ദോഹ: ഖത്തറിൽ സ്വദേശിവൽക്കരണം ഊർജ്ജിതമാകുകയാണ്. രാജ്യത്തെ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പദ്ധതികളും ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയം ആവിഷ്‌കരിക്കുന്നുണ്ട്. ഇതിനായി നാഷനൽ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം എന്ന തലത്തിലുള്ള ഓൺലൈൻ പോർട്ടലിന് അടുത്തയാഴ്ച തുടക്കം കുറിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 'കവാദിർ' എന്നാണ് നാഷനൽ എംപ്ലോയ്‌മെന്റ്്് പ്ലാറ്റ്‌ഫോമിന് മന്ത്രാലയം പേര് നിർദേശിച്ചിരിക്കുന്നത്.

ഓൺലൈൻ പോർട്ടലിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ഈ ആഴ്ചയിലോ വരുന്ന ആഴ്ചയിലോ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ മന്ത്രാലയം പദ്ധതി നേരത്തേ തയ്യാറാക്കിയിരുന്നു. ഇതിന്റെ അന്തിമവിവരങ്ങൾ ക്രോഡീകരിക്കുകയാണ്.

പോർട്ടലിൽ സർക്കാർ സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങൾ പ്രസിദ്ധീകരിക്കും. തൊഴിൽ തേടുന്ന സ്വദേശികൾക്ക് തങ്ങളുടെ യോഗ്യതകൾക്കും പരിചയത്തിനും അനുസരിച്ച് തൊഴിൽ തിരഞ്ഞെടുക്കാനുള്ള മാർഗങ്ങളും പോർട്ടലിൽ സജ്ജമാക്കുന്നുണ്ട്. തൊഴിലുടമകൾക്കും ഉദ്യോഗാർഥിക്കും പരസ്പരം ആശയവിനിമയം നടത്താനുള്ള സൗകര്യവും ഇതിൽ ഒരുക്കും. പോർട്ടൽ യാഥാർഥ്യമാകുന്നതോടെ രാജ്യത്ത് സ്വദേശിവത്കരണ നടപടികൾ വേഗത്തിലാകുമെന്നാണ് കരുതുന്നത്.