചെയ്തതും.

ചുമക്കും തൊണ്ടയിലെ ചൊറിച്ചിലിനും, ജലദോഷത്തിനും മറ്റും പണ്ടേ മുതൽ നാട്ടുവൈദ്യന്മാർ നിർദ്ദേശിക്കുന്ന മരുന്നാണ് തേൻ. പക്ഷെ, സായിപ്പ് പറയാത്തതുകൊണ്ട് നമുക്ക് അതിനോട് യോജിക്കാനായില്ല. ഇപ്പോളിത പശ്ചാത്യ ഗവേഷകരും പറയുന്നു ഈ രോഗങ്ങളുടെ ചികിത്സയ്ക്ക് ആന്റിബയോട്ടിക്കുകളേക്കാൾ ഫലപ്രദം തേൻ തന്നെയാണെന്ന്. ഈ രോഗങ്ങളുമായി എത്തുന്ന രോഗികൾക്ക് ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കാതെ, ഓരോ സ്പൂൺ തേൻ കഴിക്കാൻ നിർദ്ദേശിക്കണമെന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഡോക്ടർമാരോട് പറയുന്നത്.

ആന്റിബയോട്ടിക്കുകൾ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ഉയർത്തി പാർശ്വഫലം സൃഷ്ടിച്ചേക്കാം എന്നാൽ തേൻ അത് ഉണ്ടാക്കുന്നില്ല. മാത്രമല്ല, ഇത്തരം അസുഖങ്ങൾക്കായി സാധാരണ ഡോക്ടർമാർ നിർദ്ദേശിക്കാറുള്ള കഫ് സ്പ്രസന്റ്സ്, ആന്റിഹിസ്റ്റമൈനുകൾ, വേദന സംഹാരികൾ എന്നിവയുമായി തേനിനെ താരതമ്യം ചെയ്തപ്പോൾ ചുമ ജലദോഷം എന്നിവ ഉൾപ്പെടുന്ന അപ്പർ റെസ്പിരേറ്ററി ട്രാക്റ്റ് ഇൻഫെക്ഷൻ ലക്ഷണങ്ങളെ ചികിത്സിക്കാൻ തേനാണ് ഉത്തമം എന്നും തെളിഞ്ഞു.

മൊത്തത്തിൽ, ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന മറ്റു മരുന്നുകളേക്കാൾ ചുമ ജലദോഷം, തൊണ്ടയിലെ അണുബാധ, തൊണ്ടയടപ്പ് എന്നിവക്ക് കൂടുതൽ ഫലപ്രദമാണ് തേൻ എന്ന് ഈ പഠനത്തിലൂടെ കണ്ടെത്തിയതായി ഗവേഷകർ അറിയിച്ചു. സാധാരണ മരുന്നുകളെക്കാൾ ചുമയുടെ ആവൃത്തി 36 ശതമാനം കൂടുതൽ കുറയ്ക്കാൻ തേനിനായപ്പോൾ, ചുമയുടെ കാഠിന്യം 44 ശതമാനം കൂടുതൽ കുറയ്ക്കാനായി. മാത്രമല്ല, ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ നിന്നും മുക്തി കൈവരിക്കാൻ തേൻ എടുക്കുന്ന സമയവും കുറവാണെന്ന് കണ്ടെത്തി.

ദേവങ്ങളുടെ അമൃത് എന്നറിയപ്പെടുന്ന തേൻ വിപണിയിൽ സുലഭമാണ്. മാത്രമല്ല, താരതമ്യേന വില കുറഞ്ഞതുമാണ്. പാർശ്വഫലങ്ങൾ ഒട്ടില്ലതാനും. തേനിന്റെ ഉപയോഗം പ്രോത്സാഹിപ്പിച്ചാൽ ആന്റിബയോട്ടിക്കുകൾ ക്രമാതീതമായി ഉപയോഗിക്കുന്നതും നിർദ്ദേശിക്കുന്നതും ഇല്ലാതെയാക്കാൻ ആകുമെന്നും ഗവേഷകർ പറയുന്നു. ഒട്ടുമിക്ക ചുമയും ജലദോഷവും വൈറസ് കാരണമാണ് ഉണ്ടാകുന്നതെങ്കിലും ഡോക്ടർമാർ അവയ്ക്ക് ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്നതിൽ ഗവേഷകർ അദ്ഭുതവും രേഖപ്പെടുത്തി.

സമാനമായ മറ്റൊരു ചികിത്സാ രീതി ഇല്ലാത്തതും, ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം കാത്തുസൂക്ഷിക്കേണ്ടത് ആവശ്യമായതിനാലുമാണ്ആന്റിബയോട്ടിക്കുകൾ കൂടുതലായി നിർദ്ദേശിക്കപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ തേനിന്റെ മൂല്യം കണ്ടെത്തിയത് അതീവ പ്രാധാന്യമുള്ള ഒരു കാര്യമാണെന്നാണ് ഗവേഷകർ പറയുന്നത്.

ഒരു വയസ്സിൽ താഴെയുള്ളവർ, അലർജി ഉള്ളവർ എന്നിവരൊഴിച്ച് മറ്റാർക്കും ഉപയോഗിക്കാവുന്ന സാധനമാൺ! തേൻ. ദീർഘകാലമായി ഗൃഹവൈദ്യത്തിന്റെ ഭാഗമായി നിലനിൽക്കുന്ന തേൻ വില കുറഞ്ഞതും എളുപ്പത്തിൽ ലഭിക്കാവുന്നതുമാണ്. ഇതിന് പാർശ്വഫലങ്ങൾ തീരെയില്ല എന്നു മാത്രമല്ല, ആരോഗ്യത്തെ യാതൊരു വിധത്തിലും വിപരീതമായി ബാധിക്കുകയുമില്ല.

അതിനാൽ, അപ്പർ റെസ്പിരേറ്ററി ട്രാക്ട് ഇൻഫെക്ഷൻ ലക്ഷണങ്ങളുമായെത്തുന്ന രോഗികൾക്ക് ഞങ്ങൾ മരുന്നായി തേൻ നിർദ്ദേശിക്കുന്നു എന്നു പറഞ്ഞാണ് 2000 ത്തോളം രോഗികളിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് അവസാനിക്കുന്നത്.